2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കരിഞ്ചോലക്കാര്‍ക്ക് കണ്ണീര്‍ മാത്രം, സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഇരകള്‍

ശഫീഖ് പന്നൂര്‍

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോല ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ വഞ്ചിച്ചതായി പരാതി. 14 പേരാണ് ദുരന്തത്തില്‍ മരിച്ചത്. പാക്കേജ് പോലും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ തങ്ങളെ കൈവിട്ടതായി മരിച്ചവരുടെ ബന്ധുക്കളും വീട് നഷ്ടപ്പെട്ട് വാടക കെട്ടിടങ്ങളില്‍ കഴിയുന്നവരും പറയുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് നല്‍കിയത്. വീട് നഷ്ടപ്പെട്ടവര്‍ക്കും നാലു ലക്ഷം നല്‍കി. ഇതില്‍ ഒരു ലക്ഷം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ മറ്റു സ്ഥലങ്ങളില്ലെങ്കില്‍ സ്ഥലത്തിനായി ആറു ലക്ഷവും നല്‍കും. ഈ നഷ്ടപരിഹാരം മതിയാകില്ലെന്നാണ് എല്ലാവരും പറയുന്നത്. ദുരന്തം നടന്ന സ്ഥലത്ത് ഇനി വീട് വയ്ക്കാന്‍ കഴിയില്ല. ഇവര്‍ക്കു വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതുകൊണ്ട് നിലവിലെ മാര്‍ക്കറ്റ് വിലക്കനുസരിച്ച് സ്ഥലം വാങ്ങാന്‍ പോലും കഴിയില്ല. പിന്നെ എങ്ങനെ വീട് വയ്ക്കാനാകുമെന്ന് ഇവര്‍ ചോദിക്കുന്നു.

പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അഞ്ചു കുടുംബങ്ങള്‍ ഇപ്പോഴും കട്ടിപ്പാറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടത്തിലാണ് കഴിയുന്നത്. ഇവിടെയുള്ള മൂന്ന് മുറികളും ഹാളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ സ്ഥലത്തുനിന്ന് എപ്പോള്‍ മാറിത്താമസിക്കാനാകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. കരിഞ്ചോല ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരാണ് ക്യാംപില്‍ കഴിയുന്നത്. ഭക്ഷണവും വസ്ത്രവുമൊക്കെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കിയിട്ടുണ്ടെങ്കിലും രേഖകളും മറ്റും നഷ്ടപ്പെട്ടതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ സഹായം അഭ്യര്‍ഥിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

പുനരധിവാസ പാക്കേജുമായി മുസ്‌ലിംലീഗ്

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈവിട്ടതോടെ ദുരിതമനുഭവിക്കുന്നവര്‍ക്കായി പുനരധിവാസ പാക്കേജ് തയാറാക്കി മുസ്‌ലിംലീഗ് രംഗത്ത്. കരിഞ്ചോല മലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരെ സഹായിക്കാനും ലീഗ് സജീവമായി രംഗത്തുണ്ടായിരുന്നു. നഷ്ടപരിഹാരത്തിനായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് ലീഗ് തന്നെ പുനരധിവാസ പദ്ധതിയുമായി രംഗത്തുവന്നത്.

സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഭവനരഹിതര്‍ക്കു സ്ഥലവും വീടും നിര്‍മിക്കുന്നതുള്‍പ്പെടെയാണ് പാക്കേജിലൂടെ നടപ്പാക്കുന്നത്. പ്രദേശത്ത് വീണ്ടും അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയുള്ള കുടുംബങ്ങളെയും ഈ പാക്കേജിന്റെ ഭാഗമായി പുനരധിവസിപ്പിക്കും. ഇത്തരം ആളുകള്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കുക, ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുക, ദുരന്തത്തില്‍ മരണമുണ്ടായ കുടുംബങ്ങളിലെയും വീട് തകര്‍ന്ന കുടുംബങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരുവര്‍ഷത്തേക്ക് മാസാന്തവിദ്യാഭ്യാസ സഹായം നല്‍കുക, ഇത്തരം കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷം പ്രത്യേക പെന്‍ഷന്‍ അനുവദിക്കുക, ഭാഗികമായി വീട് തകര്‍ന്നവര്‍ക്കും കൃഷിനാശം ഉണ്ടായവര്‍ക്കും സാമ്പത്തികസഹായം നല്‍കുക, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്നിവ അടങ്ങുന്നതാണ് പാക്കേജ്.

പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍വഹിക്കുക. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്കു രൂപംനല്‍കിയിട്ടുണ്ട്. 13ന് ദുരിതബാധിതരുടെ സംഗമം നടക്കും. സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് താമരശേരി ശാഖയില്‍ അക്കൗണ്ട് ആരംഭിക്കും. ദുരിതബാധിതരായ 15 കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം തേടി ലീഗിനെ സമീപിച്ചിട്ടുണ്ട്.

5,200 രൂപ കൊണ്ട് എല്ലാം ശരിയാകുമോ?

കോഴിക്കോട്: വീടുകള്‍ തകര്‍ന്നവര്‍ക്ക് 5,200 രൂപയാണ് സര്‍ക്കാര്‍ ആദ്യഗഡുവായി നല്‍കിയത്. റവന്യൂ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനനുസരിച്ച് 35,000 രൂപ വരെ ലഭിക്കും. എന്നാല്‍, ലക്ഷങ്ങള്‍ ചെലവഴിച്ചാലും പുതുക്കിപ്പണിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പല വീടുകളും. വിള്ളല്‍ വീണതുകാരണം പുതിയ വീട് നിര്‍മിക്കുന്ന ചെലവ് വരുമെന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാകും. വലിയ പാറക്കല്ലുകള്‍ പതിച്ച് ചുമരുകള്‍ പോലും നഷ്ടപ്പെട്ട വീടുകള്‍ ഭാഗികമായി തകര്‍ന്ന ഇനത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തില്‍ ചുവരുകള്‍ക്ക് വിള്ളല്‍ വീണ വീടുകളുമുണ്ട്. ഇത്തരം വീടുകളുടെ ചുമര്‍ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കുക മാത്രമേ വഴിയുള്ളൂ. 5,200 രൂപ കൊണ്ട് ഈ വീടുകള്‍ എന്തുചെയ്യുമെന്നും ഇവിടത്തുകാര്‍ ചോദിക്കുന്നു. ഇതോടൊപ്പം ഭൂമിയും കൃഷിയിടവും തൊഴിലുപകരണങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവരുമുണ്ട്.

ഓഖിയില്‍ മരിച്ചവരുടെ കുടുംബത്തിന്
20 ലക്ഷം, കരിഞ്ചോലയില്‍ നാലുലക്ഷം മാത്രം

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാല്‍ 20 ലക്ഷവും മറ്റു സഹായങ്ങളും നല്‍കിയപ്പോള്‍ കരിഞ്ചോലയില്‍ നാലുലക്ഷം മാത്രമാണ് നല്‍കിയത്.
സര്‍ക്കാര്‍ കാട്ടുന്ന ഈ അനീതി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. മലബാറിനോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍പോലും മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.
സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം പോരെന്ന തിരിച്ചറിവാണ് ഭരിക്കുന്ന പാര്‍ട്ടിക്കു വരെയുള്ളത്. അതിനാല്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും മുഖ്യരക്ഷാധികാരികളായി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.