2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

കര്‍ണാടകയില്‍ മാറ്റുരയ്ക്കുന്നത്

ഗിരീഷ് കെ നായര്‍

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രമുഖ പാര്‍ട്ടികള്‍ക്കൊന്നും ആത്മവിശ്വാസമില്ലാത്ത കാഴ്ചയാണ്. ഭരണ കക്ഷിയായ കോണ്‍ഗ്രസിനെതിരേ കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. സിദ്ധരാമയ്യക്ക് ജനമനസുകളില്‍ പ്രമുഖ സ്ഥാനം നേടിയെടുക്കാനായത് കോണ്‍ഗ്രസിന് പകുതി ആശ്വാസം നല്‍കുന്നതാണ്. ചില എം.എല്‍.എമാര്‍ക്കെതിരേ പ്രാദേശികമായി ജനരോഷം ഉയരുന്നുണ്ടെന്നതും ശരി. അഴിമതി വീരന്‍മാരായ റെഡ്ഡി സഹോദരന്‍മാരെ കൂടെ കൂട്ടിയതിന് ബി.ജെ.പി പഴി കേള്‍ക്കുന്നു. മോദിയില്‍ ആശ്രയിച്ച് ബി.ജെ.പി നില്‍ക്കുമ്പോള്‍ ദേവ ഗൗഡയുടെ ജെ.ഡി.എസിന്റെ കാര്യത്തില്‍ നിലപാടു വ്യക്തമല്ല.

 

സിദ്ധരാമയ്യയും മോദിയും
യെദ്യൂരപ്പയും
കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നു പറയുന്നതിനേക്കാള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലാണെന്നു പറയാം. ബിഹാറില്‍ ഇതുതന്നെയായിരുന്നു സ്ഥിതി. ജയലളിതയുടെ തമിഴ്‌നാട്ടിലും അതായിരുന്നു. മമതയുടെ ബംഗാളിലും അതാവും സ്ഥിതി. സൂക്ഷ്മമായി വിലയിരുത്തിയാല്‍ സിദ്ധരാമയ്യയും മറ്റുള്ളവരും തമ്മിലാണ് കര്‍ണാടകയില്‍ മത്സരമെന്നു പറയേണ്ടിവരും. താന്‍ പറയുന്ന വഴിയിലേക്ക് മറ്റ് രാഷ്ട്രീയക്കാരെ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങളൊന്നും ഇതുവരെ സിദ്ധരാമയ്യക്കെതിരേ വിലപോയിട്ടില്ല. അഥവാ, ബി.ജെ.പി പയറ്റുമായിരുന്ന തന്ത്രങ്ങളാണ് സിദ്ധരാമയ്യ പ്രയോഗിക്കുന്നത്.
ബി.ജെ.പി കടുത്ത ആശങ്കയിലാണ്. അഴിമതിയില്‍ അകത്തായ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെയാണ് അവര്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്താനാവാതിരിക്കേ അഴമതിക്കറ പുരണ്ട സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ അംഗീകരിക്കുമോ എന്നു പാര്‍ട്ടി ഇപ്പോഴും ഭയപ്പെടുന്നുണ്ടെങ്കിലും യെദ്യൂരപ്പയുടെ ജാതീയ വോട്ടുബാങ്കില്‍ത്തന്നെയാണ് പാര്‍ട്ടിയുടെ കണ്ണ്.
രണ്ടാഴ്ച മുമ്പുവരെ നിവര്‍ന്നു നില്‍ക്കാന്‍ ശേഷിയില്ലാത്തവിധം നേതൃ ഗരിമയോ നായക വിന്യാസമോ പടനായകരോ ഇല്ലാതെ തൊഴുത്തില്‍കുത്തുമായി പതനംകണ്ട ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെയാണ് അല്‍പമെങ്കിലും ഊര്‍ജസ്വലമായത്. മോദിയുടെ റാലികള്‍ ജനസഞ്ചയങ്ങളാണ്. 15 റാലികളാണ് മോദിക്കുവേണ്ടി നിശ്ചയിച്ചിരുന്നതെങ്കിലും പാര്‍ട്ടി അത് 21 ആയി ഉയര്‍ത്തിയതിനു കാരണം മറ്റൊന്നല്ല. മോദിയില്ലായിരുന്നെങ്കില്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്ഥിതി എന്താവുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.

തെറ്റുകള്‍ ആവര്‍ത്തിച്ച് ബി.ജെ.പി
മോദി വന്ന് ബി.ജെ.പിയെ ആവേശത്തിലെത്തിച്ചുവെങ്കിലും പാര്‍ട്ടി ദിവസങ്ങള്‍ക്കു മുന്‍പ് സ്വീകരിച്ച ചില നിലപാടുകളെങ്കിലും അവരെ വേട്ടയാടുന്നവയാണ്. യെദ്യൂരപ്പയെ സര്‍വാത്മനാ മുന്നില്‍ നിര്‍ത്തുമ്പോഴും അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് നിഷേധിച്ചത് ഫലത്തില്‍ സ്വന്തം അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കി. യെദ്യൂരപ്പയ്ക്ക് അഞ്ചുവര്‍ഷം തികച്ചു നല്‍കിയേക്കില്ലെന്ന വര്‍ത്തമാനവും വീരശൈവരില്‍ ഒരു വിഭാഗത്തോട് താല്‍പര്യമില്ലെന്ന സൂചനയും സംസ്ഥാനത്ത് പ്രചരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. അതായത് വീരശൈവ വോട്ടു നേടാന്‍ മാത്രം യെദ്യൂരപ്പയെ ഉപയോഗിക്കുക, 2019 തെരഞ്ഞെടുപ്പ് എത്തുന്ന മുറയ്ക്ക് അദ്ദേഹത്തെ മാറ്റുക എന്ന തന്ത്രം ബി.ജെ.പി പ്രയോഗിക്കുമെന്ന സംസാരം പാര്‍ട്ടിക്ക് ദോഷം ചെയ്യും.

റെഡ്ഡിയും ലിംഗായത്തും
അഴിമതി വീരന്‍മാരെന്ന് നാടും നഗരവും രാജ്യവും ഒന്നുപോലെ പഴിച്ച റെഡ്ഡി സഹോദരന്‍മാര്‍ക്ക് ടിക്കറ്റ് നല്‍കി ബി.ജെ.പി ഞെട്ടിച്ചു. ബെള്ളാരിയിലെ 10നും 15നും ഇടയ്ക്കുള്ള സീറ്റ് മോഹമാണ് അതിനുപിന്നിലെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ ആശങ്കയിലാണ്. റെഡ്ഡി സഹോദരന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി എട്ടു സീറ്റുകളാണ് പാര്‍ട്ടി നല്‍കിയത്. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലെന്ന് ഘോരഘോരം പ്രസംഗിക്കുകയും അഴിമതിക്കാരെന്നു മുദ്ര കുത്തപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളിലേക്ക് അവരോധിക്കുകയും ചെയ്യുന്നത് എന്തു തന്ത്രത്തിന്റെ പേരിലായാലും പാര്‍ട്ടിക്ക് പഴികേള്‍ക്കേണ്ടിവരും, പിഴയൊടുക്കേണ്ടിയുംവരും.
അതുപോലെ കര്‍ണാടകയില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായ ലിംഗായത്തുകളെ പിളര്‍ത്താന്‍ വേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇറക്കിയ ചാണക്യ തന്ത്രമായിരുന്നു സംവരണം. ഫലത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സംവരണം കിട്ടുകയും ബി.ജെ.പിക്കൊപ്പം നില്‍ക്കുകയുമെന്ന തന്ത്രമാണ് ലിംഗായത്തുകളുടേതെന്നാണ് മനസിലാകുന്നത്. ലിംഗായത്തുകളെയും വീരശൈവരെയും വിഘടിപ്പിക്കാന്‍ സിദ്ധരാമയ്യ ഇറക്കിയ തുറുപ്പുചീട്ട് ആ വിഭാഗക്കാര്‍ക്ക് ബോധ്യപ്പെട്ടതാണ് വിനയായത്. ഉത്തര കന്നഡയില്‍ ജാതിപ്രശ്‌നത്തേക്കാള്‍ ലിംഗായത്തുകള്‍ ഉത്കണ്ഠാകുലരാകുന്നത് പ്രാദേശിക വിഷയങ്ങളിലാണുതാനും.

വരാനിരിക്കുന്നത് ഗൗഡയുടെ തന്ത്രം
തെരഞ്ഞെടുപ്പുകള്‍ വാശിയോടെ നടക്കും. ഫലം വരുമ്പോള്‍ ആരു ഭരിക്കണമെന്ന് ഗൗഡ തീരുമാനിക്കും, സാക്ഷാല്‍ ദേവ ഗൗഡ. ജെ.ഡി.എസിന്റെ നായകനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു. ഭരണം തങ്ങളൊന്നിച്ചാവും എന്ന സന്ദേശമാണ് മോദി നല്‍കുന്നത്. ജെ.ഡി.എസ് എന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസ് ആരോപണം ആ പാര്‍ട്ടിക്ക് സഹിക്കാവുന്നതല്ല. നിലവിലെ സ്ഥിതിയില്‍ 40നും 50നും ഇടയില്‍ സീറ്റുകള്‍ ജെ.ഡി.എസ് സ്വന്തമാക്കുമെന്നാണ് കരുതുന്നത്. അങ്ങനെവരുമ്പോള്‍ ഭരണം ആരു കയ്യാളണമെന്ന് അവര്‍ തീരുമാനിക്കും. ജെ.ഡി.എസിന് സീറ്റില്‍ ഇടിവ് സംഭവിച്ചാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നു കരുതാം. അതുപോലെ ബി.ജെ.പിക്ക് നഷ്ടപ്പെടാവുന്ന വോട്ട് കോണ്‍ഗ്രസിന് ലഭിക്കില്ല. അത് ജെ.ഡി.എസിന്റെ പെട്ടിയില്‍ വീഴും. കോണ്‍ഗ്രസിനു നഷ്ടപ്പെടുന്ന നിഷ്പക്ഷ വോട്ടുകളും ജെ.ഡി.എസിലേക്കുപോകുമെന്നാണ് വിലയിരുത്തേണ്ടത്.

വര്‍ഗീയതയില്ല, പ്രാദേശിക വാദം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ ജാതീയ ചിന്തകള്‍ ഉരുത്തിരിയുകയും ഫലത്തെ അതു ബാധിക്കുകയും ചെയ്യുന്നത് കണ്ടിരുന്നു. കര്‍ണാടകയില്‍ അതുവിലപ്പോവില്ല. സിദ്ധരാമയ്യ ഒരു മുഴം മുന്നേ എറിഞ്ഞതും അത് മനസില്‍ കണ്ടാണ്.
കര്‍ണാടകയില്‍ പ്രാദേശിക വാദം രൂഢമൂലമാണ്. സ്വന്തം പതാകയുള്ള സംസ്ഥാനം കന്നഡ നാടിനും ഭാഷയ്ക്കും ജീവന്‍ ത്യജിക്കാന്‍ തയാറുള്ളവരുടെ മണ്ണാണ്. അത് മുതലെടുത്ത് പതാകയ്ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയും ‘നമ്മ മെട്രോ’യില്‍ ഹിന്ദി വാചകങ്ങള്‍ ചുരണ്ടിമാറ്റി കന്നഡ ലിഖിതങ്ങള്‍ ചേര്‍ത്തതും ഇത് ലാക്കാക്കിയാണ്.
ജാതിവോട്ടുകള്‍ വിധി നിര്‍ണയിക്കുന്നത് കര്‍ണാടകയുടെ തീരമേഖലകളിലാണ്. മൂന്നു ജില്ലകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുന്നുള്ളൂ. ഗുജറാത്തില്‍ വന്‍ റാലികളിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിച്ചതെങ്കില്‍ ആ കാര്‍ഡിന് ഇവിടെ വലിയ സ്വീകാര്യത ലഭിച്ചില്ല. വര്‍ഗീയതയോട് സംസ്ഥാനം മുഖം തിരിച്ചെന്നുവേണം ഇതില്‍നിന്നും മനസിലാക്കാന്‍.

രാഹുലിന്റെ സാന്നിധ്യം
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കണമെങ്കില്‍ കര്‍ണാടകയില്‍ വിജയിച്ചേതീരൂ. സംസ്ഥാനത്ത് സിദ്ധരാമയ്യക്കു പിന്നില്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് സ്ഥാനം ലഭിക്കുന്നുള്ളൂ എന്ന ന്യൂനതയുണ്ട്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിനുപിന്നിലായിരുന്നു രാഹുലിന്റെ സ്ഥാനം. അവിടെ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചിരുന്നു. ഇവിടെയും അത് സംഭവിക്കുമെന്ന് രാഹുല്‍ വിശ്വസിക്കുന്നു. ശിവമോഗയില്‍ നിന്ന് ദാവനഗെരെയിലേക്ക് ബസ് യാത്ര നടത്തിയ രാഹുലിന് ലഭിച്ച സ്വീകരണം വോട്ടാകുമെന്ന് കോണ്‍ഗ്രസുപോലും കരുതുന്നുണ്ടാവില്ല. കാരണം അന്നാട്ടുകാരുടെ പ്രിയ വനിത ഇന്ദിരാമ്മയെന്ന ഇന്ദിരാഗാന്ധിയായിരുന്നു. അവരുടെ പേരക്കുട്ടിയെ കാണുന്നത് അവരെകാണുന്നതിനു തുല്യമായി പ്രദേശവാസികള്‍ കരുതുന്നു. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ഇന്ദിരാഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ചിക്കമംഗലൂരില്‍ നിന്നായതും അവര്‍ക്ക് പുളകങ്ങള്‍ നല്‍കുന്ന ഓര്‍മയാണ്.

കാണാതെ പോകരുത്
ദലിത്-മുസ്‌ലിം വോട്ടുകള്‍
ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും തെളിഞ്ഞുകാണാത്ത ഒരു വശമുണ്ട്. ഇത്തവണത്തെ കര്‍ണാടക ഫലത്തെ ഏറെ സ്വാധീനിക്കുന്നത് ദലിത്-മുസ്‌ലിം വോട്ടുകളായിരിക്കും. രാജ്യത്ത് എങ്ങും മുസ്‌ലിം-ദലിത് സമുദായങ്ങള്‍ക്ക് നേരേ നടക്കുന്ന കൊടിയ അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. എങ്കിലും വോട്ടുബാങ്കുകളിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ ഏതു ദിശയിലേക്കായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അത് ബി.ജെ.പിക്ക് എതിരേയായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, കോണ്‍ഗ്രസിനുലഭിക്കുമെന്ന് വിലയിരുത്താനുമാവില്ല.
കര്‍ണാടക ജനസംഖ്യയില്‍ 35 ശതമാനത്തോളം വരുന്നത് ഈ രണ്ടു വിഭാഗങ്ങളാണ്. അതുപോലെ ഉവൈസിയുടെ പാര്‍ട്ടിയും മായാവതിയുടെ പാര്‍ട്ടിയും ഈ വോട്ടു ബാങ്കുകളില്‍ കണ്ണുവച്ച് രംഗത്തുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.