2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കവളപ്പാറയില്‍ ഇന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങള്‍: തിരിച്ചറിയാന്‍ ബന്ധുക്കളില്ലാതെയും മൃത ശരീരങ്ങള്‍: പോസ്റ്റുമോര്‍ട്ടത്തിന് പള്ളിയങ്കണം തുറന്നു കൊടുത്ത് പോത്തുകല്ല് മഹല്ല് കമ്മിറ്റി

പോത്തുകല്ല്: ഇന്നു മാത്രം കവളപ്പാറയില്‍ നിന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങള്‍. ഇതോടെ ഇതുവരേ 30 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. അതേ സമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് പോത്തുകല്ലിലെ മുസ്‌ലിം പള്ളിയുടെ അകത്തുവെച്ച്. ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇന്നും പോസ്റ്റുമോര്‍ട്ടം നടക്കുന്നുണ്ട്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. തുടര്‍ന്നാണ് പള്ളിയിലെ നിസ്‌കാര ഹാളും അതിനോടു ചേര്‍ന്ന സ്ഥലവും പോത്തുകല്ല് മഹല്ല് കമ്മിറ്റി വിട്ടു നല്‍കിയത്.

അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളും ലഭിച്ചത്. കൂടുതല്‍ സമയം വെക്കാനോ മഞ്ചേരിയിലേക്കുവരെ കൊണ്ടുപോകാനാ കഴിയാത്ത അവസ്ഥയിലുമായിരുന്നു അവ. അതുകൊണ്ടാണ് പ്രദേശത്തുനിന്നുതന്നെ പോസ്റ്റുമോര്‍ട്ടത്തിന് വഴി തേടിയപ്പോള്‍ മഹല്ല് കമ്മിറ്റി ഇതിനായി മുന്നോട്ടുവന്നതും. ‘കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍.

പവിത്രമായി കാണുന്ന ഒരിടത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ടായിരുന്നുവെങ്കിലും മറ്റ് നിര്‍വാഹം ഇല്ലായിരുന്നുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ.സഞ്ജയ് പറഞ്ഞു. മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ലു കമ്മിറ്റി നല്‍കിയത്.

മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിയത്. പല മൃതദേഹങ്ങളുടേയും അവസ്ഥ അതിദയനീയമായിരുന്നു. തിരിച്ചറിയാന്‍ ഉറ്റബന്ധുക്കള്‍ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. ഒട്ടും തിരിച്ചറിയാന്‍ സാധിക്കാത്ത കേസുകളില്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്നും ഡോ സഞ്ജയ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.