
സുപ്രിം കോടതിയുടെ ഇടപെടല്‍ കാവേരി നദീജല പ്രശ്നത്തെ വീണ്ടും സജീവ രാഷ്ട്രീയ ചര്‍ച്ചക്ക് വേദിയാക്കിയിരിക്കുന്നു. കര്‍ണാടകയില്‍ കന്നട രക്ഷണവേദികയും തമിഴ്നാട്ടില്‍ ദ്രാവിഡ കക്ഷികളും കാവേരി പ്രശ്നം തെരുവിലെത്തിക്കാനുള്ള ആളൊരുക്കത്തിലാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി രംഗത്തുവന്ന രജനിക്കും കമലഹാസനും കാറ്ററിഞ്ഞ് പാറ്റാനുള്ള അവസരവുമാണിത്. മുന്നൊരുക്കത്തില്‍ ഇരുവരും ഒരുപടി മുന്നിലുമാണ്. തമിഴ് രാഷ്ട്രീയം സമം സിനിമ എന്നതാണ് ഈ ദ്രാവിഡനാടിന്റെ ഭാഗദേയം. എം.ജി ആറില്‍ തുടങ്ങിയ ആ പരകായ പ്രവേശം ഇന്നെത്തിനില്‍ക്കുന്നത് രജനിയിലും കമലഹാസനിലുമാണ്. ജയലളിതക്കിപ്പുറം ഇച്ഛാശക്തിയുള്ള ഒരു നേതാവിന്റെ അഭാവം ചുവടു തെറ്റുന്ന ദ്രാവിഡ കക്ഷികളെയും, ചുവടുറപ്പിക്കുന്ന സിനിമാ താരങ്ങളെയുമാണ് കാണിക്കുന്നത്. കാവേരി പ്രശ്നത്തില്‍ തമിഴ് ചലച്ചിത്ര മേഖലയുടെ പ്രതിഷേധകൂട്ടായ്മയും മറ്റൊന്നല്ല.
വെള്ളത്തിന്റെ വില നല്ലവണ്ണം അറിയുന്ന സംസ്ഥാനങ്ങളാണ് കര്‍ണാടകയും തമിഴ്നാടും. അതുകൊണ്ടുതന്നെ ഇരു സംസ്ഥാനങ്ങള്‍ക്കും കാവേരി എന്നും രാഷ്ട്രീയ അജന്ഡയാകാറുമുണ്ട്. കാവേരി നദീജല പ്രശ്നം സംബന്ധിച്ച് ട്രൈബ്യൂണല്‍ ഉള്‍പ്പടെയുള്ള കോടതിവിധികള്‍ വരുന്ന സമയത്തെല്ലാം ഇത് പതിവായിരുന്നു. കഴിഞ്ഞ തവണ സുപ്രിം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പ്രാദേശിക-വംശീയ കലാപത്തോളമാണ് ചെന്നെത്തിയത്. ബംഗളൂരു നഗരത്തിലും മറ്റുമുള്ള തമിഴ് വംശജരുടെ കടകമ്പോളങ്ങള്‍ വ്യാപകമായ തോതിലാണ് അക്രമത്തിനും കൊള്ളിവയ്പിനും ഇരയായത്. കത്തിനശിച്ച നിരവധി വാഹനങ്ങളുള്‍പ്പടെ നാശനഷ്ടം കോടികളുടേതായിരുന്നു. കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വേദി മാറ്റുന്നിടത്തു വരെ സ്ഥിതിഗതികള്‍ ചെന്നെത്തി നില്ക്കുന്നു. മത്സരവേദിയില്‍ പ്രതിഷേധിക്കാനുള്ള രജനിയുടെ ആഹ്വാനമാണ് പ്രശ്നത്തിന് വഴിമരുന്നായത്.
കുടക്-ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ പൂപുഹാര് അഴിമുഖത്തില്‍ ഒഴുകിയെത്തുന്ന കാവേരി 802 കിലോമീറ്റര്‍ നീളമുള്ള അന്തര്‍ സംസ്ഥാന നദിയാണ്. 87,906 ച.കിലോമീറ്ററാണതിന്റെ നീര്‍വാര്‍ച്ചാ പ്രദേശം.വൃഷ്ടി പ്രദേശത്തിന്റെ 42.2 ശതമാനം കര്‍ണാടകത്തിലും,54.3 ശതമാനം തമിഴ്നാട്ടിലും, 3.5 ശതമാനം കേരളത്തിലുമാണ്. ഒരുവര്‍ഷം കാവേരിയിലൂടെ ഒഴുകുന്ന 790 ടി.എം.സി ജലത്തിന്റെ 14 ശതമാനം കേരളത്തില്‍ നിന്നും,53.8 ശതമാനം കര്‍ണാടകയില്‍നിന്നും 31.9 ശതമാനം തമിഴ്നാട്ടില്‍ നിന്നും സ്വരൂപിക്കുന്നു. നാമനാത്രമാണ് പോണ്ടിച്ചേരിയുടെ വിഹിതം. 2007ലെ കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിപ്രകാരം 419 ടി.എം.സി ജലം തമിഴ്നാടിനും, 270 ടി.എം.സി കര്‍ണാടകത്തിലും, 30 ടി.എം.സി കേരളത്തിനും അവകാശപ്പെട്ടതാണ്. നദീതടത്തിലെ നീരൊഴുക്ക് ഉറപ്പു വരുത്തുന്നതിനും കടലിലേക്ക് ഒഴുകിയെത്താനും 14 ടി.എം.സി ജലം ട്രൈബ്യൂണല്‍ മാറ്റി വച്ചിട്ടുണ്ട്. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് ലഭിക്കുന്ന 30 ടി.എം.സിയില്‍ 21 ടി.എം.സി കബനീതടത്തിലും, ആറ് ടി.എം.സി ഭവാനിപ്പുഴയുടെ തീരങ്ങളിലും, 3ടി.എം.സി പമ്പാര്‍ തടത്തിലും ഉപയോഗപ്പെടുത്താമെന്നാണ്.
തെന്നിന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലൂടെയും പോണ്ടിച്ചേരിയുടെയും ദാഹം തീര്‍ത്തൊഴുകുന്ന കാവേരിയുടെ ചരിത്രം തീരാ വ്യവഹാരങ്ങളുടെതാണ്. ചോളരാജാക്കന്മാര് കാവേരിക്കു കുറുകെ അണകെട്ടുന്നതോടെ തുടങ്ങുന്നു ഈ തര്‍ക്കം. കാവേരി ജലം ഉപയോഗിച്ച് തഞ്ചാവൂരിനെ തമിഴ്നാടിന്റെ നെല്ലറയാക്കിയത് ചോളരാജാക്കന്മാരായിരുന്നു. തലക്കാട് ഭരിച്ച ഗംഗന്മാര്, ബോലൂരിലെ ഹൊയ്സാലര്‍, ഹൈദരലി-ടിപ്പുസുല്‍ത്താന്‍, മൈസൂരിലെ വൊഡയാര്‍ രാജാക്കന്മാര്, കൊടകിലെ പ്രഭുക്കള്‍, തഞ്ചാവൂരിലെ ചോളര്‍, മറാത്താ രാജാക്കന്മാര് മധുരയിലെ പാണ്ഡ്യര്‍, നായ്ക്കര്‍ എന്നിവരെല്ലാമായിരുന്നു ഒരുകാലത്ത് കാവേരി നദീതടത്തിന്റെ അധിപന്മാര്. കാവേരിയില്‍ ഇന്നു കാണുന്ന പല ജലസേചന പദ്ധതികളും ഈ രാജാക്കന്മാരുടെ കാലത്ത് രൂപം കൊണ്ടവയാണ്.
19-ാം നൂറ്റാണ്ടില്‍ കാവേരി ജലസേചന പദ്ധതികള്‍ക്ക് മൈസൂര്‍ സംസ്ഥാനം തുടക്കമിട്ടതോടെയാണ് പുതിയ കാലത്തെ തര്‍ക്കത്തിന്റെ ഉത്ഭവം. ഇതേതുടര്‍ന്ന് 1892ല്‍ മദിരാശിയും മൈസൂരും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു. പിന്നീട് വന്‍ പദ്ധതികള്‍ക്കായി 1924ല്‍ മറ്റൊരു കരാറും ഒപ്പിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൈസൂര്‍ സര്‍ക്കാര്‍ 44 827 ടി.എം.സി അടിശേഷിയുള്ള കൃഷ്ണരാജസാഗര്‍ അണക്കെട്ടും, മദിരാശി സര്‍ക്കാര്‍ 93.5 ടി.എം.സി അടി ശേഷിയുള്ള മേട്ടൂര്‍ അണക്കെട്ടും നിര്‍മിച്ചത്. മൈസൂരില്‍ 2,35000 ഏക്കര്‍ ആയക്കെട്ടിലും, മദിരാശിയില്‍ 3,01000 ഏക്കര്‍ ആയക്കെട്ടിലുമാണ് 1924ലെ കരാര്‍ പ്രകാരം ജലസേചനം ലഭ്യമായത്. 50 വര്‍ഷത്തിന് ശേഷം പുനരവലോകനത്തിന് കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 1956ല്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണത്തോടെ കാവേരി കരാര്‍ പുതുക്കണമെന്ന ആവശ്യമുയര്‍ന്നു. ഇതിനിടയില്‍ 1958-68 കാലഘട്ടത്തില്‍ കര്‍ണാടക നാലു ജലസംഭരണികളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഹംഗി, പബനി, ഹേമാവതി, സുവര്‍ണവതി എന്നിവയാണ് ഈ അണക്കെട്ടുകള്‍. 59.1 ടി.എം.സി അടിയാണ് സംഭരണശേഷി. 13.25 ലക്ഷം ഏക്കര്‍ പ്രദേശത്ത് ജലസേചനം ലക്ഷ്യമിട്ട് നിര്മിച്ചതായിരുന്നിവ. അണക്കെട്ടുകളുടെ നിര്‍മാണത്തെ തമിഴ്നാട് എതിര്‍ത്തിരുന്നു.
തുടര്‍ന്ന് 1968ല്‍ അന്നത്തെ തമിഴ്നാട് പൊതുമരാമന്ത് മന്ത്രി എം കരുണാനിധി കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീല്‍, കേന്ദ്രജലവിഭവമന്ത്രി ഡോ.കെ,എല്‍ റാവു എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1969 ഏപ്രില്‍ 16ന് തമിഴ്നാട് പ്രധാനമന്ത്രിക്ക് കത്ത് നല്കി. 1924ലെ കരാര്‍ പാലിക്കണമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിനു ശേഷം നടത്തിയ ചര്‍ച്ചയും ഫലം കാണാതായതോടെ തര്‍ക്കം ട്രൈബ്യൂണലിന് വിടണമെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരിയില്‍ തമിഴ്നാട് കേന്ദ്രത്തെ സമീപിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം നടത്തിയ ചര്‍ച്ചകളില്‍ കേരളത്തെയും ക്ഷണിച്ചിരുന്നു. 1970 ഏപ്രിലില്‍ നടന്ന ചര്‍ച്ചയില്‍ കേരള മുഖ്യമന്ത്രിയും പങ്കെടുത്തു. 1971ല്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഒ.എസ് 1 71 നമ്പരിലായിരുന്നു ഹരജി. ഇതിനു പുറകെ ഒ.എസ് 2 71 എന്ന നമ്പരില്‍ കേരളവും ഹരജി നല്കി. 1972 മെയ് 29ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം കേരളം, തമിഴ്നാട് കര്‍ണാടക മുഖ്യമന്ത്രിമാരുടെയോഗം കേന്ദ്ര ജലവിഭവ മന്ത്രി വിളിച്ചുകൂട്ടി പദ്ധതി പരിശോധനാ കമ്മിറ്റിയെ നിയോഗിച്ചു. 1973 ഓഗസ്റ്റ് നാലിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ തമിഴ്നാട് റിപ്പോര്‍ട്ട് നിരാകരിച്ചു.
1976 ഓഗസ്റ്റ് 27ന് കേന്ദ്ര കൃഷി-ജലസേചന മന്ത്രി ജഗ് ജീവന്റാം കാവേരി ജലം പങ്കിടലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. ആ സമയം തമിഴ്നാട് രാഷ്ട്രപതി ഭരണത്തിലായിരുന്നു. 489 ടി.എം.സി തമിഴ്നാടിനും, 177 ടി.എം.സി കര്‍ണാടകത്തിനും അഞ്ച് ടി.എം.സി കേരളത്തിനുമായി വെള്ളം പങ്കിടാനായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ തമിഴ്നാടും കര്‍ണാടകയും നിര്‍ദേശം അംഗീകരിച്ചില്ല.
1990 ജൂണ്‍ രണ്ടിലെ അസാധാരണ ഗസറ്റ് വിഞ്ജാപന പ്രകാരമാണ് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജി ചെയര്‍മാനായി കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ നിയമിക്കപ്പെടുന്നത്. 1983ല്‍ തമിഴ്നാട് കാവേരി നീര്‍പാസന വെലൈപൊരുള്കള് വ്യവസായികള്‍, നലഉരുമൈ പാതുകാപ്പ് സംഘം നല്കിയ ഹര്‍ജിയിലെ സുപ്രിംകോടതി വിധിയനുസരിച്ചായിരുന്നു ട്രൈബ്യൂണലിന്റെ നിയമനം. ഈ വ്യവഹാരങ്ങളുടെ അവസാന തീര്‍പ്പിനാണ് ഇപ്പോഴുള്ള സുപ്രിം കോടതിയുടെ ഇടപെടല്‍.
കേരളവും കാവേരിയും
കാവേരിയുടെ 2866 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വൃഷ്ടി പ്രദേശം. കബനി, ഭവാനി, പമ്പാര്‍ എന്നിവയാണ് കേരളത്തിലെ കാവേരിയുടെ പോഷകനദികള്‍ കബനിയില്‍ നിന്ന് 97 ടി.എം.സിയും, ഭവാനിയില്‍ നിന്ന് 35 ടി.എം.സിയും , പമ്പാറില്‍ നിന്ന് 15 ടി.എം.സിയും വെള്ളമാണ് കാവേരിയിലെത്തുന്നത്. 147 ടി.എം.സിയാണ് കേരളത്തിന്റെ സംഭാവനയെങ്കിലും ഇത് കാവേരിയുടെ ആകെ ജലത്തിന്റെ 20 ശതമാനം വരും.
ഇതനുസരിച്ച് 99.8 ടി.എം.സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്. എന്നാല്‍ അതുപ്രകാരമുള്ള വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. കേരളം സമര്‍പ്പിച്ച വൈദ്യുത പദ്ധതികള്‍ക്ക് അനുമതിയും ലഭിച്ചിട്ടില്ല. നിര്‍മാണം ആരംഭിച്ച കുറ്റ്യാടി ഓഗ്മെന്റേഷന് പദ്ധതി വെള്ളം കിട്ടാതെ പാതി വഴിയില്‍ നിലയ്ക്കുകയും ചെയ്തു. വിവിധ പദ്ധതികള്‍ക്കായി 92.9ടി.എം.സി വെള്ളമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കബനിയില്‍ 10 ജലസേചന പദ്ധതികള്‍, കുറ്റ്യാടി ഓഗ്മെന്റേഷന്, 225 മെഗാവാട്ടിന്റെ മാനന്തവാടി പദ്ധതികള്‍ എന്നിവയായിരുന്നിവ.
100മെഗാവാട്ട് ശേഷിയോടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച കുറ്റ്യാടി ഓഗ്മെന്റേഷന് ജലവൈദ്യുത പദ്ധതി പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ബാണാസുരസാഗര്‍ ഡാമില്‍ നിന്ന് തുരങ്കം വഴി കക്കയം ഡാമില്‍ അഞ്ച് ടി.എം.സി വെള്ളമെത്തിച്ച് 204 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ഉല്പ്പാദിപ്പിക്കാനുള്ളപദ്ധതിയായിരുന്നു കുറ്റ്യാടി ഓഗ്മെന്റേഷന്. 6.7 ടി.എം.സി വെള്ളമാണ് കബനിയില്‍ നിന്നും ഇതിനായി ആവശ്യപ്പെട്ടത്.
ബാണാസുര സാഗര്‍ താഴ്വരയിലെ ജലസേചന-കുടിവെള്ള ആവശ്യങ്ങള്‍ക്കായി 1.7 ടി.എം.സി വെള്ളവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു പദ്ധതികള്‍ക്കുമായി ട്രൈബ്യൂണല്‍ അനുവദിച്ചത് 0.89 ടി.എം.സി വെള്ളം മാത്രമായിരുന്നു. കബനിവെളളത്തെ ആശ്രയിച്ച് തയാറാക്കിയ കേരളത്തിന്റെ പദ്ധതികള്‍ ഇതോടെ ത്രിശങ്കുവിലുമായി.