2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കര്‍ഫ്യൂ

നൈന മണ്ണഞ്ചേരി

തണുത്തു വിറച്ചു കിടക്കുന്ന താഴ്‌വാരങ്ങളിലൂടെ അകലേയ്ക്ക് സുല്‍ത്താനയുടെ കണ്ണുകള്‍ നീണ്ടു. കനത്ത തണുപ്പിനൊപ്പം കടുത്ത ഭീതിയും അവളുടെ സിരകളിലേക്ക് ഇരച്ചുകയറി. അകത്തേക്ക് അടിച്ചുകയറുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാന്‍ വലിച്ചിട്ടിരുന്ന ജനല്‍ കര്‍ട്ടന്‍ മെല്ലെ നീക്കിനോക്കി. അഹമ്മദോ മക്ബൂലോ വരുന്നുണ്ടോ?എത്ര ദിവസമായി ഇങ്ങനെ പ്രതീക്ഷയോടെ നോക്കാന്‍ തുടങ്ങിയിട്ട്. താഴ്‌വരയില്‍ വീണ്ടും വെടിയൊച്ച മുഴങ്ങാന്‍ തുടങ്ങിയ നാളുകളില്‍ അവരെ കാണാതായതാണ്. എന്നും തനിക്കും ബാപ്പയ്ക്കും തുണയായിരുന്ന ഇളയ സഹോദരങ്ങള്‍.
വീട്ടിലെ സാധനങ്ങളൊക്കെ തീര്‍ന്നിരിക്കുന്നു. ഓരോന്നും തീരുമ്പോള്‍ മക്ബൂലോ അഹമ്മദോ ആണ് എത്തിച്ചിരുന്നത്. ദാല്‍ തടാകത്തില്‍ വിനോദസഞ്ചാരികളെയും കൊണ്ടു കറങ്ങുമ്പോള്‍ കിട്ടുന്ന നാമമാത്രമായ വരുമാനം കൊണ്ടാണ് അവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. പ്രായമായ ബാപ്പയും വയ്യാതെ വീട്ടിലിരിക്കുന്നു. തങ്ങളുടെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയ ഉമ്മയുടെ ഓര്‍മകള്‍ ആപ്പിള്‍ പോലെ മധുരം നല്‍കി ഇന്നും കൂട്ടിനുണ്ട്.
ദാലിലെ സുവര്‍ണകാലങ്ങള്‍ നിലയ്ക്കാത്ത ചുമയ്ക്കിടയിലും ബാപ്പ ഓര്‍ത്തെടുത്തു പറയും. മക്കളുടെ കാലമായപ്പോഴേക്ക് ആപ്പിളിനും കുങ്കുമത്തിനുമൊപ്പം വെടിയൊച്ചയ്ക്കും പ്രശസ്തമായി നാട്. വല്ലപ്പോഴും വരുന്ന ചുരുക്കം സഞ്ചാരികള്‍ മാത്രമായി. ഏറ്റുമുട്ടലുകള്‍ ശക്തമായതോടെ അതും ഇല്ലാതായ സ്ഥിതിയാണ്. ആരെയൊക്കെയോ ശപിക്കുന്ന ബാപ്പയുടെ ശബ്ദം അകത്തുനിന്നു കേട്ടു. ”നീ ഇനിയും കടയില്‍ പോയില്ലേ?” ബാപ്പയുടെ ഹുക്കയില്‍നിറയ്ക്കുന്ന പുകയിലയും തീര്‍ന്നിരിക്കുന്നു. എങ്ങനെ കടയില്‍ പോകാനാണ്. കര്‍ഫ്യൂവില്‍ പട്ടാളം മാത്രം ഇളവനുവദിച്ചാല്‍ പോര, പുറത്തിറങ്ങാന്‍ തീവ്രവാദികളുടെ അനുവാദവും വേണം.
നാളുകള്‍ എത്രയായി ഇതു തുടങ്ങിയിട്ട്. ജവാന്മാരുടെയും നാട്ടുകാരുടെയുമടക്കം എത്ര ജീവനുകളാണു നഷ്ടമാകുന്നത്. തീവ്രവാദികള്‍ അതിനിടയിലെവിടെയോ ഇരുന്നു ചിരിക്കുന്നു. എന്തിനു വേണ്ടിയാണിതെല്ലാമെന്നു മാത്രം ഇതുവരെ അവള്‍ക്കു മനസിലായിട്ടില്ല. കണ്ണീര്‍ പുരണ്ടു നീണ്ടുകിടക്കുന്ന കുങ്കുമപ്പാടങ്ങളില്‍.. ചോരപുരണ്ടു ചുവന്ന ആപ്പിള്‍ തോട്ടങ്ങളില്‍… കണ്ണുകള്‍, കണ്ണീരിനിടയിലൂടെ നീണ്ടുപോകുമ്പോള്‍ ഇടയിലെവിടെയോ തന്റെ സഹോദരങ്ങളുടെ കാലടിയൊച്ചയ്ക്ക് സുല്‍ത്താന കാതോര്‍ത്തു.
”യാ റബ്ബുല്‍ ആലമീന്‍, ഒന്നു പുറത്തിറങ്ങാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍..” മനസ്സുരുകി അവള്‍ പ്രാര്‍ഥിച്ചു. അകലെ അപ്പോഴും അശാന്തിയുടെ പുകയുയര്‍ത്തി വെടിയൊച്ച മുഴങ്ങി. അവയ്ക്കു വെന്ത മാംസത്തിന്റെ ഗന്ധമായിരുന്നു. കുങ്കുമത്തിനു കണ്ണീരിന്റെയും ആപ്പിളിനു കരിഞ്ഞ കരളിന്റെയും ചുവയായിരുന്നു..

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.