2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കേന്ദ്രതീരുമാനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവും

വി.എം. സുധീരന്‍

 

 

പ്രളയം കേരളത്തിലുണ്ടാക്കിയ കെടുതി അതിഭീകരമാണ്. അന്തിമവിലയിരുത്തലില്‍ സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ കണക്കാക്കിയ 20,000 കോടി രൂപയില്‍ ഒതുങ്ങില്ല. ജനജീവിതം സാധാരണനിലയിലാക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അപര്യാപ്തമാണ്. നാമെല്ലാം ആഗ്രഹിക്കുന്നപോലെ പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ വേണ്ടിവരുന്ന മനുഷ്യാധ്വാനവും സാമ്പത്തികബാധ്യതയും എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരിക്കും.
ഈ പ്രതിസന്ധിഘട്ടത്തില്‍ കേരളത്തിന്റെ സമ്പൂര്‍ണ ദുരിതാശ്വാസ, പുനരധിവാസ പാക്കേജിനുള്ള മുഴുവന്‍ ചെലവും വഹിക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്രആഭ്യന്തര മന്ത്രിയുടെയും സന്ദര്‍ശനം ആശ്വാസകരം തന്നെ.
എന്നാല്‍, അവര്‍ പ്രഖ്യാപിച്ച താല്‍ക്കാലികാശ്വാസം കേരളത്തിന്റെ ബാധ്യതയുടെ ചെറിയൊരംശം പോലുമാകുന്നില്ല. സകലസാങ്കേതിക തടസ്സങ്ങളും മാറ്റിവച്ചു ദുരിതാശ്വാസ മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ രക്ഷയ്ക്കു കേന്ദ്രമെത്തിയേ തീരൂ.
സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാനുള്ള മഹാദൗത്യമേറ്റെടുക്കാന്‍ കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളും ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സന്‍മനസ്സോടെയുള്ള സഹായ വാഗ്ദാനം ഈ ഘട്ടത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ്. അതു മുട്ടുന്യായം പറഞ്ഞു വേണ്ടെന്നു വയ്ക്കുന്നതു നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്.
വ്യക്തിയായാലും രാജ്യമായാലും ആപത്തു കാലത്തു സഹായിക്കുന്നവനാണു യഥാര്‍ത്ഥ സ്‌നേഹിതന്‍. കേരളവുമായി വൈകാരിക ബന്ധമുള്ള യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വേണ്ടെന്നു വയ്ക്കുന്നത് അവരുടെ സന്മനസ്സിനെ അപമാനിക്കലാണ്.
വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച തീരുമാനം യു.പി.എ സര്‍ക്കാര്‍ തിരുത്തിയതായി അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് 2005 ജൂണ്‍ മൂന്നിനു സുനാമിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ്. ഇനിയു ആ നയത്തില്‍ പോരായ്മകളുണ്ടെങ്കില്‍, എ.കെ ആന്റണി പറഞ്ഞപോലെ, പൊളിച്ചെഴുതാവുന്നതേയുള്ളൂ.
അതതു കാലത്തെ രാജ്യതാല്‍പ്പര്യവും ജനങ്ങളുടെ ആവശ്യവും മുന്‍നിര്‍ത്തി നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുകയെന്നത് ജനാധിപത്യ ഭരണകൂടത്തിന്റെ കടമയാണ്.
മോദി അധികാരത്തില്‍ വന്ന ശേഷം 2016 ല്‍ തയാറാക്കിയ ദേശീയ ദുരന്തനിവാരണ പദ്ധതി പ്രകാരം വിദേശസഹായം സ്വീകരിക്കാന്‍ തടസ്സമില്ല. ഏതെങ്കിലും രാജ്യം ഇങ്ങോട്ടു സഹായം വാഗ്ദാനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിനു സ്വീകരിക്കാമെന്നാണു വ്യവസ്ഥ.
സര്‍വരാജ്യങ്ങളില്‍നിന്നും യു.എന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനു നടപടി സ്വീകരിക്കണം. എത്ര സഹായം ലഭിച്ചാലും പോരാതെ വരുന്ന സന്ദര്‍ഭമാണിത്. ആ ഇത്തരമൊരു തെറ്റായ നടപടി പൊളിച്ചെഴുതിയേ മതിയാകൂ.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നമ്മുടെ എംപിമാരും സമസ്ത രാഷ്ട്രീയനേതൃത്വവും മഹാദുരന്തം നേരിടുന്നതില്‍ പ്രകടിപ്പിച്ച ഒരുമയോടെ കേരളത്തിന്റെ ശക്തമായ വികാരം കേന്ദ്രത്തെ അറിയിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.