2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കത്‌വ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ സമീപിക്കും. അടുത്ത ദിവസങ്ങളില്‍ സുപ്രിംകോടതിയിലെത്തുമെന്നാണ് സൂചന.

കേസിന്റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മാറ്റിക്കൊണ്ട് തിങ്കളാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ നീക്കം. പ്രതികളുടെ അഭിഭാഷകനായ അന്‍കൂര്‍ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ പ്രധാന ആശങ്ക കേസ് വിചാരണ മാറ്റുന്നതല്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിടുന്നതാണെന്നും തിങ്കളാഴ്ച അന്‍കൂര്‍ പറഞ്ഞിരുന്നു. കേസ് പത്താന്‍കോട്ടിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കുമെന്നു പറഞ്ഞായിരുന്നു എതിര്‍ത്തത്.

പത്താന്‍കോട്ടിലേക്കു മാറ്റണമെന്ന കോടതി ഉത്തരവ് ഇരയുടെ കുടുംബത്തിന്റെയും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഛണ്ഡീഗഢിലേക്കു മാറ്റാനായിരുന്നു ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതിനാലാണിത്.

ജമ്മു കശ്മീരിലെ കത്‌വയില്‍ ക്ഷേത്രത്തിനുള്ളില്‍ ഏഴു ദിവസക്കാലം പെണ്‍കുട്ടിയെ ഒളിപ്പിച്ച് പീഡിച്ചു കൊന്നുവെന്നാണ് കേസ്. ബി.ജെ.പി മന്ത്രിമാരുടെ അടക്കം പിന്തുണയുള്ള പ്രതികള്‍ക്ക് കേസിനെ സ്വാധീനിക്കുമെന്നു കണ്ടാണ് വിചാരണ പുറത്തുനടത്താന്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാനാണ് ബി.ജെ.പിയും പ്രതികളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ആരോപണം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.