2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കാത്തിരിപ്പ് വെറുതെയായി; ജോസഫിന്റെ മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിച്ചു

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

മനാമ: ജന്മനാട്ടിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കി ബഹ്‌റൈനില്‍ മരണമടഞ്ഞ പ്രവാസി മലയാളിക്ക് ഒടുവില്‍ ബഹ്‌റൈനില്‍ തന്നെ അന്ത്യ വിശ്രമമൊരുക്കി.കഴിഞ്ഞ 31 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയായി കഴിഞ്ഞ പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജോസഫ് കോരുതി (54)ന്റെ മൃതദേഹമാണ് മരിച്ച് നാലു മാസം കഴിഞ്ഞ് ബഹ്‌റൈനിലെ സെമിത്തേരിയില്‍ ക്രൈസ്തവ ആചാരപ്രകാരം അടക്കം ചെയ്തത്. 

ജോസഫ് അവസാനമായി നാട്ടില്‍ പോയി വന്നത് 17 വര്‍ഷം മുന്‍പാണ്. തുടര്‍ന്ന് ബഹ്‌റൈനിലെത്തിയ ശേഷം ഓര്‍മശക്തി നശിച്ചും രേഖകള്‍ നഷ്ടപ്പെട്ടും വിവിധ അസുഖങ്ങളോടു മല്ലിട്ടും കഴിഞ്ഞുവന്ന ജോസഫ് മെയ് 12ന് ഇവിടെ മരണമടയുകയായിരുന്നു.
നാട്ടിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലയക്കാനുള്ള പ്രയത്‌നത്തിലായിരുന്നു സാമൂഹികപ്രവര്‍ത്തകരായ സിയാദ് ഏഴംകുളവും സുബൈര്‍ കണ്ണൂരും സുഹൃത്തുക്കളും. അതിനായി നാട്ടില്‍നിന്ന് സമ്മതപത്രവും ഇന്ത്യന്‍ എംബസിയില്‍നിന്ന് രേഖകളും വാങ്ങി നാട്ടിലേക്ക് അയക്കാനിരിക്കവേ ഇനി മൃതദേഹം അയക്കേണ്ടതില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സല്‍മാബാദിലെ സെമിത്തേരിയില്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.