2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പി കൂടുതല്‍ സമയം ചോദിച്ചു, നല്‍കിയില്ല; നാളെ 4 മണിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിം കോടതി

  • ബി.ജെ.പിക്ക് വന്‍ തിരിച്ചടി
  • എം.എല്‍.എമാര്‍ക്ക് സംരക്ഷണം നല്‍കിയാല്‍ മതി, തയ്യാറെന്ന് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം

ന്യൂഡല്‍ഹി: ഒടുവില്‍ സുപ്രിം കോടതിയില്‍ ബി.ജെ.പിക്ക് തിരിച്ചടി. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ നാള തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. കൂടുതല്‍ സമയം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ സുപ്രിം കോടതി തയ്യാറായില്ല. നാളെ വൈകിട്ട് നാലു മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണം. ഈ അഭിപ്രായത്തോടെ കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യം സമ്മതം മൂളി. എം.എല്‍.എമാര്‍ക്ക് സംരക്ഷണം നല്‍കുകയാണെങ്കില്‍ തയ്യാറാണെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു.

വോട്ടെടുപ്പ് നിയന്ത്രിക്കുക പ്രോടൈം സ്പീക്കര്‍

സുപ്രിംകോടതി നിയമിച്ച പ്രോടൈം സ്പീക്കറായിരിക്കും വോട്ടെടുപ്പ് നിയന്ത്രിക്കുക. ആര്‍.വി ദേശ്പാണ്ഡെയ്ക്കാണ് ഈ ചുമതല. വോട്ടെടുപ്പ് എങ്ങനെ വേണമെന്ന കാര്യം ഇദ്ദേഹമായിരിക്കും തീരുമാനിക്കുക. ഇക്കാര്യം പ്രോടൈം സ്പീക്കര്‍ക്കു വിടുന്നതായി സുപ്രിംകോടതി അറിയിച്ചു.

ബി.ജെ.പിക്കേറ്റ തിരിച്ചടികള്‍

  • കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് നല്‍കിയില്ല
  • രഹസ്യവോട്ടെടുപ്പ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. അത് പ്രോടെം സ്പീക്കര്‍ക്ക് തീരുമാനിക്കാം
  • യെദ്യൂരപ്പയ്ക്ക് നയപരമായ തീരുമാനം എടുക്കാനാവില്ല
  • ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നിയമിക്കുന്നത് തടഞ്ഞു. ഒരു വോട്ടുകൂടി ഇങ്ങനെ നേടാമെന്നായിരുന്നു യെദ്യൂരപ്പയുടെ കണക്കുകൂട്ടല്‍
  • ഗവര്‍ണറുടെ തീരുമാനത്തിലെ നിയമപ്രശ്‌നങ്ങള്‍ അടുത്ത പ്രാവശ്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

വാദ പ്രതിവാദം ഇങ്ങനെ

മൂന്നംഗ പ്രത്യേക ബെഞ്ചാണ് കര്‍ണാടക രാഷ്ട്രീയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ ഹരജി ഇന്നു പരിഗണിച്ചത്. ജസ്റ്റിസ് എ.കെ സിക്രി, എസ്.എ ബോബ്‌ഡെ, അശോഖ് ഭൂഷണ്‍ എന്നിവരാണ് കേസ് കേട്ടത്.

യെദ്യൂരപ്പ ഗവര്‍ണര്‍ക്കു കൈമാറിയ കത്ത് കൈമാറാന്‍ സുപ്രിംകോടതി ബി.ജെ.പി അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയോട് ആവശ്യപ്പെട്ടു. ഇത് മുകുള്‍ രോഹ്തഗി വായിക്കുകയും ചെയ്തു. ”എനിക്ക് ആവശ്യമായ ഭൂരിപക്ഷമുണ്ട്, മറ്റുള്ളവരുടെ പിന്തുണയുണ്ട്”- എന്നായിരുന്നു കത്തില്‍ പറഞ്ഞത്.

എന്നാല്‍ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പേരുകള്‍ കത്തില്‍ പറയുന്നില്ല. ഇതിന്റെ ആവശ്യമില്ലെന്ന് രോഹ്തഗി കോടതിയില്‍ പറഞ്ഞു. എന്നാല്‍ യെദ്യൂരപ്പ നല്‍കിയ കത്തില്‍ അംഗങ്ങളുടെ പേരില്ലെന്നും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം നല്‍കിയ കത്തില്‍ എം.എല്‍.എമാരുടെ പട്ടികയുണ്ടെന്നും കോടതി ഇടപെട്ട് പറഞ്ഞു.

ഇതോടെ, കോണ്‍ഗ്രസിന്റെ കത്തില്‍ സംശയമുന്നയിച്ച് മുകുള്‍ രോഹ്തഗി രംഗത്തെത്തി. അവിശുദ്ധ കൂട്ടുകെട്ടാണ് കോണ്‍ഗ്രസ്- ജെ.ഡി.എസിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് സഖ്യം നല്‍കിയ കത്തില്‍ അംഗങ്ങളുടെ ഒപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ തുഷാര്‍ മേഹ്ത പറഞ്ഞു.

ഇത് സംഖ്യ കൊണ്ടുള്ള കളിയാണെന്നും ഗവര്‍ണറാണ് അതു തീരുമാനിക്കേണ്ടതെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തില്‍ സുപ്രിംകോടതി എത്തിയത്. എം.എല്‍.എമാര്‍ക്ക് സംരക്ഷണം നല്‍കുകയാണെങ്കില്‍ അതിനു തയ്യാറാണെന്ന് കോണ്‍ഗ്രസും അറിയിച്ചു. സംരക്ഷണം നല്‍കാന്‍ ഡി.ജി.പിയോട് നിര്‍ദേശിക്കാമെന്ന് കോടതി അറിയിച്ചു.

എന്നാല്‍ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തെ ബി.ജെ.പി എതിര്‍ത്തു. കൂടുതല്‍ സമയം വേണമെന്ന് മുകുള്‍ രോഹ്ത്തഗി ആവശ്യപ്പെടുകയും ചെയ്തു.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.