2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

എന്ത് കൊണ്ട് കെ.സി വേണുഗോപാല്‍!; രാഹുല്‍ ഗാന്ധി വിശ്വസ്തനെ കൂടുതല്‍ ചേര്‍ത്തു പിടിക്കുമ്പോള്‍

#യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: കെ.സി വേണുഗോപാല്‍ എം.പി എന്തുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറുന്നു. രാഹുല്‍ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ എ.ഐ.സി.സിയില്‍ ഉണ്ടായ ഓരോ അഴിച്ചുപണിയിലും കെ.സി വേണുഗോപാലിന്റെ ഗ്രാഫ് മുകളിലേക്കാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി. പ്രവര്‍ത്തക സമിതി അംഗമായി. ദാ ഇപ്പോ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ജനറല്‍ സെക്രട്ടറിയാക്കി ഉത്തര്‍പ്രദേശിലേക്ക് നിയോഗിക്കുമ്പോള്‍ സംഘടനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാല്‍ മാറിയിരിക്കുന്നു.

വേണുഗോപാലിന്റെ രാഷ്ട്രീയ ഗ്രാഫിലെ ഈ വളര്‍ച്ച സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ദഹിക്കുന്നതല്ല. യുവത്വത്തിന്റെ പ്രസരിപ്പും തന്ത്രജ്ഞതയും പ്രവര്‍ത്തന മികവും തന്നെയാണ് കെ.സിയെ രാഹുലിന്റെ പ്രിയപ്പെട്ടവനാക്കിയത് എന്നതില്‍ സംശയമില്ല. ഗോവയിലേക്കായിരുന്നു ആദ്യ ദൗത്യം. അവിടെ ദിഗ് വിജയ സിങിന്റെ സഹായി മാത്രമായിരുന്നു. എന്നാല്‍, ഗോവയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള ദൂരത്തില്‍ കെ.സി സ്വതന്ത്രനാക്കപ്പെട്ടു. കെ.സിയുടെ വാക്കുകളും തന്ത്രങ്ങളും നഷ്ടപ്പെട്ടു പോകുമായിരുന്ന സംസ്ഥാന ഭരണം കോണ്‍ഗ്രസിന് തിരികെ നല്‍കി. സംഖ്യ സര്‍ക്കാര്‍ ഓരോ പ്രതിസന്ധികള്‍ നേരിടുമ്പോഴും കെ.സി വേണുഗോപാല്‍ തന്ത്രങ്ങളൊരുക്കി അതിനെയെല്ലാം അതിജീവിപ്പിച്ചു. ഓപ്പറേഷന്‍ താമര വീണ്ടും ഞെട്ടറ്റു വീണത് കെ.സിയുടെ ഇടപെടലുകള്‍ തന്നെയായിരുന്നു. രാജസ്താനില്‍ ഭരണം ഉറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കിയതും കെ.സി വേണുഗോപാല്‍ തന്നെയായിരുന്നു.

മോദി ഭരണത്തെ വീഴ്ത്താന്‍ പോരിനിറങ്ങുമ്പോള്‍ എ.ഐ.സി.സിയില്‍ സംഘടന ചുമതല വഹിക്കാന്‍ വിശ്വസ്തന്‍ വേണമെന്നത് രാഹുല്‍ ഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നു. മുതിര്‍ന്ന ഒട്ടേറെ നേതാക്കള്‍ മുന്നില്‍ നില്‍ക്കേ രാഹുല്‍ കണ്ടെത്തിയത് കെ.സി വേണുഗോപാലിനെ. ഒരിക്കലും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ സ്ഥാനാരോഹണം ദഹിക്കുന്നതല്ല. പക്ഷെ, രാഹുലിന്റെ വിശ്വസ്തന്‍ എ.ഐ.സി.സി ആസ്ഥാനത്തെ രണ്ടാമനായി മാറുകയാണ്. ലീഡറിന് ശേഷം കണ്ണൂരില്‍ നിന്നും ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.സി വേണുഗോപാല്‍ കിംഗ് മേക്കറായി മാറി എന്നതാണ് ഈ സ്ഥാനാരോഹണം തെളിയിക്കുന്നത്.

രാഷ്ട്രീയ വളര്‍ച്ചയുടെ ഓരോഘട്ടങ്ങളിലും പ്രവര്‍ത്തന മികവ് തന്നെയാണ് കെ.സി വേണുഗോപാലിന് തുണയായത്. കണ്ണൂരില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് ലീഡറുടെ കൈപിടിച്ചാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായി വേണുഗോപാല്‍ മികവ് തെളിയിച്ചു. ആലപ്പുഴ മണ്ഡലത്തെ രണ്ടു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചു. സംസ്ഥാന ടൂറിസം ദേവസ്വം മന്ത്രിയായി.

2009ല്‍ ആദ്യമായി ലോകസഭാംഗമായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വ്യോമയാന സഹമന്ത്രിയും പിന്നീട് ഊര്‍ജ സഹമന്ത്രിയുടെ ചുമതലയും നിര്‍വഹിച്ചു. 2014 ലും ആലപ്പുഴയില്‍ നിന്നും വിജയിച്ച കെ.സി ലോകസഭയിലേക്ക് മൂന്നാം അങ്കത്തിനുള്ള ഒരുക്കത്തിലാണ്. 2017 ഏപ്രിലില്‍ ആണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാവുന്നത്. കര്‍ണാടകയുടെ ചുമതലക്കാരനായി. പ്രവര്‍ത്തക സമിതി അംഗമായി. ഒടുവില്‍ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും ഒടുവില്‍ നിയോഗിക്കപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.