2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

Editorial

ഗവര്‍ണര്‍ ആരെ തുണക്കും


കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നതിന് ആറു മാസം മുമ്പ് വരെ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് അന്നു നടന്ന അഭിപ്രായ സര്‍വേയും ഇതുതന്നെയായിരുന്നു വ്യക്തമാക്കിയിരുന്നത്. ബി.ജെ.പിക്ക് 45 സീറ്റില്‍ കൂടുതല്‍ കിട്ടുകയില്ലെന്നായിരുന്നു കര്‍ണാടകയുടെ ചുമതലയുള്ള കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അന്ന് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പ്‌കേടുകൊണ്ട് എത്ര പെട്ടെന്നാണ് ചിത്രം മാറിമറിഞ്ഞത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം ഉണ്ടായിട്ടുപോലും അവിടങ്ങളിലൊന്നും കോണ്‍ഗ്രസിന് മന്ത്രിസഭയുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. ബി.ജെ.പി 2 സീറ്റ് മാത്രം നേടിയ മേഘാലയയില്‍ വരെ മന്ത്രിസഭ രൂപീകരിച്ചു.
കര്‍ണാടകയില്‍ 78 സീറ്റ് നേടിയപ്പോള്‍ മാത്രമാണ് ജനതാദള്‍ സെക്ക്യുലറുമായി സഖ്യ ചിന്ത കോണ്‍ഗ്രസില്‍ ഉദിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ജനതാദള്‍ എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ സ്വപ്‌ന സമാനമായ വിജയം ഈ മുന്നണിക്ക് കരസ്ഥമാക്കാമായിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യ ഘട്ടത്തില്‍ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. മതേതര ജനാധിപത്യവും സോഷ്യലിസവുമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. സമാനമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷിയാണ് ജനതാദള്‍ എസും. എന്നാല്‍, തെരഞ്ഞെടുപ്പ് വേളയില്‍ ജനതാദള്‍ എസിനെ മുഖ്യ ശത്രുവായിക്കണ്ട് പ്രചാരണം നടത്തി ബി.ജെ.പിക്ക് 104 സീറ്റ് നേടിക്കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്. ബി.ജെ.പി തീവ്ര ഹിന്ദുത്വം പ്രകടിപ്പിക്കുമ്പോള്‍ അതിന് മറുപടിയായി മൃദു ഹിന്ദുത്വമല്ല പൊതുസമൂഹം കോണ്‍ഗ്രസില്‍ നിന്നു പ്രതീക്ഷിച്ചത്.
ബി.ജെ.പി ക്ഷേത്രം കയറുമ്പോള്‍ കോണ്‍ഗ്രസ് ഹിമാലയം കയറുന്നതില്‍ എന്തര്‍ഥം. വികസനത്തിലും ജനക്ഷേമ കാര്യങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണകൂടം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. നരേന്ദ്രമോദിയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരേ പ്രസംഗിച്ച് അതേ വര്‍ഗീയ നിലപാട് തുടരുകയായിരുന്നില്ല വേണ്ടിയിരുന്നത്. പകരം കര്‍ണാടകയില്‍ വരുത്തിയ വികസനപ്രവര്‍ത്തനങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായിരുന്നു കോണ്‍ഗ്രസില്‍ നിന്നുണ്ടാകേണ്ടിയിരുന്നത്. ലിംഗായത്ത് വിഭാഗത്തെ പിന്നാക്കമായി പ്രഖ്യാപിച്ചത് തിരിച്ചടിയായി. അവര്‍ ലിംഗായത്ത് സമുദായാംഗമായ യെദ്യൂരപ്പയുടെ കീഴില്‍ ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്ക് വോട്ട് ചെയ്തു. ഇങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് കൈകൊള്ളും മുമ്പ് ചുരുങ്ങിയപക്ഷം ലിംഗായത്ത് വിഭാഗത്തിന്റെ നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല.
എച്ച്.ഡി ദേവഗൗഡയുടെ വൊക്കലിംഗ സമുദായത്തിലും വിഭാഗീയത ഉണ്ടാക്കുവാന്‍ ശ്രമിച്ചു. അതിനാല്‍തന്നെ ദേവഗൗഡ സിദ്ധരാമയ്യയുടെ ആജന്മ ശത്രുവുമായി. ഇത്തരമൊരു പശ്ചാതലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 സീറ്റെങ്കിലും കിട്ടിയല്ലോ എന്നാണ് ആശ്വസിക്കേണ്ടത്.
ഇനിയെല്ലാം ബി.ജെ.പിക്കാരനായ ഗവര്‍ണര്‍ വാജുഭായി വാലയെ ആശ്രയിച്ചിരിക്കുന്നു. ഗവര്‍ണര്‍ വാജുഭായി വാല ഗുജറാത്തില്‍ മന്ത്രിയും സ്പീക്കറുമായിരുന്നുവെന്നോര്‍ക്കണം. ജെ.ഡി.എസും കോണ്‍ഗ്രസും ഉന്നയിക്കുന്ന അവകാശവാദത്തെ ഗവര്‍ണര്‍ അംഗീകരിക്കണമെന്നില്ല. എന്നാല്‍, മണിപ്പൂരിലും ഗോവയിലും ബി.ജെ.പി സഖ്യത്തെയായിരുന്നു അവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇവിടെ അങ്ങനെയായിക്കൊള്ളണമെന്നില്ല. അതാണ് നീതിയും ന്യായവുമെങ്കില്‍ കൂടിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. കോണ്‍ഗ്രസ് മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ട് പോലും മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ല. യെദ്യൂരപ്പയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ജനതാദള്‍ എസിലോ കോണ്‍ഗ്രസില്‍ തന്നെയോ പിളര്‍പ്പുണ്ടാക്കി എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ ബി.ജെ.പി മടിക്കില്ല. തത്വദീക്ഷയില്ലാത്ത ആ പാര്‍ട്ടിയുടെ ചരിത്രം അതാണ്. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബഹുമിടുക്കനാണ് അവരുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹം അത് പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കര്‍ണാടകയിലെ തുടര്‍ ഭരണം അനിവാര്യമാണ്. തെക്കേ ഇന്ത്യയിലേക്കുള്ള ബി.ജെ.പിയുടെ കവാടം അടക്കേണ്ടത് അവര്‍ക്ക് ആവശ്യമാണ്. 4 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ അവിടെ ആത്മവിശ്വാസം നല്‍കാന്‍ കര്‍ണാടകയിലെ ഭരണത്തുടര്‍ച്ച വേണം.
ലോക്‌സഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ച അവിശ്വാസപ്രമേയത്തെ ബി.ജെ.പി സ്പീക്കറായ സുമിത്ര മഹാജന്‍ ചെറുത്തുതോല്‍പിച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ എം.പിമാര്‍ നല്‍കിയ കത്ത് ബി.ജെ.പി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യനായിഡു ചവറ്റുകൊട്ടയിലെറിഞ്ഞു. ഇപ്പോഴിതാ കോണ്‍ഗ്രസും ജെ.ഡി.എസും മുന്നണിയുണ്ടാക്കി മന്ത്രിസഭാ രൂപീകരണ അവകാശവാദവുമായി മറ്റൊരു ബി.ജെ.പിക്കാരനായ ഗവര്‍ണര്‍ വാജുഭായിവാലക്ക് കത്ത് നല്‍കിയിരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി അവകാശവുമായി ബി.ജെ.പിക്കാരനായ യെദ്യൂരപ്പയും ഗവര്‍ണറെ കണ്ടിട്ടുണ്ട്. ബി.ജെ.പി ഗവര്‍ണര്‍ ആരെ തുണക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.