2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്വന്തം നിലപാടുകളുടെ തടവുകാര്‍

ഫാറൂഖ് അബ്ദുല്ലയുമായി സംസാരിച്ചിരുന്നു. ഇന്ത്യ തങ്ങളെ വഞ്ചിച്ചുവെന്ന് ഫാറൂഖ് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുതടങ്കലിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയെങ്കിലും സമ്മതിച്ചില്ല. തനിക്കു മാത്രമായി മോചനം വേണ്ടെന്നായിരുന്നു ഫാറൂഖിന്റെ നിലപാട്-അക്ബര്‍ ലോണ്‍ പറഞ്ഞു.

കെ.എ സലിം

 

 

 

മോദിയുടെയും ആര്‍.എസ്.എസിന്റെയും പദ്ധതിയെന്തെന്ന് ഓരോ കശ്മിരിക്കും അറിയാമെന്ന് പറയുന്നു സുഹൃത്ത് സാഹില്‍. ‘കശ്മിരിലെ മുസ്‌ലിം ജനസംഖ്യ അട്ടിമറിക്കുകയാണു ലക്ഷ്യം. ഇനിയും കൂടുതല്‍ സൈനിക ക്യാംപുകള്‍ വരും. സംസ്ഥാനത്ത് കുടിയേറ്റ കേന്ദ്രങ്ങളുണ്ടാക്കും. അവിടേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുടിയേറ്റി താമസിപ്പിക്കും. ഓരോ കശ്മിരി കൊല്ലപ്പെടുമ്പോഴും ഉത്തരേന്ത്യയില്‍ മോദിയുടെ ജനപ്രീതി ഉയരും. അതിനാല്‍ കൊല്ലപ്പെടാതിരിക്കുക എന്നതായിരുന്നു കശ്മിരികളുടെ നയം. 370ാം വകുപ്പ് നീക്കം ചെയ്യുമ്പോള്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും പ്രകടനങ്ങള്‍ നടക്കുമെന്നുമായിരിക്കണം മോദി കരുതിയത്. എന്നാല്‍ പ്രതിഷേധം മറ്റൊരു രീതിയിലാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം’.
സാഹില്‍ പറയുന്നതിനെ വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ശംസ് ഇര്‍ഫാന്‍ ശരിവയ്ക്കുന്നുണ്ട്. വിരമിച്ച സൈനികര്‍ക്കെന്ന പേരില്‍ പുല്‍വാമയിലെ ചാന്ദിഗാവിനടുത്ത് പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നുണ്ട്. ഇത് ഈ പദ്ധതിയുടെ തുടക്കമാണ്. സൈനികമുഷ്ടിയുടെ ബലത്തിലാണ് ആര്‍.എസ്.എസ് കുടിയേറ്റം നടക്കാന്‍ പോകുന്നത്. 370ാം വകുപ്പ് പിന്‍വലിക്കുന്നതിനെ കശ്മിരികള്‍ കാര്യമാക്കില്ല. എന്നാല്‍ 35 എ ഇല്ലാതാക്കിയത് അങ്ങനെയല്ല. തങ്ങളുടെ ഭരണഘടനാപരമായ സുരക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന ബോധ്യം ഓരോ കശ്മിരികള്‍ക്കുമുണ്ട്-ശംസ് പറയുന്നു. ഷോപ്പിയാനില്‍നിന്ന് മടങ്ങിയതിന്റെ പിറ്റേന്ന് യൂറോപ്യന്‍ യൂനിയന്‍ എം.പിമാര്‍ കശ്മിര്‍ സന്ദര്‍ശിച്ചതിന്റെ ആദ്യനാള്‍ നഗരം പൂര്‍ണമായും സ്തംഭിച്ചു. അപൂര്‍വമായി കാണാറുള്ള ഓട്ടോറിക്ഷകള്‍ പോലും ഇല്ലാതായിരുന്നു. തെരുവുകളില്‍ ആപ്പിള്‍ വില്‍ക്കുന്നവരും അന്നില്ലാതായി. ടാക്‌സി സ്റ്റാന്‍ഡുകള്‍ അടഞ്ഞുകിടന്നു.
ആരെയും കാണാനോ യാത്രചെയ്യാനോ കഴിയാത്ത ദിവസം. വെറുതെ ഫോണെടുത്ത് നാഷനല്‍ കോണ്‍ഫറന്‍സ് എം.പി മുഹമ്മദ് അക്ബര്‍ ലോണിനെ വിളിച്ചു. ‘ഞാന്‍ തുള്‍സി ബാഗിലെ വീട്ടിലുണ്ട്, അങ്ങോട്ട് വന്നോളൂ, കാണാം’ എന്നായിരുന്നു മറുപടി. ഗുപ്കര്‍ റോഡ് കഴിഞ്ഞാല്‍ കശ്മിരിലെ ഉന്നതര്‍ താമസിക്കുന്ന സ്ഥലമാണ് തുള്‍സി ബാഗ്. 370ാം വകുപ്പ് എടുത്തുകളയുന്ന പ്രമേയം ലോക്‌സഭ പാസാക്കുമ്പോള്‍ പാര്‍ലമെന്റിലായതിനാല്‍ അക്ബര്‍ ലോണ്‍ വീട്ടുതടങ്കലിലായിരുന്നില്ല. നാലു കിലോമീറ്റര്‍ നടന്നാണ് അക്ബര്‍ ലോണിന്റെ വീട്ടിലെത്തുന്നത്. സൈനിക ക്യാംപ് പോലെയായിരുന്നു തുള്‍സി ബാഗ്. സാധാരണക്കാര്‍ക്കു പ്രവേശനമില്ലാത്ത വലിയ മതില്‍കെട്ടിനുള്ളില്‍ സൈന്യം സുരക്ഷിതമാക്കിയ നിരവധി പാര്‍പ്പിട കേന്ദ്രങ്ങള്‍. അതിനുള്ളിലൊന്നിലായിരുന്നു അക്ബര്‍ ലോണിന്റെ വീട്.
തുള്‍സി ബാഗിലേക്കുള്ള പ്രധാന പ്രവേശനകേന്ദ്രത്തില്‍ പോലിസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പലവുരു പരിശോധിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്‍ ഇറങ്ങിവന്ന് ആദ്യത്തെ ചോദ്യങ്ങളെല്ലാം ആവര്‍ത്തിച്ചു. തുടര്‍ന്ന് അകത്തേക്ക് അനുമതിയായി. അകത്ത് അക്ബര്‍ ലോണിന്റെ വീട്ടിന്റെ ഒരുവശം നിറയെ സുരക്ഷാ സൈനികര്‍. സ്വീകരണ മുറിയില്‍ അക്ബര്‍ ലോണ്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കശ്മിരിലെത്തിയിട്ടും അവരെ കാണാന്‍ അക്ബര്‍ ലോണിനെ അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളായ ഞങ്ങളെ കാണാതെ ഈ സന്ദര്‍ശനത്തില്‍ എന്തു വിശ്വാസ്യതയാണുള്ളത്. എക്കാലത്തും ഇന്ത്യയ്‌ക്കൊപ്പം നിന്നവരാണ് ഞങ്ങള്‍. ഞങ്ങളെ മാറ്റിനിര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്-ലോണ്‍ ചോദിച്ചു.
നോക്കൂ, കശ്മിര്‍ മൂന്നു മാസമായി ഉപരോധത്തിലാണ്. എനിക്ക് ഈ വീട്ടില്‍നിന്ന് ഡല്‍ഹിയില്‍ പോകാന്‍ മാത്രമാണ് അനുമതി. എന്റെ മണ്ഡലത്തില്‍ പോകാന്‍ അനുമതിയില്ല. വീട്ടുതടങ്കലിലല്ലെങ്കിലും ആരെയും കാണാന്‍ അനുവദിക്കുന്നില്ല. ഓഗസ്റ്റ് അഞ്ചിനു ശേഷം എന്റെ വീട്ടില്‍ അവര്‍ കൂടുതല്‍ പൊലിസിനെയും സുരക്ഷാ സൈനികരെയും നിയോഗിച്ചു. എന്റെ സുരക്ഷയ്ക്കാണെന്നാണു പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് എനിക്കറിയാം-ലോണ്‍ പറഞ്ഞു. നിങ്ങളുടെ നേതാവ് ഫാറൂഖ് അബ്ദുല്ല മാസങ്ങളായി വീട്ടുതടങ്കലിലായിട്ടും പാര്‍ട്ടിക്ക് ഒരു പ്രതിഷേധം പോലും നടത്താനായില്ലല്ലോ എന്ന ചോദ്യത്തിനു പ്രതിഷേധിക്കാന്‍ ആരാണ് പുറത്തുള്ളതെന്നായിരുന്നു മറുപടി.
പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള നേതാക്കള്‍ മുതല്‍ ഉയര്‍ന്ന നേതാക്കള്‍ വരെ വീട്ടുതടങ്കലിലോ ജയിലിലോ ആണ്. ഞാനും മറ്റൊരു എം.പി ഹസ്‌നന്‍ മസൂദിയും വീട്ടുതടങ്കലിലല്ലെങ്കിലും അതിനു തുല്യമായ സാഹചര്യത്തിലാണ്. എന്നാല്‍ ജനം അവരുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. അതവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കശ്മിരികളുടെ പ്രത്യക്ഷമായ പ്രതിഷേധം നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ലായിരിക്കാം. സൈനിക വലയത്തിനുള്ളില്‍ അതിലപ്പുറം എന്തു പ്രകടനമാണു സാധ്യമാകുക. പ്രകടനം സാധ്യമാകുന്ന ഒരു സമയം ഞങ്ങള്‍ തന്നെ പ്രകടനത്തിനു നേതൃത്വം നല്‍കും. ഫാറൂഖുമായി സംസാരിച്ചിരുന്നു. ഇന്ത്യ തങ്ങളെ വഞ്ചിച്ചുവെന്ന് ഫാറൂഖ് പറഞ്ഞു. രോഷാകുലനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടുതടങ്കലിനെതിരേ കോടതിയെ സമീപിക്കാന്‍ തങ്ങളൊരുങ്ങിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. തനിക്കു മാത്രമായി മോചനം വേണ്ടെന്നായിരുന്നു ഫാറൂഖിന്റെ നിലപാട്-അക്ബര്‍ ലോണ്‍ പറഞ്ഞു.
എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. 370ാം വകുപ്പ് പിന്‍വലിക്കുന്നതിനു തലേദിവസം രാത്രി ശ്രീനഗറിലെ ഷെഹ്‌റെ കശ്മിര്‍ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിനു സമീപത്തെ ലേക്ക് വ്യൂ ഹോട്ടല്‍ സര്‍ക്കാര്‍ ജയിലാക്കി മാറ്റി. 50ലധികം രാഷ്ട്രീയക്കാരെയും മുന്‍ മന്ത്രിമാരെയും ഇവിടെ തടവില്‍ പാര്‍പ്പിച്ചു. എന്‍.സിയുടെ എം.എല്‍.എയായിരുന്ന യവഹര്‍ നബി ഭട്ടിനെ കസ്റ്റഡിയിലെടുത്ത് തടവില്‍ പാര്‍പ്പിക്കുന്നത് എവിടേക്കാണു കൊണ്ടുപോകുന്നതെന്ന് കുടുംബത്തോടുപോലും പറയാതെയാണ്. ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുല്ലയെയും തടവിലാക്കിയ ശേഷം ജമ്മുവില്‍ നിന്നുള്ള നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവീന്ദര്‍ സിങ് റാണയ്ക്കും സംഘത്തിനും ഇരുവരെയും കാണാന്‍ ഗവര്‍ണറുടെ ഓഫിസ് അനുവാദം നല്‍കിയപ്പോള്‍ ശ്രീനഗറില്‍ തന്നെയുള്ള എം.പിമാരായ അക്ബര്‍ ലോണിയും ഹസ്‌നന്‍ മസൂദിക്കും ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടേണ്ടി വന്നു. ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ഓഫിസായും പ്രവര്‍ത്തിച്ചിരുന്ന ഹരിനിവാസ് പാലസില്‍ നീട്ടിവളര്‍ത്തിയ താടിയുമായി തടവുകാരനായിരുന്നു ഉമര്‍ അബ്ദുല്ല. ഗുപ്കര്‍ റോഡിലെ വീട്ടില്‍ ഫാറൂഖും സമാനമായ സാഹചര്യത്തിലായിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മസൂദ് ഹുസൈന്‍ പറഞ്ഞതായിരുന്നു ശരി. സ്വന്തം നിലപാടുകളുടെ തടവുകാരായിരുന്നു അവര്‍. സ്വന്തം നേട്ടങ്ങളെക്കുറിച്ചല്ലാതെ കശ്മിരിനെക്കുറിച്ച് ഈ നേതാക്കള്‍ ഇത്രയും കാലം ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.
(തുടരും)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.