2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കത്‌വ: മനസ്സാക്ഷി വിറങ്ങലിച്ച ഏഴുദിവസങ്ങള്‍; കേസിന് ജീവന്‍ വച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലോടെ

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിക്കേറ്റ കൊടുംക്രൂരതയെ പോലെ തന്നെ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച സംഭവ പരമ്പരകളായിരുന്നു ആ കേസ് അട്ടിമറിക്കാന്‍ സംഘ്പരിവാര്‍ അണിയറയിലൊരുക്കിയ നാടകങ്ങളും. സംഭവം നടക്കുമ്പോള്‍ ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി നേതാവ് മഹ്ബൂബാ മുഫ്തിയായിരുന്നു ജമ്മുകശ്മീര്‍ ഭരിച്ചിരുന്നത്. കേസ് അട്ടിമറിക്കാനും പ്രതികളെ സഹായിക്കാനും ബി.ജെ.പി മന്ത്രിമാര്‍ യാതൊരു ഒളിയും മറയുമില്ലാതെ മുന്നില്‍ നിന്നു. പ്രതികള്‍ക്കു വേണ്ടി ദേശീയപതാകയും പിടിച്ചു നടന്ന പ്രകടനത്തിനു നേതൃത്വം നല്‍കാനും ബി.ജെ.പി നേതാക്കളുണ്ടായി. ഈ വിവാദത്തിനൊടുവില്‍ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ രാജിവയ്ക്കുകയും പിന്നീട് മഹ്ബൂബാ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ തന്നെ പിന്‍വലിക്കാനും ബി.ജെ.പി മുതിര്‍ന്നു.

 

മുഖ്യപ്രതി സഞ്ജി റാം

 

എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെയും നിരന്തര ഇടപെടലുകളും വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു മാറ്റിയതുമാണ് കേസിനെ ജീവന്‍വപ്പിച്ചത്. പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേശ് കുമാര്‍ തയ്യാറാക്കിയ കുറ്റപത്രമാണ് ആദ്യം കേസിലെ നിര്‍ണായകമായത്. ജനുവരിയിലുണ്ടായ സംഭവത്തില്‍ ഏപ്രിലില്‍ കുറ്റപത്രം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ കാഠിന്യം തന്നെ പുറംലോകം അറിയുന്നത്. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ കരഞ്ഞുപോയെന്നും ശരീരം തളര്‍ന്ന് ഒരുനിമിശം നിശ്ചലമായിപ്പോയെന്നും രമേശ് കുമാര്‍ പിന്നീട് പറയുകയുണ്ടായി. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതിഷേധാഗ്നിയില്‍ ഇളകിമറഞ്ഞു. അര്‍ധരാത്രി ഡല്‍ഹി ഭരണസിരാകേന്ദ്രത്തിനു സമീപം നടന്ന പ്രതിഷേധപരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും പങ്കെടുത്തു.

 

 

ദീപിക സിങ് ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍

 

അഭിഭാഷകരുടെ കൂട്ടബഹിഷ്‌കരണത്തിനിടെയും ബന്ദാഹ്വാനത്തിനിടെയുമാണ് വിചാരണ ആരംഭിച്ചത്. ജമ്മുവിലെ അഭിഭാഷകരും ബാര്‍ അസോസിയേഷനും കേസ് ഏറ്റെടുക്കാന്‍ തയാറായതുമില്ല. മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ദീപികാ സിങ്ങിന്റെ വരവ് കേസില്‍ മറ്റൊരു വഴിത്തിരിവായി. ദീപികക്ക് സംഘ്പരിവാരില്‍ നിന്ന് നിരവധി വധഭീഷണണികളും ബലാത്സംഗ ഭീഷണികളും ഉയര്‍ന്നു. കുടുംബത്തിനു നേര്‍ക്കും ഭീഷണികളുണ്ടായി. പൊലിസിന് ഇതൊരു സുരക്ഷാ പ്രശ്‌നമായി മാറി. നിരന്തരം സമ്മര്‍ദ്ധവും ഭീഷണിയുമുണ്ടായതോടെ ഇറകളുടെ കുടുംബം മറ്റൊരു അഭിഭാഷക സംഘത്തെ നിയോഗിച്ചു.

ഓരോ തവണയും വീട്ടില്‍ പോവുമ്പോഴും മുന്‍വശത്തെ വാതില്‍ രണ്ടുതവണ പരിശോധിക്കുമായിരുന്നുവെന്നും എപ്പോഴും തന്നെയും കുടുംബത്തെയും വകവരുത്താന്‍ ആരോ പിന്നിലുണ്ടെന്ന തോന്നലുണ്ടായിരുന്നതായും അന്നത്തെ ദിനങ്ങളെ കുറിച്ച് ദീപിക പറഞ്ഞു. ഇതിനിടെ കള്ളക്കേസില്‍ ദീപികയെ കുടുക്കാനും ശ്രമമുണ്ടായി.

 

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന രമേശ്കുമാര്‍

 

കേസിലെ പ്രതികളെ പിന്തുണച്ച് നടന്ന പ്രകടനങ്ങളില്‍ ദീപികയുടെ സഹപ്രവര്‍ത്തകര്‍ പോലും പങ്കെടുത്തത് സങ്കടത്തോടെ അവര്‍ക്കു കാണേണ്ടിവരികയും ചെയ്തു. എന്നാല്‍ ഭീഷണികളും ആരോപണങ്ങളും കൂടുതല്‍ കരുത്തുപകര്‍ന്നതായി ദീപിക പറയുന്നു. മുസ്‌ലിം പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തന്റെ ആറുവയസ്സുകാരി മകള്‍ക്കും മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കശ്മീരി പണ്ഡിറ്റ് കുടുംബാംഗങ്ങളാണ് ദീപികയും രമേശ് കുമാറും. ആ കുഞ്ഞ് ആത്മാവിന് നീതി കിട്ടിയതില്‍ സന്തോഷവാനാണെന്ന് രമേശ് പ്രതികരിച്ചു.

 

പെണ്‍കുട്ടിയെ തടവിലിട്ട ക്ഷേത്രം

 

മകന്‍ വിശാലിനെ രക്ഷിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സഞ്ജിറാം മൊഴിനല്‍കിയത്. പത്തിന് തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ വിശാല്‍ പീഡിപ്പിച്ചെന്ന് 13നാണ് സഞ്ജിറാം അറിഞ്ഞത്. ഇതോടെ കൂടുതല്‍ പ്രശ്‌നം ഒഴിവാക്കാനായി പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാന്‍ കാറുമായി വരാന്‍ സുഹൃത്തിനോടു ആവശ്യപ്പെട്ടെങ്കിലും സഹകരിച്ചില്ല. അതിനാല്‍ മൃതദേഹം കാട്ടില്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 15 കാരനായ മരുമകനോട് കുറ്റം സമ്മതിക്കാന്‍ നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയെത്താത്തനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് ഇങ്ങനെ നിര്‍ദേശിച്ചത്.

എല്ലാം ആസൂത്രണംചെയ്തത് 60 കാരനായ വില്ലേജ് മുന്‍ മുഖ്യനും ക്ഷേത്ര പൂജാരിയും റവന്യൂ വകുപ്പില്‍ നിന്നു വിരമിച്ചയാളുമായ സഞ്ജിറാം ആണ്. ഇദ്ദേഹമാണ് 15 വയസ്സുള്ള സഹോദരീ പുത്രനോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. ആടിനെ മേയ്ക്കാന്‍ മറ്റൊരിടം കാണിച്ചുതരാമെന്ന് 15 കാരന്‍ പറഞ്ഞതോടെ പെണ്‍കുട്ടി അവനൊപ്പം പോയി. പിന്നീട് പെണ്‍കുട്ടിയെ തിരക്കിയെത്തിയ അവളുടെ അമ്മയോട് അവള്‍ എവിടെയെങ്കിലും ഉണ്ടാവുമെന്നും ഉടന്‍ തിരിച്ചുവരുമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വായ്മൂടിക്കെട്ടി കൈയംകാലും കെട്ടി ആദ്യം കുഞ്ഞിനെ ലൈംഗികമായി ആക്രമിച്ചത് 15 കാരനായിരുന്നു. ശേഷം സമീപത്തെ ക്ഷേത്രത്തിലെ മുറിക്കുള്ളില്‍ കുഞ്ഞിനെ ഒളിപ്പിച്ചു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു മുറിവേല്‍പ്പിച്ചതും ക്ഷേത്രത്തില്‍ പെണ്‍കുട്ടി ഉണ്ടെന്നു പറഞ്ഞ് പീഡിപ്പിക്കാനായി വിശാലിനെ ക്ഷണിച്ചതും 15 കാരനാണ്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ടവനാണ് 15 കാരന്‍. മീററ്റില്‍ നിന്നെത്തിയ വിശാലും ഒന്നിലധികം തവണ പീഡിപ്പിച്ചു. കൊലപ്പെടുത്തും മുന്‍പ് അവസാനമായി ഒരിക്കലൂടെ പീഡിപ്പിക്കാന്‍ താല്‍പ്പര്യപ്പെട്ട് അങ്ങിനെ തന്നെ ചെയ്യുകയും ചെയ്തു പൊലിസ് ഓഫിസര്‍ ദീപക് ഖജൂരിയ.

 

പെണ്‍കുട്ടിയെ മറവുചെയ്ത സ്ഥലം

 

ചുണ്ടനക്കം പോലും സാധിക്കാത്ത വിധം പെണ്‍കുട്ടിയെ നിശബ്ദയാക്കിയ ശേഷമായിരുന്നു ഏഴുദിവസം നീണ്ടിനുന്ന കൊടുംക്രൂരതയൊക്കെയും. മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ചു നല്‍കിയതോടെ ഒച്ചവയ്ക്കാന്‍ പോലും കഴിയാതെ പെണ്‍കുട്ടിയുടെ ശരീരം വിറങ്ങലിച്ചുനിന്നു. മന്നാര്‍ എന്ന ലഹരിവസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഡോസ് കൂടിയ ടാബ്‌ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താന്‍ നല്‍കിയത്. മരുന്നുകള്‍ തുടര്‍ച്ചയായി നല്‍കിയതോടെ ശ്വാസം പോലും മന്ദഗതിയിലായി, ഒടുവില്‍ കോമ അവസ്ഥയിലായി. ഇങ്ങിനെയാണ് നരാധമന്‍മാര്‍ കുഞ്ഞിനെ പീഡിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News