2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കശ്മിര്‍ എന്ന തടങ്കല്‍പ്പാളയവും  സുപ്രിംകോടതിയും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 
 
 
 
 
 
 
ജമ്മു-കശ്മിരിലെ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍നിന്ന് നാലുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം നേതാവാണ് എഴുപത്തിനാലുകാരനായ മുഹമ്മദ് യൂസഫ് തരിഗാമി.  കേരളത്തില്‍ പലവട്ടം വന്നിട്ടുള്ള ഈ കശ്മിര്‍ നേതാവ് മലയാളികള്‍ക്ക് സുപരിചിതനാണ്. കരുതല്‍ തടങ്കലിലാക്കിയ തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സുപ്രിംകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി കേരളീയരുടെ മനസും കലക്കി. ആര്‍.ഇ.സി വിദ്യാര്‍ഥിയും മകനുമായ പി. രാജനെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് റിട്ടിലെ തെളിവെടുപ്പും വിധിയുമെല്ലാം നിയമവിരുദ്ധ തടങ്കലിനെതിരായ ശക്തമായ വികാരം മലയാളിയുടെ മനസിലുണ്ടാക്കിയതാണ്. 
തടങ്കലില്‍വച്ച ആളെയോ അയാളുടെ ശരീരമോ ഞങ്ങളുടെ മുമ്പില്‍ ഹാജരാക്കൂ എന്ന മധ്യകാലത്തെ കോടതി ആജ്ഞയുടെ ലാറ്റിന്‍ ഭാഷാ പ്രയോഗമാണ് ‘ഹേബിയസ് കോര്‍പ്പസ്’. നിയമവിരുദ്ധമായ തടങ്കലില്‍നിന്ന് ഒരാളെ മോചിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി. എന്നാല്‍, ചരിത്രം ഒരിക്കലും അതുപോലെയല്ല ആവര്‍ത്തിക്കുക എന്ന ചൊല്ല് തരിഗാമിയുടേതടക്കമുള്ള ജമ്മു-കശ്മിര്‍ കേസുകളിലുണ്ടായി. 
അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ഭരണത്തില്‍ മൗലിക അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട സമയത്താണ് പി. രാജനെ പൊലിസുകാര്‍ കസ്റ്റഡിയിലെടുത്തത്. 13 മാസങ്ങള്‍ കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് അപേക്ഷമേലാണ് രാജനെ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനെതിരേ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. കക്കയത്തെ അനധികൃത പൊലിസ് പീഡനക്യാംപില്‍ കഠിന മര്‍ദനമേറ്റ് രാജന്‍ കൊല്ലപ്പെട്ടെന്ന് കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാരിന് ബോധിപ്പിക്കേണ്ടിവന്നു.  
ജമ്മു-കശ്മിര്‍ സംസ്ഥാനമാകെ നിരോധനാജ്ഞകൊണ്ടും കരുതല്‍ തടങ്കലുകള്‍ കൊണ്ടും തടങ്കല്‍ പാളയമായി ഒരു മാസത്തിലേറെ തുടരുമ്പോഴാണ് യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടി വരുന്നത്.  തരിഗാമിയുടേതു മാത്രമല്ല ബന്ധപ്പെട്ട മറ്റുരണ്ട് ഹേബിയസ് കോര്‍പ്പസ് ഹരജികള്‍കൂടി സുപ്രിംകോടതി മുമ്പാകെയുണ്ട്. അതിലൊന്ന് ബി.ജെ.പിക്കൊപ്പം സംസ്ഥാനം ഭരിച്ചിരുന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇത്തിജയുടേതാണ്. ഓഗസ്റ്റ് 10നു തന്നെ ഡല്‍ഹിയിലെ ഒരു നിയമവിദ്യാര്‍ഥി മുഹമ്മദ് അലീം സയ്യിദ് തന്റെ രക്ഷിതാക്കള്‍ ജമ്മു-കശ്മിരില്‍ തടങ്കലിലാണെന്ന് ആശങ്കപ്പെട്ട് ആദ്യ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നു.
 ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ മോദി ഗവണ്മെന്റ് രണ്ടാമതും അധികാരത്തില്‍ വന്നതിന്റെ 65-ാം ദിവസമാണ് ജമ്മു-കശ്മിരിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു കീഴിലെ തടങ്കല്‍ പാളയമാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. ഇതിനോട് അനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഏകാന്ത കരുതല്‍ തടങ്കലിലാക്കി, നൂറുകണക്കിന് ആളുകളെ കാരണം കാണിക്കാതെ വിമാനത്തില്‍ കയറ്റി ആഗ്രയിലെ ജയിലുകളില്‍ പാര്‍പ്പിച്ചു, ‘കശ്മിര്‍ ടൈംസ്’ പോലുള്ള  പത്രങ്ങളും വാര്‍ത്താ ഏജന്‍സി ഓഫിസുകളുമടക്കം എല്ലാ വാര്‍ത്താ-വിനിമയ സംവിധാനങ്ങളും അടച്ചുപൂട്ടി. 
സംസ്ഥാനത്തെ അവസ്ഥ നേരില്‍ മനസിലാക്കാനെത്തിയ ദേശീയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് രണ്ടുതവണ പൊലിസ് തിരിച്ചയച്ചു. തുടര്‍ന്നാണ് സിതാറാം യെച്ചൂരി സുപ്രിംകോടതിയെ സമീപിച്ചത്. ശ്രീനഗറില്‍ ഹൈക്കോടതി ഉണ്ടായിട്ടും ഒരാള്‍ക്കുപോലും അന്യായ കരുതല്‍ തടങ്കലിനെതിരേ അവിടെ ഹരജി നല്‍കാനാവാതെ സുപ്രിംകോടതിയെ സമീപിക്കേണ്ടി വന്നു. 
രാജന്‍കേസിലാകട്ടെ കേരള ഹൈക്കോടതി ഹേബിയസ് റിട്ട് ഹരജി പരിഗണിക്കുമ്പോള്‍ 1976ലെ എ.ഡി.എം ജബല്‍പൂര്‍ കേസില്‍ ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ കേള്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതി വിധിയും മൗലികാവകാശങ്ങള്‍ മരവിപ്പിച്ച ഭരണഘടനാ ഭേദഗതികളും സാങ്കേതികമായി നിലനിന്നിരുന്നു. എന്നിട്ടും അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഇന്ത്യയിലെ ആദ്യ ഹേബിയസ് കോര്‍പ്പസ് റിട്ട് ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു:’വ്യക്തി സ്വാതന്ത്ര്യത്തിന് എപ്പോഴെങ്കിലും കനത്ത ഭീഷണി ഉണ്ടാകുകയാണെങ്കില്‍ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കാവല്‍ ഭടന്‍മാരെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ ഉന്നത നീതിന്യായ സ്ഥാപനങ്ങള്‍ക്കുള്ള കടമ സ്മരിച്ചുകൊണ്ട് പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഈ കോടതിയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കുകയാണ്’.  തടങ്കലിനെക്കുറിച്ച് സര്‍ക്കാരിനു തര്‍ക്കമുണ്ടെന്ന കാരണത്താല്‍ കോടതിക്കു തങ്ങളുടെ അധികാരം പ്രയോഗിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയും അതിനോടു യോജിച്ച് ജസ്റ്റിസ് ഖാലിദും അന്ന് വ്യക്തമാക്കിയതാണ്.  
ഇതിന് ഉപോല്‍ബലകമായി സുപ്രിംകോടതിയുടേ തന്നെ രണ്ട് വിധികള്‍ ഉദ്ധരിച്ചാണ് രാജന്‍കേസില്‍ ഹൈക്കോടതി മുന്നോട്ടുപോയത്: ‘ഒരു പൗരനെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന ഹേബിയസ് കോര്‍പ്പസ് ഹരജി വന്നാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരസ്വാതന്ത്ര്യം ഉറപ്പിക്കുകയും എത്ര ഉയര്‍ന്നവരായാലും ആരുംതന്നെ നിയമത്തിനു വിരുദ്ധമായോ സ്വേച്ഛാപരമായോ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടി ഉടന്‍തന്നെ എടുക്കുകയും ചെയ്യേണ്ടത് കോടതിയുടെ കടമയാണ്’.
ഇപ്പോള്‍ ജമ്മു-കശ്മിര്‍ സംഭവത്തില്‍ സ്വയം പ്രഖ്യാപിച്ച ചരിത്രപരമായ ആ ബാധ്യത സുപ്രിംകോടതി തന്നെ നിറവേറ്റിയില്ല. പകരം  ഉത്തരവാദിത്വത്തില്‍നിന്നു ചഞ്ചലമായി മാറി കുറുക്കുവഴികള്‍ സ്വീകരിക്കുകയാണ് ചെയ്തത്. തരിഗാമിയെ കാണാനും അദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിന്നീടു പ്രവേശിപ്പിക്കാനും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും എതിര്‍പ്പു തള്ളി സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ സന ഇത്തിജക്ക് അമ്മ മെഹ്ബൂബയേയും സയ്യിദിന് മാതാപിതാക്കളെയും സന്ദര്‍ശിക്കാന്‍ അനുമതി കൊടുത്തിരുന്നു. 
എന്നാല്‍ രാജന്‍കേസില്‍ സ്വീകരിച്ചതുപോലുള്ള അടിയന്തര ഇടപെടല്‍ ഇത്തവണ സുപ്രിംകോടതിയില്‍നിന്ന് ഉണ്ടായില്ല. അനുച്ഛേദം 21, 22 അനുസരിച്ച് പൗരസ്വാതന്ത്ര്യം നിയമവിരുദ്ധമായി നിഷേധിച്ച് കരുതല്‍ തടങ്കലിലിട്ടു പീഡിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ നോട്ടിസ് അയക്കുകയോ സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനങ്ങളെ താങ്ങുകയും തലോടുകയും ചെയ്യാന്‍ പ്രത്യേക ജാഗ്രത കാണിക്കുകയാണ് ചെയ്തത്. വിശേഷിച്ചും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍പോലും കശ്മിരിലെ സംഭവങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍. പ്രത്യേക പദവി റദ്ദാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ വരുന്നതിന്റെ തലേന്നുമുതല്‍ ജമ്മു-കശ്മിരിനെയാകെ സൈനിക നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടറയും തടവറയുമാക്കി.  പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ചു.  ഇതിനെതിരേ ഓഗസ്റ്റ് 10നാണ് സയ്യിദ്  സുപ്രിംകോടതിയിലെത്തിയത്. പതിനെട്ടു ദിവസങ്ങള്‍ക്കു ശേഷമാണ് സയ്യിദിന്റെ ഹരജി ലിസ്റ്റ് ചെയ്തത്. യെച്ചൂരിയുടെ ഹരജിയില്‍ 26ന് ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് രമണ 23ന് ഉത്തരവിട്ടിരുന്നു. അതും രണ്ടുദിവസംകൂടി വൈകിപ്പിച്ചു. സംസ്ഥാന ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങി എല്ലാ ഉന്നത അധികൃതര്‍ക്കും മെഹ്ബൂബയുടെ മകള്‍ പരാതി നല്‍കിയിരുന്നു. അടിയന്തരാവസ്ഥയിലെന്നപോലെ ഒരാളും മറുപടി അയച്ചില്ല. ഒടുവില്‍, ആ പെണ്‍കുട്ടി ജമ്മു-കശ്മിരില്‍നിന്ന് രഹസ്യമായി മദിരാശിയിലെത്തിയാണ് പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതും നിയമപോരാട്ടം പ്രഖ്യാപിച്ച് സുപ്രിംകോടതിയെ സമീപിച്ചത്.
അനുച്ഛേദം 22 അനുസരിച്ച് ഭരണഘടനാപരമായി മാത്രമേ ആരെയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ പാടുള്ളൂ. എന്നിരിക്കെ സുപ്രിംകോടതി  കേന്ദ്ര ഗവണ്മെന്റിനോടും ഗവര്‍ണറോടും അടിയന്തര റിപ്പോര്‍ട്ട്  ആവശ്യപ്പെടണമായിരുന്നു. പകരം തരിഗാമിയെ ചെന്നുകണ്ട് തങ്ങള്‍ക്കു റിപ്പോര്‍ട്ടു നല്‍കാന്‍ സിതാറാം യെച്ചൂരിയോടാണ് കോടതി ഉത്തരവിട്ടത്.
ഇന്ത്യയുടെ ഏതു ഭാഗത്തും സഞ്ചരിക്കാനും ആശയവിനിമയം നടത്താനും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ജമ്മു-കശ്മിരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍  ഹരജിക്കാര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി ഈ മൗലികാവകാശങ്ങള്‍ സുപ്രിംകോടതിയും തടഞ്ഞു. എങ്കിലും പരിമിതമായ ഈ ഇടപെടല്‍ ജമ്മു-കശ്മിരിലേക്ക് കണ്ണു പായിക്കാനുള്ള ഒരു പഴുത് തുറന്നുവച്ചത് അത്രയും ഗുണം ചെയ്തു. ഭരണഘടനാബാധ്യത പൂര്‍ണമായി നിറവേറ്റിയില്ലെങ്കിലും. 
ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ആവശ്യാനുസൃതം അവര്‍ തീരുമാനിക്കേണ്ടതാണ് എന്ന് അടിയന്തരാവസ്ഥയില്‍ ഹേബിയസ് കോര്‍പ്പസ് കേസില്‍ സുപ്രിംകോടതി ഭൂരിപക്ഷ ബെഞ്ച് വിധിച്ചതോര്‍മ വരുന്നു.  അതിന്റെ ഓരംചാരി തന്നെയാണ് അടിയന്തരാവസ്ഥയിലല്ലാത്ത രാജ്യത്തെ സുപ്രിംകോടതി പോകുന്നതെന്ന് പറയേണ്ടിവരുന്നു. ‘കശ്മിര്‍ ടൈംസി’ന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിന്‍ മാധ്യമ നിയന്ത്രണങ്ങള്‍ക്കെതിരെയും തെഹ്‌സീന പൂനാവാല രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ വച്ചതിനും കര്‍ഫ്യൂരാജ് നടപ്പാക്കിയതിനും  എതിരെയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.  ആ കേസുകളും സെപ്റ്റംബര്‍ 16ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 
 പൗരന്റെ സ്വാതന്ത്ര്യത്തിനും മൗലിക അവകാശത്തിനും നേരെ ഭരണകൂടത്തില്‍നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ തത്സമയം പ്രതികരിക്കേണ്ടത് ഉന്നത നീതിപീഠങ്ങളാണ്.  പൗരാവകാശങ്ങളെ നിതാന്ത ജാഗ്രതയോടെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന കാവല്‍ഭടനാണ് സുപ്രിംകോടതിയെന്നാണ് വിശ്വസിച്ചുപോന്നത്. മോദി ഗവണ്മെന്റ് രണ്ടാമതും അധികാരത്തില്‍ വന്നശേഷം ആ വിശ്വാസം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ട്. ഇത്  ഭയപ്പെടുത്തുന്നതാണ്.സുപ്രിം കോടതിയിലെ സിറ്റിങ് ജഡ്ജിയായ ദീപക് ഗുപ്ത കഴിഞ്ഞദിവസം അഹമ്മദാബാദില്‍ പറഞ്ഞ ശക്തമായ അഭിപ്രായം ഉദ്ധരിച്ച് ഉപസംഹരിക്കട്ടെ: നിയമനിര്‍മാണ സഭ, ജുഡിഷ്യറി, ഭരണനിര്‍വഹണ വിഭാഗം, സായുധസേന എന്നിവയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല. ഇത് അടിച്ചമര്‍ത്തിയാല്‍ നാം പട്ടാളരാജ്യമായി മാറും. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.