2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കര്‍ണാടക: കുമാരസ്വാമിയെ അട്ടിമറിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഇതുവരെ അനുമതി ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്നുള്ള ‘വിളി’ കാത്ത് യദ്യൂരപ്പ

 

ബംഗളൂരു: കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയെങ്കിലും ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. കേന്ദ്രനേതൃത്വത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതുകൊണ്ടാണ് യെദ്യൂരപ്പ ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ‘വിളി’ ഇതുവരെ വന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് ഉടന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാമെന്നായിരുന്നു യെദ്യൂരപ്പയുടെ ആഗ്രഹം. എന്നാല്‍, സര്‍ക്കാര്‍ വീണ് മൂന്നാംദിവസമായ ഇന്നും സര്‍ക്കാര്‍ രൂപീകരണത്തിന് കേന്ദ്രത്തില്‍ നിന്നുള്ള അന്തിമ അനുമതി അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പായി നിയമപ്രശ്‌നങ്ങള്‍ ശരിയാക്കാനുണ്ടെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. അതിനു വേണ്ടി ഡല്‍ഹിയില്‍ നിന്ന് കേന്ദ്രനേതൃത്വം പ്രത്യേകദൂതനെ കര്‍ണാടകയിലേക്ക് അയക്കും. പാര്‍ട്ടി ദൂതന്‍ സര്‍ക്കാരിനെ അട്ടിമറിച്ചതുള്‍പ്പെടെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും നിരീക്ഷിച്ച ശേഷം നിയമവശങ്ങളുള്‍പ്പെടെ വിശദീകരിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കും യെദ്യൂരപ്പയുടെ അധികാരാരോഹണം ഉണ്ടാവുക.

ചര്‍ച്ചകള്‍ക്കായി ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയിലെത്തി കേന്ദ്രനേതാക്കളെ കണ്ടിരുന്നുവെങ്കിലും ഈ മറുപടിയാണ് അവര്‍ക്കു ലഭിച്ചത്.

ഇന്നലെ രാവിലെ ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗം വിളിച്ച ശേഷം അതുകഴിഞ്ഞ് രാജ്ഭവനിലെത്തി സര്‍ക്കാരിനുള്ള അവകാശവാദം ഉന്നയിക്കാനായിരുന്നു യെദ്യയൂരപ്പയുടെ പദ്ധതി. എന്നാല്‍, കേന്ദ്രനേതൃത്വം ധൃതിപ്പെട്ട് അന്തിമ അനുമതി നല്‍കാന്‍ മടിക്കുകയായിരുന്നു. ഇതോടെ ഇന്നലെ ബി.ജെ.പി നിയമസഭാകക്ഷി യോഗം നടന്നില്ല. തീരുമാനം നീണ്ടുപോയതോടെ ഇന്നലെ ബംഗളൂരുവിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി യെദ്യൂരപ്പ നേതാക്കളെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശത്തിന് കാത്തിരിക്കുകയാണെന്നും ഏതുസമയത്തും നിയമസഭാകക്ഷി യോഗം ചേരാമെന്നും യെദ്യൂരപ്പ വൈകീട്ടോടെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ കുമാരസ്വാമി, ഉദ്യോഗസ്ഥരെ കണ്ടു യാത്ര പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പമിരുന്ന് ഫോട്ടോയെടുത്താണ് മടങ്ങിയത്. കര്‍ണാടകയിലുണ്ടായതുപോലുള്ള രാഷ്ട്രീയ നാടകം ഞാന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ പറഞ്ഞു. അതേസമയം, വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനോടനുബന്ധിച്ച് ചൊവ്വാഴ്ച ബംഗളൂരു നഗരത്തിലേര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചു.

Karnataka, BJP waits for signal from Delhi; speaker and rebels hold the key


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.