2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഈ മണ്ണായിരുന്നു എല്ലാം, ദുരന്തം എല്ലാം തകര്‍ത്തെറിഞ്ഞു

കരിഞ്ചോലയില്‍ ദുരന്തം ബാക്കിവച്ചത് - 2

 

കെ.വി.ആര്‍ റാഷിദ്

താമരശേരി: കട്ടിപ്പാറ പഞ്ചായത്ത് മലയോര കാര്‍ഷിക മേഖലയാണ്. വന്‍കിട വ്യവസായങ്ങള്‍ ഒന്നുംതന്നെയില്ലാത്ത ഒരു ചെറിയ പ്രദേശം. വരുമാനം കുറഞ്ഞ സംസ്ഥാനത്തെ പഞ്ചായത്തുകളിലൊന്ന്. അങ്ങിങ്ങായി വന്‍കിട ചെറുകിട ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. വിവിധങ്ങളായ കാര്‍ഷിക മേഖലകള്‍ കൊണ്ട് സമ്പന്നമായൊരിടം. ദുരന്തം നടന്ന കരിഞ്ചോല മലയുടെ താഴ്‌വാരവും അത്തരത്തിലൊരു പ്രദേശമാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കൊക്കോ തുടങ്ങിയ നിരവധി കാര്‍ഷിക വിളകള്‍ സമൃദ്ധമായി വിളഞ്ഞിരുന്ന സ്ഥലം. കരിഞ്ചോല മലയുടെ ചുറ്റുഭാഗത്തുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ധാരാളം വിളകള്‍ കൃഷിചെയ്താണ് പല കര്‍ഷകരും ജീവിച്ചുവന്നിരുന്നത്. ദുരന്തത്തില്‍ മലമുകളില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകളും വന്‍ മരങ്ങളും, മണ്ണും വന്നടിഞ്ഞ് ഇതില്‍ പലരുടെയും കൃഷികള്‍ പൂര്‍ണമായും നശിച്ചു. ഇനി ഒരിക്കലും കൃഷിചെയ്യാന്‍ പോലും കഴിയാത്ത രീതിയില്‍ പലഭാഗങ്ങളും രൂപമാറ്റത്തിന് വിധേയമായി. കരിഞ്ചോല മലയുടെ താഴ്ഭാഗത്ത് മാത്രം 46 കര്‍ഷകരുടെ 52.88 ഏക്കര്‍ കൃഷിഭൂമി ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നടന്നതിനെ തുടര്‍ന്ന് മലമുകളില്‍ നിന്ന് പാറക്കൂട്ടങ്ങള്‍ മൂന്നു ദിക്കുകളിലേക്കായിരുന്നു പതിച്ചത്. ഇതില്‍പെട്ട ചമല്‍, കാല്‍വരി ഭാഗങ്ങളിലെ 19 കര്‍ഷകരുടെ 14.06 ഏക്കര്‍ ഭൂമിയും നശിച്ചു.

തെങ്ങ് 1105, കവുങ്ങ് 545, കുലച്ച വാഴ 669, കുലക്കാത്ത വാഴ 109, റബ്ബര്‍ (ടാപ്പിങ്) 749, റബ്ബര്‍ (ടാപ്പ് ചെയ്യാത്തത്) 823, കുരുമുളക് 231, ജാതി 86 (കായ്ച്ചത്), ജാതി 71 (കായ്ക്കാത്തത്), കാപ്പി 40, കശുമാവ് 15, ഗ്രാമ്പൂ 57, കൊക്കോ 70 തുടങ്ങിയ വിളകളാണ് നഷ്ടപ്പെട്ടത്. അതിരുകള്‍ പോലും നിശ്ചയിക്കപ്പെടാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം സംഭവിച്ച രീതിയിലാണ് ഈ സ്ഥലങ്ങളെല്ലാം. വലിയ പാറക്കൂട്ടങ്ങള്‍, മരങ്ങള്‍, കൃഷിയിടത്തിന് യോജിക്കാത്ത തരത്തിലുള്ള മണ്ണുകളുമെല്ലാം വന്നടിഞ്ഞിട്ടുണ്ട്. അതേസമയം ചില വിരളമായ സ്ഥലങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലുമുള്ളതാണ്. എന്നാല്‍ ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താനോ സര്‍വേ നടത്തി അവകാശികള്‍ക്ക് കൈമാറാനോ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുവരെയും മുന്നോട്ടുവന്നിട്ടില്ല.
ദുരന്തം നടന്ന സ്ഥലത്ത് കരിഞ്ചോല – എട്ടേക്ക്ര റോഡിന്റെ 400 മീറ്ററോളം ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. 1995 ല്‍ ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് റോഡ് പണികഴിപ്പിച്ചിരുന്നത്. എട്ടേക്ക്ര ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നിടത്തേക്കുള്ള ടാറിട്ട റോഡായിരുന്നു ഇത്. ദുരന്തം നടന്ന് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പഴയപടി തന്നെയാണ്. റോഡില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നുകിടക്കുന്നുണ്ട്. ഇവ പൊട്ടിച്ച് നീക്കം ചെയ്യുന്നതിനായി ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ചുമതല നല്‍കുമെന്നായിരുന്നു താമരശേരി താലൂക്ക് ഓഫിസില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പാറപൊട്ടിച്ച് മാറ്റുന്നത് പിന്നെയും നീണ്ടു. ഒടുവില്‍ പ്രാദേശിക തൊഴിലാളികളെവച്ച് ഭീമന്‍ പാറകള്‍ പൊട്ടിച്ചെങ്കിലും റോഡില്‍ നിന്ന് മാറ്റിയിട്ടില്ല. പൊട്ടിച്ച ഭീമന്‍ പാറക്കല്ലുകളുടെ ബാക്കി ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു. ഇത് കാരണം ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാകുകയും ചെയ്തു. ഈ 400 മീറ്റര്‍ തകരാറിലായ ഭാഗം അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയാല്‍ ഇരുഭാഗങ്ങളിലുമുള്ളവര്‍ക്ക് സഞ്ചരിക്കാനെങ്കിലും ഇത് യോഗ്യമാവും. റോഡ് തകരാറിലായി കിടക്കുന്നതിനാല്‍ ചമല്‍ ഭാഗത്തെ കര്‍ഷകര്‍ക്ക് വിളകള്‍ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. കരിഞ്ചോല ദുരിതാശ്വാസ കമ്മിറ്റിയില്‍ നിന്നുള്ള പണമെടുത്തെങ്കിലും ഈ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വിളകള്‍ നശിച്ചവര്‍ക്കും തൊഴിലുപകരണങ്ങള്‍ നശിച്ചവര്‍ക്കും സഹായം അടിയന്തരമായി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ദുരന്തത്തിന്റെ പ്രാധാന്യത്തോടെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായുള്ള നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. 11,76,000 ലക്ഷം രൂപ കരിഞ്ചോല ഭാഗത്തെ കൃഷി നശിച്ച കര്‍ഷകര്‍ക്കായി വകയിരുത്തിയിട്ടുണ്ട്. 2,24,000 രൂപ ചമല്‍ ഭാഗത്തെ വിളകള്‍ നശിച്ച കര്‍ഷകര്‍ക്കും വകയിരുത്തി. മൂന്നുഘട്ടമായി ഇവ വിതരണം ചെയ്യും. ഇതില്‍ 42 കര്‍ഷകര്‍ക്ക് 3,88,325 ലക്ഷം രൂപ വീതിച്ച് നല്‍കും. ഈ സംഖ്യ അടുത്ത ആഴ്ച ബാങ്കില്‍ എത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ കൃഷി നഷ്ടപ്പെട്ട അഞ്ചോളം പേരുടെ സഹായധനം പിന്നീട് നല്‍കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.