2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

സൈനിക വിന്യാസവും വിഘടനവാദികളുടെ അറസ്റ്റും: മുള്‍മുനയില്‍ കശ്മീര്‍, അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍

 

ശ്രീനഗര്‍: അടിയന്തരാടിസ്ഥാനത്തില്‍ കശ്മീരിലേക്ക് 100 അര്‍ധസൈനിക കമ്പനികളെ വിന്യസിക്കുന്നു, വിഘടനവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു, രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ക്കുള്ള സുരക്ഷ പിന്‍വലിക്കുന്നു, ഇതെല്ലാം കൂടി ഭീതിയിലും മുള്‍മുനയിലുമാണ് കശ്മീര്‍. എന്തു സാഹചര്യവും വരാമെന്ന കണക്കുകൂട്ടലില്‍, അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് കശ്മീരിലെ ജനങ്ങള്‍.

ശനിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് സുപ്രധാന ഉത്തരവുണ്ടായത്. 10,000 സൈനികരടങ്ങുന്ന 100 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചുകൊണ്ടാണ് ഉത്തരവ്. 45 കമ്പനി സി.ആര്‍.പി.എഫ്, ബി.എസ്.എഫില്‍ നിന്ന് 35 കമ്പനി, എസ്.എസ്.ബിയില്‍ നിന്നും ഐ.ടി.ബി.പിയില്‍ നിന്നും 10 വീതം കമ്പനികളെയുമാണ് ശനിയാഴ്ച വിന്യസിച്ചത്.

150 ല്‍ അധികം വിഘടന വാദികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കൂടുതല്‍ ജമാഅത്തേ ഇസ്‌ലാമി ജമ്മു ആന്റ് കശ്മീര്‍ സംഘടനയില്‍ നിന്ന്. ഇതിന്റെ മേധാവി അബ്ദുല്‍ ഹമീദ് ഫയാസിനെ അടക്കം അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ വകുപ്പ് 35-എയുടെ സാധുതയെപ്പറ്റി സുപ്രിംകോടതിയില്‍ കേസ് പരിഗണനയ്ക്കു വരുന്നതിന്റെ മുന്നോടിയായാണ് ഈ അറസ്റ്റ്. തിങ്കളാഴ്ചയാണ് കേസ് പരിഗണനയ്ക്ക് വരുന്നത്.

ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ശീതകാല അവധി റദ്ദാക്കി. തിങ്കളാഴ്ച എല്ലാവരും ജോലിയില്‍ എത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

റേഷന്‍ കടകള്‍ക്കും ഭക്ഷ്യവിതരണ ഏജന്‍സികള്‍ക്കും ശനിയാഴ്ച തന്നെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു തീര്‍ക്കണമെന്ന നിര്‍ദേശം നല്‍കി. ഞായറാഴ്ചയും ഇവയെല്ലാം തുറന്നുപ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍, സര്‍ക്കാരിന്റെ ഈ നിര്‍ദേശങ്ങളില്‍ ഭയപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങളില്‍ ഭയമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു. വലിയൊരു പ്രശ്‌നം വരാനുണ്ടെന്നും എല്ലാവരും തയ്യാറായി ഇരിക്കണമെന്നുമാണ് കശ്മീരിലെ നഗരവാസികള്‍ വിചാരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ ഭയപ്പെടുത്താതെ വേണം കാര്യങ്ങള്‍ ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. ചില ടി.വി ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ കൂടി അത്തരത്തിലാവുന്നതോടെ, ജനങ്ങള്‍ കൂടുതല്‍ പേടിയിലാണ്. സര്‍ക്കാരിലുള്ള ആരെങ്കിലും ഇത് കേള്‍ക്കുമെന്നാണ് കരുതുന്നതെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 35- എ

1954ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു ഭരണകാലത്താണ് ഭരണഘടനയുടെ 35-ാം അനുഛേദം എ പ്രകാരം കശ്മീരിന് പ്രത്യേകപദവി നല്‍കിയത്. നെഹ്‌റു മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് 35എ എന്ന വകുപ്പ് ഭരണഘടനയില്‍ ചേര്‍ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഭരണഘടന അനുഛേദം 370 പ്രകാരം പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെയാണ് 35എ ഉള്‍പെടുത്തിയത് എന്നതിനാല്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. 368 (i) പ്രകാരം പാര്‍ലമെന്റിന് മാത്രമേ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ സാധിക്കൂ എന്നുണ്ട്.

35 എ പ്രകാരം ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാരിന് തദ്ദേശവാസികള്‍ ആരാണെന്ന് നിര്‍ണ്ണയിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരമുണ്ട്. സംസ്ഥാന പൊതുമേഖലയിലെ നിയമനം, സംസ്ഥാനത്തിനകത്തെ വസ്തുക്കള്‍ ഏറ്റെടുക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍ മറ്റ് ധനസഹായങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഭരണഘടനയിലെ ഈ വകുപ്പ് പ്രത്യേക സ്വാതന്ത്ര്യാനുമതി നല്‍കുന്നു. 35എയ്ക്ക് കീഴില്‍ വരുന്ന സംസ്ഥാനസര്‍ക്കാരിന്റെ ഒരു പ്രവൃത്തിയേയും ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമായി കണക്കാക്കി ചോദ്യം ചെയ്യരുതെന്നും അനുശാസിക്കുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.