2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

കര്‍ണാടകയില്‍ പൊടിപാറും

ഗിരീഷ് കെ നായര്‍ kgirishk@gmail.com

ഗുജറാത്തിലും ഹിമാചലിലും തേരോട്ടം നടത്തിയെങ്കിലും ഗുജറാത്തിലെ കിതപ്പ് ബി.ജെ.പിക്ക് വിട്ടുമാറിയിട്ടുണ്ടാവില്ല. മാസങ്ങള്‍ക്കിപ്പുറം കര്‍ണാടക തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അവിടെ ഭരണത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ പോരുന്ന ശക്തി ബി.ജെ.പി ഇനിയും ആര്‍ജിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയിലെത്തിയ രാഹുല്‍ ഗാന്ധിയാവട്ടെ ഇരുത്തം വന്ന നേതാവിനെപോലെയാണ് ഗുജറാത്തില്‍ പെരുമാറിയത്. അത് യുവജനങ്ങളെ അദ്ദേഹത്തിന്റെ പാളയത്തിലെത്തിക്കുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ ഭരണം പിടിക്കാനായിരുന്നു ശ്രമമെങ്കില്‍ കര്‍ണാടകയില്‍ അതു നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ യുദ്ധം. ഭരണവിരുദ്ധ വികാരവും നേതൃമത്സരവും ക്ഷീണിപ്പിക്കില്ലെന്ന് അവര്‍ കരുതുന്നു. രാഹുല്‍ അധ്യക്ഷനായതിനു പിന്നാലെയുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം കര്‍ണാടക വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഭരണം പിടിച്ചാല്‍ 2019ലും ഡല്‍ഹി വാഴാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി 2018 മെയ് 28ന് അവസാനിക്കും. അതനുസരിച്ച് മെയ് മാസത്തിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

 

ഗുജറാത്ത് പാഠം

ഗുജറാത്ത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പാഠം നല്‍കി. ഗ്രാമങ്ങളില്‍ എത്ര ആഴത്തിലേക്കിറങ്ങാം, എന്തൊക്കെ മാര്‍ഗങ്ങളാകാം എന്ന് കോണ്‍ഗ്രസ് ഗവേഷണം നടത്തി തെളിയിച്ചപ്പോള്‍ നാഗരിക-ഇടത്തരക്കാരെ എങ്ങനെ കൂടെ നിര്‍ത്താമെന്നതില്‍ ബി.ജെ.പിയും കഴിവു തെളിയിച്ചു. ഇത് കര്‍ണാടക ചിത്രത്തിലേക്കെത്തുമ്പോള്‍ നാഗരിക വോട്ടുബാങ്കില്‍ കടന്നുകയറാന്‍ കോണ്‍ഗ്രസും ഗ്രാമ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിയും തന്ത്രങ്ങളാവിഷ്‌കരിക്കുമെന്നുറപ്പ്. നഗരജനതയ്ക്ക് അടിസ്ഥാനവികസനവും സ്ഥിരതയും നേതൃഗുണവും ഒക്കെയാണ് വേണ്ടതെങ്കില്‍ കൃഷി, വിദ്യാഭ്യാസം, തൊഴില്‍ ഇതൊക്കെയാണ് ഗ്രാമീണര്‍ക്കാവശ്യം. എങ്കിലും ഗുജറാത്തിലെപ്പോലെ സ്ഥിരമായി ഒരു പാര്‍ട്ടിയെ തെരഞ്ഞെടുക്കുന്ന ചരിത്രം കര്‍ണാടകയിലെ നഗരജനതയ്ക്ക് ഇല്ലെന്ന പ്രത്യേകതയുമുണ്ട്.
ടിപ്പുസുല്‍ത്താന്‍, പശുസംരക്ഷണം,നദീജലം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്നത്. വര്‍ഗീയ നിറം തെരഞ്ഞെടുപ്പിന് കൈവന്നാല്‍ അത് ബി.ജെ.പിക്കനുകൂലമായി മാറുമെന്നതിനാല്‍ കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ ഏറെ ജാഗ്രതയോടെയാണ്. മഹാദായി നദിയിലെ വെള്ളം കുടിവെള്ളത്തിനും മറ്റുമായി കര്‍ണാടകയ്ക്ക് ലഭ്യമാക്കാമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉത്തര കര്‍ണാടകയ്ക്ക് യഥേഷ്ടം വെള്ളം ലഭ്യമാക്കുമെന്ന തരത്തിലുള്ള കാംപെയിന്‍ ബി.ജെ.പി ആരംഭിച്ചത് തങ്ങള്‍ തന്നെ ഭരിക്കുന്ന ഗോവയില്‍ നിന്ന് അനുകൂല നിലപാടെടുപ്പിക്കാമെന്നു കണക്കുകൂട്ടിയാണ്.

 

യദ്യൂരപ്പയുടെ ബി.ജെ.പി

മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇത്തവണയും ബി.ജെ.പി കച്ചമുറുക്കുന്നത്. 2008ല്‍ ഒറ്റയ്ക്ക് അധികാരമേറിയ പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ 2013 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണം നേരിട്ട ബി.ജെ.പി സര്‍ക്കാരിനെ കോണ്‍ഗ്രസ് മലര്‍ത്തിയടിച്ച് ഭരണം തിരിച്ചുപിടിച്ചു. 2012ല്‍ ബി.ജെ.പിയിലുണ്ടായ തമ്മിലടിക്കുപിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിട്ട യദ്യൂരപ്പ കര്‍ണാടക ജനതാപക്ഷം എന്ന മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയെ എതിരിട്ടതാണ് കോണ്‍ഗ്രസിന്റെ വിജയത്തിനുകാരണമായതെന്ന വാദവുമുണ്ട്. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ അമിത്ഷാ ഒതുക്കിത്തീര്‍ത്തപ്പോള്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. അതുവിനയാകാതിരിക്കാന്‍ രാഹുല്‍ ശക്തമായ സാന്നിധ്യമാകേണ്ടതുണ്ട്. വൊക്കലിഗ, ലിംഗായത്ത് വിഭാഗമാണ് ബി.ജെ.പിയുടെ വോട്ടുബാങ്ക്. മധ്യ-ഉത്തര-തീര മേഖലകളാണ് പാര്‍ട്ടിയെ തുണയ്ക്കുന്നതായി കാണാറ്.

 

ജെ.ഡി.എസ് സാന്നിധ്യം

ഗുജറാത്തിലേതില്‍നിന്നു വ്യത്യസ്തമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി നേര്‍ക്കുനേര്‍ മത്സരമായേക്കില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പഴയ പ്രതാപമില്ലെങ്കിലും മൂന്നാം മുന്നണിയായോ കിങ് മേക്കറായോ ജനതാദള്‍ സെക്യുലര്‍ രംഗത്തുണ്ടെന്നതാണ് കാരണം. തളര്‍ച്ചയിലാണെങ്കിലും അണികള്‍ക്ക് പഞ്ഞമില്ലാത്ത പാര്‍ട്ടിയാണ് ജെ.ഡി.എസ്. കര്‍ണാടകയില്‍ 20-30 ശതമാനം സീറ്റുകളിലെങ്കിലും ജയപരാജയം നിര്‍ണയിക്കാന്‍ ആ പാര്‍ട്ടിക്കു കഴിയും. പ്രത്യേകിച്ച് ബംഗളൂരു റൂറല്‍, മാണ്ഡ്യ, മൈസൂരു മേഖലകളില്‍. മാത്രമല്ല, പ്രബല വിഭാഗങ്ങളായ കുറുബ – വീരശൈവ വിഭാഗങ്ങളെയും ജെ.ഡി.എസ് വിടാതെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ട് ജെ.ഡി.എസിനെ ഒപ്പം കൂട്ടാന്‍ പ്രമുഖ പാര്‍ട്ടികള്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

എന്നാല്‍, സംസ്ഥാനത്ത് തൂക്കുസഭ ഉണ്ടായാല്‍ പോലും ബി.ജെ.പിയുമായി ഭരണം പങ്കിടാനില്ലെന്ന ജെ.ഡി.എസ് അധ്യക്ഷന്‍ കുമാരസ്വാമിയുടെ പ്രസ്താവന എതിര്‍ പാളയത്തെ ലാക്കാക്കിയാണ്. കര്‍ണാടകയാവുമ്പോള്‍ ഭരണം കൈപ്പിടിയിലൊതുക്കുന്നതിലാണ് കാര്യമെന്ന് തെളിയിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് ജെ.ഡി.എസ്. അതുകൊണ്ട് കുമാരസ്വാമിയുടെ പ്രസ്താവനകള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നാണ് പ്രമുഖ പാര്‍ട്ടികളുടെ നിലപാട്. തൂക്കുസഭയാണെങ്കില്‍ വിലപേശലിനുള്ള ബലം ജെ.ഡി.എസിനുണ്ടാവും. ബി.ജെ.പിയോടു മമത വിട്ട ജെ.ഡി.എസ് ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഭരണത്തിലിരിക്കുമ്പോള്‍ത്തന്നെ ജെ.ഡി.എസിനെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പിനിറങ്ങാന്‍ കോണ്‍ഗ്രസിന് വൈക്ലബ്യമുണ്ടാവും. ബി.ജെ.പിയോടൊപ്പം ഭരണത്തിലേറിയപ്പോഴും കോണ്‍ഗ്രസിനോടൊപ്പം ഭരണം പങ്കിട്ടപ്പോഴും ജെ.ഡി.എസ് നിലപാടുകള്‍ ആ പാര്‍ട്ടികളെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഗത്യന്തരമില്ലാത്തപ്പോള്‍ പോലും ജെ.ഡി.എസുമായി സഖ്യത്തിന് ഇരുപാര്‍ട്ടികളും തുനിഞ്ഞേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

തീരമേഖലയില്‍ പൊടിപാറും

ബി.ജെ.പിയുടെ ശക്തമായ സ്വാധീനം കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിരുന്നു. ഇവിടേക്ക് കടന്നുകയറാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരുന്നതിനിടെയാണ് പശുസംക്ഷകനെന്ന് ബി.ജെ.പി പ്രഖ്യാപിച്ച 19കാരന്‍ പരേഷ് മേത്ത കൊല്ലപ്പെട്ടത്. ഇത് ആയുധമാക്കി കോണ്‍ഗ്രസിനെ തീരമേഖലയില്‍ ബി.ജെ.പി തടയുന്നു. ഉത്തര-ദക്ഷിണ കര്‍ണാടകയെ അപേക്ഷിച്ച് തീരമേഖല സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകില്ലെങ്കിലും ഇവിടെ ബി.ജെ.പിയെ ആശങ്കപ്പെടുത്താനായാല്‍ ഭരണം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച തീരമേഖല തുടര്‍ന്നു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തിനൊപ്പം നിന്നു. ഇത്തവണയും അതുണ്ടായാല്‍ ക്ഷീണമാകുമെന്ന് കോണ്‍ഗ്രസിനറിയാം. അതേസമയം മധ്യകര്‍ണാടക ബി.ജെ.പിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 154 ഗ്രാമീണ സീറ്റുകളും 70 നാഗരിക സീറ്റുകളും ഉണ്ട്. നാഗരിക ഇതില്‍ 28ഉും ബംഗളൂരുവിലാണ്.

 

സഖ്യസാധ്യത

കര്‍ണാടകയില്‍ മുമ്പത്തേതില്‍ നിന്നു വിഭിന്നമായി ഒരു സഖ്യം അധികാരത്തില്‍ വരാനാണ് സാധ്യതയേറെ. തൊഴുത്തില്‍ കുത്ത് ഏതുനിമിഷവും ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും കീഴ്‌പെടുത്തിയേക്കാം. ബി.ജെ.പിക്ക് 2013 പേടിസ്വപ്നമാണ്. 2004ല്‍ ബി.ജെ.പി 79 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ അവരെ ഭരണത്തില്‍ നിന്നകറ്റാന്‍ 65 സീറ്റുള്ള കോണ്‍ഗ്രസ് 58 സീറ്റുള്ള ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി. മുഖ്യമന്ത്രിയാകണമെന്ന കുമാരസ്വാമിയുടെ ആവശ്യം ഉപമുഖ്യമന്ത്രി പദത്തിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ ധരംസിങ് മുഖ്യമന്ത്രിയായി. 19 മാസം നീണ്ട സഖ്യം തകരുന്നതാണ് പിന്നീട് കണ്ടത്. ജെ.ഡി.എസിലുണ്ടായിരുന്ന സിദ്ധരാമയ്യയെ കോണ്‍ഗ്രസ് വളച്ചെടുത്തതാണ് തര്‍ക്കത്തിനും സഖ്യതകര്‍ച്ചയ്ക്കും കാരണമായത്. കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച് ജെ.ഡി.എസ്. എം.എല്‍.എമാര്‍ പിന്നീട് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം മാത്രം ആഗ്രഹിച്ച കുമാരസ്വാമി ആ പദവി യദ്യൂരപ്പയുമായി പങ്കുവച്ച് ധാരണയുണ്ടാക്കി. ആദ്യം കുമാരസ്വാമിക്കായിരുന്നു മുഖ്യമന്ത്രിസ്ഥാനമെങ്കിലും 2007ല്‍ സ്ഥാനം യദ്യൂരപ്പയ്ക്ക് കൈമാറാന്‍ സ്വാമി വിസമ്മതിച്ചു. ഇതോടെ കുമാരസ്വാമിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭരണമുണ്ടായെങ്കിലും ഇരുപാര്‍ട്ടികളും വീണ്ടും സഖ്യം ചേര്‍ന്ന് ഭരണത്തിലേറിയെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോള്‍ ജെ.ഡി.എസ് പാലം വലിച്ചു. പ്രമുഖ പാര്‍ട്ടികള്‍ രണ്ടും ജെ.ഡി.എസില്‍ നിന്ന് അപമാനഭാരം രുചിച്ചതിനാല്‍ സഖ്യം ആരുതമ്മിലാവുമെന്ന് കണ്ടറിയണം. സഖ്യ സര്‍ക്കാരിന്റെ നിലനില്‍പും പ്രവചനാതീതമാണ്.

 

കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ആയുധം ദലിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളാണ്. യദ്യൂരപ്പയുടെ ജനസ്വാധീനം കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അവകാശപ്പെടാനാവില്ല. പിന്നാക്കക്കാരുടെ അവകാശപ്പോരാളിയായി സിദ്ധരാമയ്യ അറിയപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ലാഭത്തിനാണ് അദ്ദേഹം അതുപയോഗിക്കുന്നതെന്ന ആരോപണം പിന്നാക്കക്കാര്‍ക്കുണ്ട്. കോണ്‍ഗ്രസ് പ്രതിഛായ കാണുന്നത് രാഹുലിന്റെ മികവില്‍ തന്നെയാണ്. താന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം മതിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയായി തുടരാനുള്ള അതിയായ ആഗ്രഹം കൊണ്ടാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെപറയുന്നു.

കോണ്‍ഗ്രസിന്റെ ജയസാധ്യത തേടി തന്ത്രപരമായ നീക്കങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരംഭിച്ചുകഴിഞ്ഞു. പട്ടികവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ചിത്രം പതിച്ച ലാപ്‌ടോപ്പ് നല്‍കിയത് ആ വിഭാഗത്തെ കൂടെനിര്‍ത്താന്‍ വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. തമിഴ്‌നാട്ടില്‍ ജയലളിതയാണ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കി വീട്ടുകാരുടെ വോട്ട് തട്ടിയത്. പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചതാണ് ഇതിനടിസ്ഥാനം.

ജനുവരി 20ന് പട്ടികവിഭാഗക്കാരുടെ സമ്മേളനം കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്നതും ബി.ജെ.പിക്ക് ഒരുമുഴം മുന്നേ വോട്ടുപാട്ടിലാക്കാനാണ്. ഈ സമ്മേളനത്തില്‍ അല്‍പേഷ്, ഹാര്‍ദിക്, മേവാനി ത്രയത്തെ പങ്കെടുപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഈ യുവത്രയവുമായി ഗുജറാത്തില്‍ ഉണ്ടാക്കിയ പിന്നാക്ക വിഭാഗ സഖ്യമുന്നണി ബി.ജെ.പിക്ക് കടുത്ത തലവേദന ഉയര്‍ത്തിയിരുന്നു. പട്ടിക വിഭാഗത്തെ കൂടെ നിര്‍ത്തി കര്‍ണാടകയില്‍ വിജയം നിലനിര്‍ത്താമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഗുജറാത്തില്‍ പാര്‍ട്ടിയെ നയിച്ച രാഹുല്‍ ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷനായാണ് പട നയിക്കാന്‍ കര്‍ണാടകയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

 

2013 ലെ വീതംവയ്പ്

ബംഗളൂരു നഗരം: കോണ്‍ഗ്രസ് 13, ബി.ജെ.പി 12, ജെ.ഡി.എസ് 03
ഓള്‍ഡ് മൈസൂരു: കോണ്‍ഗ്രസ് 40 (2008ല്‍ 41), ജെ.ഡി.എസ് 30 (2008ല്‍ 18)
ദക്ഷിണ കന്നഡ: കോണ്‍ഗ്രസ് എട്ടുസീറ്റും നേടി. ഉഡുപ്പിയില്‍ 5ല്‍ ഒരു സീറ്റ്.
മുംബൈ അതിര്‍ത്തി: 56ല്‍ 34 കോണ്‍ഗ്രസ്, ബി.ജെ.പി 14 നിലനിര്‍ത്തി, യദ്യൂരപ്പയുടെ കെ.ജെ.പി രണ്ട്, ബി.എസ്.ആര്‍.കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഒന്നുവീതം. മധ്യകര്‍ണാടക: തുംകൂരു, ദാവണ്‍ഗെരെ, ചിത്രദുര്‍ഗ, ശിവമോഹ ജില്ലകളുടെ മേഖലയില്‍ കോണ്‍ഗ്രസ് 32ല്‍ 18, ബി.ജെ.പി 02, തുംകൂരില്‍ ജെ.ഡി.എസ് 05
ഹൈദരാബാദ് അതിര്‍ത്തി: കോണ്‍ഗ്രസ് 19, ബി.ജെ.പിയും ജെ.ഡി.എസും നാലുവീതം.
സംവരണ സീറ്റുകള്‍: മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 9 സീറ്റ് കൂടുതല്‍ നേടി കോണ്‍ഗ്രസ് 26ലെത്തി. ബി.ജെ.പി 08, ജെ.ഡി.എസ് രണ്ടില്‍ നിന്ന് 11ലെത്തി ബി.എസ്.ആര്‍ കോണ്‍ഗ്രസിന് 04, സ്വതന്ത്രര്‍ രണ്ട്.

 

ഹൃദയമിടിപ്പറിയാന്‍

ജനങ്ങളുടെ ഹൃദയമിടിപ്പ് അനുകൂലമോ എന്നറിയാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥി മോഹികളും സര്‍വേ ഏജന്‍സികളുടെ പിന്നാലെയാണ്. ഏതാണ്ട് 250 ബൂത്തുകളാണ് ഒരു മണ്ഡലത്തിലെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ വോട്ടര്‍മാരെ കണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ജയസാധ്യത അറിയുന്നതാണ് സര്‍വേ. പാര്‍ട്ടികള്‍ മൂന്നുകോടി വരെ ഇതിനു ചെലവിടുമ്പോള്‍ വ്യക്തികള്‍ സ്വകാര്യ സര്‍വെ നടത്തുന്നത് മൂന്നു മുതല്‍ നാലരലക്ഷം രൂപവരെ ചെലവിട്ടാണ്. ചില സ്വകാര്യ ന്യൂസ് ചാനലുകളും ഇതില്‍ പങ്കാളികളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആധുനിക തെരഞ്ഞെടുപ്പ് രീതികള്‍ പയറ്റുമ്പോഴും കര്‍ണാടകയില്‍ അടുത്ത ഭരണം ആരുകൈയാളുമെന്ന് കാത്തിരുന്നുകാണണം.

 

രജനി സാന്നിധ്യമാകുമോ?

ഇത്തവണ കര്‍ണാടക തെരഞ്ഞെടുപ്പില്‍ എടുത്തുപറയേണ്ട ഒരു സാന്നിധ്യം തമിഴ് നടന്‍ രജനീകാന്തിന്റേതായിരിക്കുമെന്ന് സൂചനകളുണ്ട്. നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരവുമായി രജനി എത്തുമോ എന്നു സൂചനയില്ലെങ്കിലും തമിഴരുടെ വോട്ടു ബാങ്കുകളില്‍ രജനിയുടെ സ്വാധീനം പ്രകടമാകും. തമിഴ്‌നാട്ടില്‍ വോട്ടെടുപ്പിന് വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം കഴിഞ്ഞതിനു പിന്നാലെ വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ തമിഴ്മക്കള്‍ രജനിയെ ഉറ്റുനോക്കുന്നുണ്ട്.രജനിയുടെ ഈ സ്വാധീനം വോട്ടാക്കാന്‍ ബി.ജെ.പി ഇപ്പോഴേ ശ്രമം ആരംഭിച്ചതായി പറയുന്നു. ബംഗളൂരു, മൈസൂരു, കോലാര്‍, റെയ്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ് ജനതയാണ് ജയപരാജയം നിശ്ചയിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.