2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യദ്യൂരപ്പ കളിപ്പാവ മാത്രം: ഭരണം ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമം

#ശരീഫ് കൂലേരി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയെ വെറും മുഖ്യമന്ത്രി പദവിയിലൊതുക്കി ഭരണ നിയന്ത്രണം ആര്‍.എസ്.എസിന്റെ കൈകളിലെത്തിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രചാരകും നിലവില്‍ ബി.ജെ.പി രാഷ്ട്രീയകാര്യ ചുമതലയുള്ള ദേശീയ ജന. സെക്രട്ടറിയുമായ ബി.എല്‍ സന്തോഷിനെ കര്‍ണാടകത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അമിത് ഷാ ചുമതലപ്പെടുത്തി.

ദക്ഷിണ കന്നഡ എം.പിയും 17ാം വയസുമുതല്‍ ആര്‍.എസ്.എസ് പ്രചാരകനായി മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്ന നളിന്‍ കുമാര്‍ കട്ടീലിനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കിയതോടെ കര്‍ണാടക ഭരണ നിയന്ത്രണം ആര്‍.എസ്.എസിന്റെ കൈകളിലേക്കെന്ന ആരോപണത്തിന് ആക്കം കൂടിയിട്ടുണ്ട്.

കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലെത്തിയ യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള അധികാരം നല്‍കിയിരുന്നില്ല. അധികാരമേറ്റ് 22 ദിവസത്തിന് ശേഷമാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

മന്ത്രിമാര്‍ ആരൊക്കെയെന്നത് മുഖ്യമന്ത്രി യദ്യൂരപ്പ അറിയുന്നത് തന്നെ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്. മന്ത്രിസഭയെ നയിക്കേണ്ട മുഖ്യമന്ത്രിയെ പോലും അറിയിക്കാതെയാണ് 17 മന്ത്രിമാരുടെ ലിസ്റ്റ് കേന്ദ്ര നേതൃത്വം തയാറാക്കിയത്. 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ നാലു കഴിഞ്ഞെങ്കിലും വകുപ്പ് വിഭജനം നടത്തിയിട്ടില്ല.

വകുപ്പ് വിഭജനം നടത്താനുളള അധികാരം മുഖ്യമന്ത്രിക്ക് കേന്ദ്ര നേതൃത്വം നല്‍കിയതുമില്ല. കര്‍ണാടത്തിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യദ്യൂരപ്പ, മന്ത്രി ഡോ. സി.എന്‍ അശോക് നാരായണന്‍, യദ്യൂരപ്പയുടെ മകനും എം.എല്‍.എയുമായ വിജേന്ദ്ര എന്നിവര്‍ ഇന്നലെ അമിത് ഷായെ കാണാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടു.
കര്‍ണാടക സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ നേതൃത്വം നല്‍കിയയാളാണ് ഡോ. സി.എന്‍ അശോക് നാരായണ്‍. അമിത് ഷായെ കണ്ട് ചര്‍ച്ച നടത്താന്‍ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂറുമാറിയ എം.എല്‍.എമാര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്. ഇവരില്‍ 12 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമെന്നുളള ശുപാര്‍ശയും മുഖ്യമന്ത്രി, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വയ്ക്കും.

സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ അയോഗ്യത നീക്കണമെന്നാവശ്യപ്പട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയെടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും വിമതരുടെ മന്ത്രിസഭാ പ്രവേശനം.
സുപ്രിംകോടതി വിധി വിമത എം.എല്‍.എമാര്‍ക്ക് അനുകൂലമായാല്‍ വിമത എം.എല്‍.എമാരില്‍ എട്ടു പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇത് ബി.ജെ.പിയില്‍ പ്രതിഷേധത്തിനിടയാക്കിയേക്കും. ബി.ജെ.പിയില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ എം.എല്‍.എയായവര്‍ 55 പേരുണ്ട്. ഇവരില്‍ പലരും അടുത്ത മന്ത്രിസഭാ വികസനത്തില്‍ മന്ത്രിമാരാകുമെന്ന വിശ്വാസത്തിലാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.