2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാരുണ്യപ്രവൃത്തി മതദര്‍ശനങ്ങളില്‍


മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: 'ജനങ്ങള്‍ക്കു കരുണചെയ്യാത്തവന് അല്ലാഹു കരുണ ചെയ്യുകയില്ല.' നബി(സ) പറഞ്ഞു: 'നിങ്ങള്‍ കരുണ ചെയ്യൂ. നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെടും.' കാരുണ്യം ഏറ്റവും ഉദാത്തമായ ദര്‍ശനമായാണു പ്രവാചകന്‍ കാണുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്കാവുമ്പോള്‍ കാരുണ്യത്തിന്റെ മാറ്റു കൂടുന്നു. നബി ഒരിക്കല്‍ പറഞ്ഞു: 'നിങ്ങള്‍ കാരുണ്യവാന്മാരാവുക. കാരണം അല്ലാഹു കരുണ്യവാനും, കരുണ ഇഷ്ടപ്പെടുന്നവനുമാണ്.'

മുജീബ് തങ്ങള്‍ കൊന്നാര്

 

പ്രളയം, സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത പ്രളയത്തിനാണ് ഈ വര്‍ഷം സാക്ഷ്യംവഹിച്ചത്. വെള്ളം വില്ലനായപ്പോള്‍ കേരളജനത ആകെ ബുദ്ധിമുട്ടി. ജീവന്‍ നഷ്ടപ്പെട്ടവര്‍, സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവര്‍, സൂക്ഷിച്ചുവച്ച ഭക്ഷണസാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍… ഇങ്ങനെ നീണ്ടുപോകുന്നു നഷ്ടപ്പട്ടിക.

വെള്ളം സ്വന്തം പ്രദേശത്തെയും വീടിനെയും വിഴുങ്ങിയപ്പോള്‍ അനേകായിരങ്ങള്‍ അഭയംപ്രാപിച്ചത് ദുരിതാശ്വാസക്യാംപുകളിലായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഹായം കേരളത്തിലേക്കൊഴുകി. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായി.
പ്രളയബാധിതര്‍ക്കു സ്വന്തം മുതുക് പാലമാക്കിയ ജൈസലും സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച 9000 രൂപ ദുരിതാശ്വാസത്തിലേയ്ക്കു സംഭാവന ചെയ്ത തമിഴ്ബാലിക അനുപ്രിയയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പതിതമനസ്സുകളിലേയ്ക്കു ഹൃദയാകാശത്തില്‍ നിറസ്‌നേഹത്തിന്റെ മാരിവില്ലുമായി കടന്നുവന്ന വ്യവസായപ്രമുഖര്‍, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ സേവനങ്ങളും പ്രശംസനീയമാണ്.
ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായം ചെയ്യുകയെന്നതു ലോകത്തവതരിച്ച എല്ലാ മതങ്ങളും ദര്‍ശനങ്ങളും പുണ്യകര്‍മമായാണു കാണുന്നത്.
മുഹമ്മദ് നബി(സ) പറഞ്ഞു: ‘ഭൂമിയിലുള്ളവര്‍ക്കു നിങ്ങള്‍ കരുണ ചെയ്യുക, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും.’ (തുര്‍മുദി)
വീണ്ടും നബി പറയുന്നു: ‘തന്റെ അടിമകളില്‍ നിന്നു കരുണയുള്ളവര്‍ക്ക് അല്ലാഹു കരുണ ചെയ്യുന്നു.’ (ബുഖാരി) മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: ‘ജനങ്ങള്‍ക്കു കരുണചെയ്യാത്തവന് അല്ലാഹു കരുണ ചെയ്യുകയില്ല.’
നബി(സ) പറഞ്ഞു: ‘നിങ്ങള്‍ കരുണ ചെയ്യൂ. നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെടും.’
കാരുണ്യം ഏറ്റവും ഉദാത്തമായ ദര്‍ശനമായാണു പ്രവാചകന്‍ കാണുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്കാവുമ്പോള്‍ കാരുണ്യത്തിന്റെ മാറ്റു കൂടുന്നു. നബി ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ കാരുണ്യവാന്മാരാവുക. കാരണം അല്ലാഹു കരുണ്യവാനും, കരുണ ഇഷ്ടപ്പെടുന്നവനുമാണ്.’
മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്: ‘ആരെങ്കിലും ഒരു വിശ്വാസിക്കു ലൗകികപ്രശ്‌നം പരിഹരിച്ചു കൊടുക്കുന്ന പക്ഷം അദ്ദേഹത്തിന്റെ പുനരുത്ഥാന നാളിലെ ബുദ്ധിമുട്ടുകള്‍ അല്ലാഹു ദൂരീകരിച്ചു കൊടുക്കും. കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്നവര്‍ക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും ആശ്വാസം പ്രദാനം ചെയ്യും. മനുഷ്യന്‍ മനുഷ്യനെ സഹായിക്കുമ്പോള്‍ അല്ലാഹുവും സഹായിക്കും.’
പരിശുദ്ധ ഖുര്‍ആനും ദാനധര്‍മ കാരുണ്യപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു നിങ്ങള്‍ ചെലവഴിക്കുവിന്‍.’ (വി.ഖു 2:254) ക്രൈസ്തവ മതവും കാരുണ്യത്തിന്റെ മാഹാത്മ്യത്തെ വാഴ്ത്തുന്നതായി കാണാം.
ബൈബിള്‍ പറയുന്നു: ‘ഔദാര്യമാനസം പുഷ്ടിപ്രാപിക്കും.’
സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക് പറഞ്ഞു: ‘മതത്തിന്റെ കാതല്‍ ദയയും കാരുണ്യവുമാണ്.’ ഹൈന്ദവദര്‍ശനത്തിന്റെ പ്രചാരകരില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞത് -‘മാന്യമായ രീതിയില്‍ പണം സമ്പാദിക്കുകയും മനുഷ്യസമുദായത്തിന്റെ നന്മക്കായി അതു ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണു കുലീനന്‍.’
ഗാന്ധിസവും കാരുണ്യത്തിന്റെ മാഹാത്മ്യം ലോകത്തെ അറിയിച്ചു. ഒരിക്കല്‍ ഗാന്ധിജി അര്‍ധനഗ്നനായി നടന്നുനീങ്ങുമ്പോള്‍ ഒരു കുട്ടി ചോദിച്ചുവത്രെ, ‘എന്തുകൊണ്ടാണ് അങ്ങു ഷര്‍ട്ട് ധരിക്കാത്തത്.’
ഇതിനു മറുപടിയായി ഗാന്ധിജി പറഞ്ഞു: ‘എനിക്കു ധരിക്കാനൊന്നുമില്ല.’
ഇതു ശ്രവിച്ച കുട്ടി പറഞ്ഞു: ‘എങ്കില്‍ ഞാന്‍ അങ്ങേയ്‌ക്കൊരു ഷര്‍ട്ട് കൊണ്ടുവന്നു തരാം.
‘മോനേ ഒരു ഷര്‍ട്ട് എനിക്കു മതിയാവില്ല.’ ഗാന്ധിജി പറഞ്ഞു.
‘എങ്കില്‍ ഞാന്‍ രണ്ടു ഷര്‍ട്ട് തരാ’മെന്നായി കുട്ടി.
അപ്പോള്‍ ഗാന്ധിജി പറഞ്ഞു, ‘അതും മതിയാവില്ലല്ലോ. എനിക്ക് 40 കോടി ഷര്‍ട്ട് വേണം. അത്രയും തരാനാകുമോ.’
അതുകേട്ട ആ കൊച്ചു ബാലന്‍ അത്ഭുതത്തോടെ ചോദിച്ചു, ’40 കോടിയോ.’
ഗാന്ധിജി പറഞ്ഞു: ‘ഭാരതത്തില്‍ കുപ്പായമിടാന്‍ സാമ്പത്തികശേഷിയില്ലാത്ത അത്രയും ജനങ്ങളുണ്ട്.’കഷ്ടപ്പെടുന്നവരെ സഹായിക്കലാണു മനുഷ്യധര്‍മമെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്.
ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. പ്രളയക്കെടുതിയില്‍പ്പെട്ട് സാമ്പത്തികമായും മാനസികമായും തളര്‍ന്നുനില്‍ക്കുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ ഇന്നു നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കു മുന്നില്‍ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും അമൃതമഴ വര്‍ഷിക്കാന്‍ ഇനിയും നമുക്കു കഴിയണം. അത്തരം സുമനസ്സുകള്‍ക്കു ദൈവം നന്മകൊണ്ടു പ്രതിഫലം നല്‍കട്ടെയെന്നു പ്രാര്‍ഥിക്കാം.
‘ആയിരം സാഷ്ടാംഗപ്രണാമത്തേക്കാള്‍ ഒരു മനുഷ്യനോടു കരുണ കാണിക്കുന്നതാണു ഫലദായകം.’ എന്നാണ് ബെന്‍സന്റെ വാക്കുകള്‍.

വാല്‍ക്കഷണം :

ദുരിതബാധിതര്‍ക്കു നേരേ യു.എ.ഇ സര്‍ക്കാര്‍ നീട്ടിയ കാരുണ്യഹസ്തം തട്ടിത്തെറിപ്പിച്ച മോദിയന്‍ രീതി ലോകത്തെ ഏതു ദര്‍ശനത്തിലാണുള്‍പ്പെടുത്തുക


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.