2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പഠിച്ച പണി പതിനെട്ടും പയറ്റി; പണാധിപത്യത്തിന് മുന്നില്‍ തലതാഴ്ത്തി കോണ്‍ഗ്രസ്

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ‘കര്‍നാടക’ത്തിന്റെ കാര്യത്തില്‍ അന്തിമവിധി കുറിച്ചപ്പോള്‍ അവശേഷിക്കുന്നത് നിരവധി ചോദ്യങ്ങള്‍. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പരാജയപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി രാജവയ്ക്കുകയും ചെയ്തതോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തിയത്. അതേസമയം ബി.ജെ.പി അധികാരക്കസേരയിലിരിക്കാന്‍ തുടങ്ങുമ്പോള്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപടിയുമായി മുന്നോട്ടുപോകും.

ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ക്ഷണിക്കാനാണ് സാധ്യത. വലിയ കക്ഷി എന്ന നിലയില്‍ യെദ്യൂരപ്പ അവകാശവാദമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ യെദ്യൂരപ്പെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുക. എന്നാല്‍ യെദ്യൂരപ്പ തുടര്‍ന്നാല്‍ ഭാവി ശുഭകരമാവില്ല. കാരണം 15 വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വരും. കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം ചേര്‍ന്ന് ബി.ജെ.പിക്കെതിരേ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പിന്നെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടി സ്വീകരിക്കാനുള്ള ശ്രമമാകും ഇനി കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുക. മുഴുവന്‍ എം.എല്‍.എമാര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് ഇതിനോടകം തന്നെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടുണ്ട്. വിമത എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും തിരിച്ചെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിഷയത്തില്‍ പ്രതികരിച്ചത്.

15 വിമത എം.എല്‍.എമാരുടെ രാജിയാണ് കുമാരസ്വാമി സര്‍ക്കാരിനെ പതിനാല് മാസത്തിനൊടുവില്‍ പ്രതിസന്ധിയിലാക്കിയത്. അതിനു ശേഷം രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നതോടെ പതിനേഴ് പേരുടെ നഷ്ടമുണ്ടായി. ജൂലൈ ആറിനാണ് 12 എം.എല്‍.എമാര്‍ ഒന്നിച്ചെത്തി രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. ഇതോടെ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകാമെന്ന് കുമാരസ്വാമി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടത്താതെ നാലുദിവസം നീട്ടിക്കൊണ്ടുപോയി. അതിനിടെ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറടക്കം എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ അവര്‍ താമസിക്കുന്ന മുംബൈയിലേക്ക് പോയിരുന്നു. എന്നാല്‍ അനുനയനീക്കം പരാജയപ്പെടുകയായിരുന്നു.

തുടക്കം ഇങ്ങനെ

2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യം ചേര്‍ന്നതോടെ ഇരുകൂട്ടരും 120-120 എന്ന നിലയിലായി. സഖ്യത്തില്‍ ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ബി.ജെ.പിയുടെ ബി.എസ് യെദ്യൂരപ്പെയെയായിരുന്നു. ഇത് ഭരണഘടനാ ലംഘനമാണെന്നു കാട്ടി കോണ്‍ഗ്രസ് മെയ് 16ന് സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടാതെ, സുപ്രിംകോടതി യെദ്യൂരപ്പോയൊട് ഒരു ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിനു നില്‍ക്കാതെ രാജിവയ്ക്കകയായിരുന്നു. തുടര്‍ന്ന് കുമാരസ്വാമി കര്‍ണാടകയുടെ അധികാരത്തില്‍ വന്നു. ഒക്ടോബറില്‍ ബി.എസ്.പി മന്ത്രി രാജിവച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് ബി.ജെ.പി കോണ്‍-ജെ.ഡി.എസ് എം.എല്‍.എമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് സ്വതന്ത്ര എം.എല്‍.എമാരും പതിനഞ്ച് വിമത എം.എല്‍.എമാരും കോണ്‍-ജെഡിഎസ് സഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാജ്യത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ കര്‍ണാടകയിലെ സഖ്യം ദേശീയതലത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും യോജിച്ചുപോകാന്‍ പറ്റുന്ന പാര്‍ട്ടികളെ അനുനയിപ്പിച്ച് സഖ്യം ചേര്‍ത്ത് ബി.ജെ.പിക്കെതിരേ അണിനിരക്കുക എന്നത് സ്വപ്‌നം കണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് പോയത്.

അതേസമയം ബിജെപിയുടെ ജനാധിപത്യ അട്ടിമറിക്കെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാന്‍ വ്യാപകമായ പ്രചാരണം നടത്തുമെന്നും കേന്ദ്ര നേതൃത്വവും ബി.ജെ.പിയും നടത്തിയ രാജ്യം കണ്ട ഏറ്റവും ഹീനമായ പ്രവൃത്തിയാണ് ഇതെന്നും എ.ഐ.സി.സിയുടെ കര്‍ണാടക നിരീക്ഷകന്‍ കെ.സി വേണുഗോപാല്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.