2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കാറ്റുപിടിച്ച ചങ്ങാടങ്ങള്‍

മൊറോക്കന്‍-അമേരിക്കന്‍ നോവലിസ്റ്റായ ലൈലാ ലലാമി മാധ്യമപ്രവര്‍ത്തക, സാമൂഹ്യ നിരീക്ഷക എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പുതുതലമുറ എഴുത്തുകാരിയാണ്. പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിക്കുകയും അമേരിക്കന്‍ ബുക്ക് അവാര്‍ഡ്, അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്, ഹേസ്റ്റന്‍ റൈറ്റ് ലഗസി അവാര്‍ഡ് തുടങ്ങിയവ നേടുകയും ചെയ്ത ഠവല ങീീൃ’ െഅരരീൗി േ(2015) ഉള്‍പ്പടെ ഇതിനകം മൂന്ന് നോവലുകള്‍ അവരുടേതായി പുറത്തുവന്നിട്ടുണ്ട്. മൊറോക്കോയില്‍ ജേണലിസ്റ്റായി ജോലി തുടങ്ങിയതു മുതല്‍ തീവ്രമായി തൊട്ടറിഞ്ഞ സമൂഹത്തിലെ ദാരിദ്ര്യവും മതതീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രവാസ ദുരന്തങ്ങളുമാണ്, പ്രവാസ എഴുത്തുകാരില്‍ പലപ്പോഴും കാണാവുന്ന ഉദാര മഹാമാനസികതയുടെയും കനം കുറഞ്ഞ ഗൃഹാതുരതയുടെയും ഭാരങ്ങളില്ലാതെ തീക്ഷ്ണമായ സത്യ സന്ധതയോടെ അവര്‍ തന്റെ നോവലുകള്‍ക്കു വിഷയമാക്കിയത്. ലൈലാ ലലാമിയുടെ പ്രഥമ ഫിക്ഷനല്‍ കൃതിയായ ഒീുല മിറ ഛവേലൃ ഉമിഴലൃീൗ െജൗൃൗെശെേ (പ്രതീക്ഷയും മറ്റ് അപകടകരമായ അന്വേഷണങ്ങളും-2005) അവരുടെ ഉത്കണ്ഠകളെ ആഗോള വായനാസമൂഹത്തിനു മുന്നില്‍ ആവിഷ്‌കരിച്ച ആദ്യ രചനയെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

പരസ്പരം ബന്ധിതമായ കഥാസമാഹാരമായും അയഞ്ഞ ഘടനയുള്ള നോവലായും വായിക്കാവുന്ന കൃതിയാണ് ‘പ്രതീക്ഷയും മറ്റ് അപകടകരമായ അന്വേഷണങ്ങളും’. സമകാലിക സാമൂഹ്യ ദുരന്തങ്ങളില്‍ ഏറ്റവും വലിയതെന്നു പറയാവുന്ന ഒന്നായ ആഫ്രിക്കന്‍ ദേശങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള കൂട്ടപ്പലായനങ്ങള്‍ വിഷയമാക്കുന്ന നോവല്‍ സുരക്ഷിതത്വത്തിന്റെ മാനദണ്ഡങ്ങള്‍ ഒന്നുമേ പാലിക്കാത്ത കാറ്റു നിറച്ച ലൈഫ് ബോട്ട് ഉപയോഗിച്ച് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറിച്ചുകടന്ന് മാഡ്രിഡിലേക്കു പോകുന്ന നാലു മൊറോക്കന്‍ അഭയാര്‍ഥികളെ പിന്തുടരുന്നു. സ്‌പെയിന്‍ ഈ വ്യക്തികള്‍ക്ക് അവരുടെ സ്വന്തം ഇരുണ്ട വിധികളെ മാറ്റിയെഴുതാനുള്ള അവസരമാണ്. ആറുപേര്‍ക്ക് അനുവദനീയമായ ബോട്ടില്‍ ഭീമന്‍ തുക നല്‍കി മുപ്പതിലേറെ പേരാണ് തള്ളിക്കയറിയിട്ടുള്ളത്. റോന്തു ചുറ്റുന്ന തീരദേശ ഗാര്‍ഡുകളുടെ കണ്ണില്‍പെടാതിരിക്കാന്‍ തീരത്തെത്തുന്നതിനും ഇരുനൂറ്റിയന്‍പത് മീറ്റര്‍ അകലെ ഇറക്കി വിടുന്ന അഭയാര്‍ഥികളില്‍ നീന്താന്‍ വശമില്ലാത്തവരും രോഗികളും കുഞ്ഞുങ്ങളും ദുര്‍ബലരും പലപ്പോഴും മരണപ്പെടുന്നു. കടലിലെ ഒഴുക്കിനനുസരിച്ച് സുരക്ഷിത ഇടങ്ങളില്‍ എത്തിപ്പെടുക എന്നത് പലപ്പോഴും ദുസാധ്യമാവുകയും പിടികൂടപ്പെടുന്നവര്‍ തിരികെ അയക്കപ്പെടുകയോ തടവറകളില്‍ ഒടുങ്ങുകയോ ചെയ്യുന്നതും സാധാരണം. തിരികെ അയക്കപ്പെടുന്നവര്‍ ഇനിയും വിറ്റുപെറുക്കിയും മരീചികയാവുന്ന സുഭിക്ഷതയുടെ ജാമ്യത്തില്‍ കടമെടുത്തും വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡം മുറുക്കുന്നു. നോവലില്‍ നാലു മുഖ്യ കഥാപാത്രങ്ങളുടെ യാത്രാരംഭം ആവിഷ്‌കരിക്കുന്ന ‘ദി ട്രിപ്പ് ‘ എന്നു പേരായ ആദ്യ ഭാഗം മുറാദിന്റെ വീക്ഷണത്തിലാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. തുടര്‍ന്നു വരുന്ന ‘മുന്‍പ് ‘, ‘പിന്നീട് ‘ എന്നീ രണ്ടു ഭാഗങ്ങള്‍ ഓരോന്നും നാലുവീതം കഥകളായി നാല് കഥാപാത്രങ്ങളുടെ ജീവിതങ്ങളുടെ പുരോഭാഗങ്ങളും യാത്രാനന്തര ജീവിതങ്ങളും ആവിഷ്‌കരിക്കുന്നു. താരതമ്യേന ഋജുവായ ഈ ഘടന ആദ്യ രചനയുടെ പരിമിതികള്‍ ഒട്ടൊക്കെ മറികടന്നു കഥാപാത്രങ്ങളെ അടുത്തറിയാന്‍ മാത്രമല്ല അവര്‍ നേരിടുന്ന ജീവിതയുദ്ധത്തിന്റെ തീക്ഷ്ണത ആവിഷ്‌കരിക്കാനും നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്.
ഇരുപതു കടക്കുക മാത്രം ചെയ്ത മുറാദ് ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന നിലയില്‍ നിലനില്‍ക്കാനുള്ള ബദ്ധപ്പാടില്‍ തോറ്റുപോകുന്നതോടെയാണു പ്രവാസവഴി തിരഞ്ഞെടുക്കുന്നത്. കാര്‍, വീട്, ഫാന്‍സി വാച്ച് തുടങ്ങിയ യൂറോപ്യന്‍ സ്വപ്നങ്ങളാണ് അവനെ നയിക്കുന്നത്. പിതാവിന്റെ മരണശേഷം കുടുംബകാര്യങ്ങള്‍ നോക്കാന്‍ താന്‍ പ്രാപ്തനല്ല എന്ന ചിന്തയില്‍ നീറുമ്പോഴാണു തട്ടിപ്പും കള്ളക്കടത്തും തൊഴിലാക്കിയ റഹാലിന്റെ കെണിയില്‍ അയാള്‍ വീഴുന്നത്. ഉമ്മയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ് മറ്റുള്ളവരുടെ കൂടെ അയാളും ചങ്ങാടത്തില്‍ ഇടം കണ്ടെത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതു കാരണം തിരികെയെത്തുമ്പോള്‍ അയാള്‍ ജീവിതത്തെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു മുഖ്യ കഥാപാത്രമായ, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ തീവ്ര സമീപനങ്ങളില്‍ ആകൃഷ്ടയായ ഫാതെന്‍, കോളജില്‍ പരീക്ഷയില്‍ കോപ്പിയടിച്ചു പിടിക്കപ്പെടുകയും നൂറിനെ പോലുള്ള മറ്റു പെണ്‍കുട്ടികള്‍ക്കുമേല്‍ അപകടകരമായ സ്വാധീനമായി തീരുന്നതു കാരണം പഴയ സുഹൃദ് വലയങ്ങളിലും അനഭിമതയാവുകയും ചെയ്യുന്നതിനെ തുടര്‍ന്നാണു നാടുവിടുന്നത്. മെക്കാനിക്കായി ജീവിതം പരാജയപ്പെടുന്ന അസീസ് അമോര്‍ കൂടുതല്‍ സാമ്പത്തിക വിജയം നേടി ഭാര്യാവീട്ടുകാരുടെ സ്വാധീനത്തില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇതയാളുടെ രണ്ടാമതു ശ്രമമാണ്. അഞ്ചുവര്‍ഷം പെടാപ്പാട് പെട്ടാണ് അയാള്‍ പിടിച്ചുനില്‍ക്കാനാവുന്ന ഒരു ജോലി കണ്ടെത്തുന്നതും നാട്ടില്‍ ഭാര്യ സൊഹറാക്കും ഉമ്മക്കും പണമയക്കാന്‍ പ്രാപ്തനാകുന്നതും. എന്നാല്‍ ഒടുവില്‍ ഭാര്യയെയും കൂട്ടി തിരികെപ്പോകാനായി നാട്ടില്‍ തിരിച്ചെത്തുന്ന അസീസ് കാസബ്ലാങ്കയെ ഒരു മടുപ്പിക്കുന്ന നഗരമായി തിരിച്ചറിയുന്നു. സൊഹറായുടെ ചെറിയ ലോകം മാഡ്രിഡിലെ ജീവിതവുമായി ഇണങ്ങിപ്പോവില്ലെന്ന ചിന്തയോടെ അയാള്‍ തനിയെ തിരിച്ചുപോകുന്നു. ‘വെറും ശാരീരികം’ മാത്രമായിരുന്ന തന്റെ ഇതര ബന്ധങ്ങള്‍ സംശയപ്രകൃതമില്ലാത്ത സൊഹറയില്‍നിന്ന് മറച്ചുവയ്ക്കാന്‍ അയാള്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നതുമില്ല. ഹലീമാ ബൂഹംസയാകട്ടെ തന്റെ മൂന്നു മക്കളോടൊപ്പം നാടുവിടുന്നത് ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്നു രക്ഷനേടിയും വിവാഹമോചനം കിട്ടിയാലും കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താനും വേണ്ടിയുമാണ്.

വ്യത്യസ്ത കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ പറയപ്പെടുന്ന കഥകളിലൂടെയാണ് മുഖ്യകഥാപാത്രങ്ങളെ നാം അടുത്തറിയുന്നത്. ഫാതെനിനെ കുറിച്ച് ആദ്യം നിരീക്ഷിക്കപ്പെടുന്നത് അവളുടെ അടുത്ത സുഹൃത്ത് നൂറിന്റെ പിതാവും മൊറോക്കന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനും പുരോഗമന നിലപാടുകാരനുമായ ലാര്‍ബി അമ്രാനിയിലൂടെയാണ്. മതതീവ്ര നിലപാടുകളുടെ കാറ്റും വെളിച്ചവുമില്ലാത്ത കാര്‍ക്കശ്യങ്ങളില്ലാതെ സ്വതന്ത്രയായി ജീവിക്കാന്‍ കഴിയും വിധം ഓമനിച്ചു വളര്‍ത്തിയ മകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അയാളെ അങ്കലാപ്പിലാക്കുന്നു. ക്ലാസിക്കല്‍ അറബിക് പരിജ്ഞാനമില്ലാത്ത മകള്‍ സയ്യിദ് ഖുതുബിന്റെ ഇസ്‌ലാമിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുന്നതും തിയറ്റര്‍ പോലുള്ള ഉല്ലാസങ്ങളോട് വിമുഖയാവുന്നതും അയാളെ വിഷമിപ്പിക്കുന്നു. മികച്ച വിദ്യാര്‍ഥിനിയായതുകൊണ്ട് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു പഠിക്കാന്‍ ലഭിക്കുന്ന സ്വപ്നതുല്യമായ അവസരം പാശ്ചാത്യ വിദ്യാഭ്യാസ വിരോധവും ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള അഭിനിവേശവും കാരണം നൂറ തള്ളിക്കളയുന്നു. ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്ന മകളോട് യുക്തിബോധത്തോടെ തര്‍ക്കിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ഫാതെനിനെ ഇനിമുതല്‍ കാണരുതെന്ന് അയാള്‍ വിലക്കുന്നു. പരീക്ഷാ ഹാളില്‍ ഫാതെനിനെ കോപ്പിയടിക്കാന്‍ സഹായിച്ചു പിടിക്കപ്പെടുന്ന മകളോട് ഇതെങ്ങനെയാണു നിന്റെ കര്‍ക്കശ നീതിബോധവുമായി ഒത്തുപോകുന്നത് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. ഫാതെനിനെ സ്‌കൂളില്‍നിന്നു പുറത്താക്കുന്നതിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ലാര്‍ബിയുടെ ഇടപെടലുണ്ട്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഹലീമ തന്റെ ഉമ്മയുടെ വീട്ടില്‍ അഭയം തേടുമ്പോള്‍ മടുപ്പും വിരക്തിയും സ്‌നേഹനിരാസവും മുഖമുദ്രയായ കിഴവി ഇങ്ങനെയാണ് പ്രതികരിക്കുക: ”വീണ്ടും?” എക്സ്റ്റന്‍ഷന്‍ കോഡ് കൊണ്ടുള്ള അടിയേറ്റ മുറിപ്പാടുകളുമായി വേദനിക്കുന്ന ഹലീമയുടെ അവസ്ഥ തനിയാവര്‍ത്തനമാണെന്നും ഒരു നിശ്ചയവുമില്ലാത്ത പലായനത്തിലേക്കു പോലും അവര്‍ ഇറങ്ങിത്തിരിക്കുന്നത് ഒട്ടും അസ്വാഭാവികമല്ലെന്നും ഇങ്ങനെയാണു വായനക്കാരന്‍ തിരിച്ചറിയുക. ചങ്ങാടത്തില്‍നിന്ന് ഇറക്കിവിടുമ്പോള്‍ മുങ്ങിമരിക്കാന്‍ പോയ തന്നെയും ഇളയ രണ്ടു സഹോദരങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തുന്ന കൗമാരക്കാരനായ മൂത്ത മകന്‍ ഒരു അത്ഭുതപ്രവര്‍ത്തകന്‍ വിശുദ്ധന്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നതും നിരക്ഷരരായ സ്ത്രീകള്‍ അവനെ അനുഗ്രഹത്തിനായി ശല്യം ചെയ്യുന്നതുമൊക്കെ ഇത്തിരിയൊരു നേരമ്പോക്കായാണ് ഹലീമ ഉള്‍കൊള്ളുക. ഒട്ടേറെ അപമാനത്തിനു ശേഷമെങ്കിലും ഭര്‍ത്താവ് വിവാഹമോചനം നല്‍കുന്നതോടെ ഹലീമ വീണ്ടും ഭാവിയെ കുറിച്ചു സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നു.

പലായനാനന്തര ഘട്ടത്തില്‍ ഓരോരുത്തരും ആയിത്തീരുന്നതെന്തോ അത് അവര്‍ സ്വപ്നം കണ്ടിരുന്ന ജീവിതത്തില്‍നിന്ന് എത്രമാത്രം വിരുദ്ധമാണ് എന്നത് അഭയാര്‍ഥി ജീവിതത്തിന്റെ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നുണ്ട്. ഇസ്‌ലാമിസ്റ്റ് കാര്‍ക്കശ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവരെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വഴിയിലേക്ക് ആകര്‍ഷിക്കാനും ശ്രമിച്ചിരുന്ന ഫാതെന്‍ മാഡ്രിഡിലെ ഒരു ലൈംഗിക തൊഴിലാളിയായിത്തീരുന്നത് ഉള്ളുലക്കുന്ന അനുഭവമാണ്. സുന്ദരിയായ യുവതിയെ തേടിയെത്തുന്നവരില്‍ പതിവുകാരുണ്ട്. അക്കൂട്ടത്തില്‍ മാര്‍ട്ടിന്‍ എന്ന ഇളം യുവാവുമായി അവള്‍ക്കുണ്ടാവുന്ന ബന്ധം നോവലിലെ കൂടുതല്‍ സൂക്ഷ്മമായ ചില പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മുത്തച്ഛനെയും അച്ഛനെയും ‘ഫാസിസ്റ്റ് പന്നികള്‍’ എന്നൊക്കെ വിളിക്കുന്ന പുരോഗമന നിലപാടുകാരന്‍ പക്ഷെ, അറബ് സ്ത്രീകളുടെ ‘ലൈംഗിക വശീകരണ മിടുക്ക് ‘ സംബന്ധിച്ച വാര്‍പ്പുനിലപാടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഫാതെന്‍ അയാളുടെ രക്ഷപ്പെടുത്തല്‍ വാഗ്ദാനത്തിന്റെയെല്ലാം അപ്പുറം തിരിച്ചറിയുന്നു: ”അടുത്ത തവണ നീ വേറെ ആളെ കണ്ടെത്തണം” എന്ന് അവള്‍ ആ ബന്ധം അവസാനിപ്പിക്കുന്നു. ഫാതെന്‍ തന്റെയുള്ളിലെ പോരാളിയെ ഇനിയും കൊന്നുകളഞ്ഞിട്ടില്ല. തന്നെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ അതു ചെയ്യണമെന്നും ഉള്ള പുതിയ തിരിച്ചറിവിലാണ് അവള്‍ ഈദ് വിഭവങ്ങള്‍ ഒരുക്കി പിണക്കത്തിലായിരുന്ന മുറിയുടെ പങ്കുകാരിക്കു വിളമ്പുന്നത്.

കൂട്ടപ്പലായനങ്ങളുടെ കഥകള്‍ അക്കങ്ങളായി ഇത്രയിത്ര ‘തീരത്തടിഞ്ഞ ജഡങ്ങളും’ ‘കപ്പലില്‍ കണ്ടെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരും’ ‘രേഖകളില്ലാത്ത വീട്ടുവേലക്കാരും’ എന്നു മാത്രം പറയപ്പെടുന്ന കാലത്ത് അവര്‍ക്കു പേരുകള്‍ നല്‍കുകയും അവര്‍ക്കോരോ കഥകള്‍ നല്‍കുകയും ചെയ്തു വ്യക്തിവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്. അവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടെന്നും അവര്‍ അപകടകരമായ രീതിയിലും അവയെ പിന്തുടരുകയാണെന്നുമാണ് നോവലിന്റെ തലക്കെട്ടു തന്നെയും പറഞ്ഞുവയ്ക്കുന്നത്. നോവലിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങള്‍ സ്‌പെയിനില്‍ എത്തിച്ചേരുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതവും അതു സാധിക്കാതെ പോയവരുടേതില്‍നിന്നു ഗുണപരമായി ഏറെയൊന്നും വ്യത്യസ്തമല്ല എന്നു സൂചിപ്പിക്കപ്പെടുന്നുണ്ട്. ഫാതെന്‍ മാഡ്രിഡില്‍ എത്തുന്നുവെങ്കിലും അവള്‍ക്കു പോലും അപമാനം തോന്നുന്ന ജീവിതമാണു നയിക്കേണ്ടിവരുന്നത്. അസീസ് ആവട്ടെ, സ്വപ്നഭൂമിയില്‍ തന്നെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സമൂഹത്തില്‍ ഏകാകിയായി കഴിയേണ്ടി വരുന്നു. തിരികെ നാട്ടിലെത്തുന്ന ഹലീമയും മുറാദും പതിയെയെങ്കിലും ജീവിതവുമായി സന്ധിയാവുന്നുമുണ്ട്. മൊറോക്കന്‍ സമൂഹത്തിന്റെ സമഗ്രമായ ഒരു പരിഛേദം സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വം ശ്രമിക്കുന്നുണ്ട് എന്നു കാണാം: വിവാഹിതരും അവിവാഹിതരും, വിദ്യാസമ്പന്നരും നിരക്ഷരരും, സെക്കുലര്‍ ചിന്താഗതിക്കാരും മതനിഷ്ഠ ഉള്ളവരും, പുരുഷന്മാരും സ്ത്രീകളും എന്നിങ്ങനെ മുഖ്യ കഥാപാത്രങ്ങളില്‍ ദ്വന്ദ്വങ്ങള്‍ പ്രകടമാണ്. പാശ്ചാത്യ സ്വാധീനങ്ങള്‍ക്കും പരമ്പരാഗത മൂല്യങ്ങള്‍ക്കുമിടയില്‍ ഇടറിനില്‍ക്കുന്ന പോസ്റ്റ് കൊളോനിയല്‍ മൊറോക്കൊയുടെ ആവിഷ്‌കാരത്തിലാണ് ലലാമിയുടെ കൈത്തഴക്കം പ്രകടമാകുന്നത്. ഒരേസമയം അറേബ്യനും ഒപ്പം പാശ്ചാത്യവും ആഫ്രിക്കനുമായ ഒരു ലോകത്തെയാണ് ഇത്തിരി പ്രകടനപരമാംവിധം എന്നു തന്നെ പറയാവുന്ന രീതിയില്‍ നോവല്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ എല്ലായിപ്പോഴും അവര്‍ അവതരിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ അഭയാര്‍ഥിത്വത്തിന്റെ സാര്‍വലൗകിക മാനങ്ങള്‍ ഉള്ളതാണ്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.