2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ഫലം വന്നു, കസേരകളി തുടങ്ങി

ഗിരീഷ് കെ. നായര്‍ kgirishk@gmail.com

ഉത്തരേന്ത്യയില്‍ അടക്കിവാഴുമ്പോഴും പൂര്‍വ-പശ്ചിമ മേഖലകളില്‍ വെന്നിക്കൊടി പാറിക്കുമ്പോഴും ബി.ജെ.പിക്കു മുന്നില്‍ ബാലികേറാമലയായി അവശേഷിച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. കര്‍ണാടകയില്‍ ഇടയ്ക്കു സാന്നിധ്യം കാട്ടുമെന്നതൊഴികെ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇത്തവണ അത് സംഭവിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ അവര്‍ക്കായി. കോണ്‍ഗ്രസിനു പലപ്പോഴായുണ്ടായ വീഴ്ചകള്‍ മുതലെടുത്തായിരുന്നു ബി.ജെ.പിയുടെ ജയം.

ബി.ജെ.പിയുടേത് മാരത്തണ്‍
കര്‍ണാടക തെരഞ്ഞെടുപ്പിനെ മാരത്തണ്‍ മത്സരമായാണ് ബി.ജെ.പി കണ്ടതെന്നു പറയാം. പതിയെ തുടങ്ങി ഫിനിഷിങ് പോയിന്റിലേക്കടുക്കുമ്പോള്‍ വേഗത കൂട്ടിയുള്ള ഓട്ടം. കോണ്‍ഗ്രസ് കാലുപറിച്ച് ഓടിയത് വഴിയില്‍ തളര്‍ന്നുവീഴാന്‍ കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഒരുവേള 90 സീറ്റിനപ്പുറം ബി.ജെ.പി നേടില്ലെന്ന അവസ്ഥയുണ്ടായിരുന്നു. സര്‍വേകള്‍ തൂക്കുമന്ത്രിസഭയിലേക്ക് വിരല്‍ ചൂണ്ടിയപ്പോഴും അമിതമായ ആത്മവിശ്വാസമായിരുന്നു കോണ്‍ഗ്രസിന്. ഭരണവിരുദ്ധ വികാരം ഏറെയൊന്നും ഏശിയിട്ടില്ലാത്തതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച മട്ടിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ പിറ്റേന്നും അതുകണ്ടു. ദലിത് മുഖ്യമന്ത്രിക്ക് താന്‍ വഴിമാറിക്കൊടുക്കാമെന്നുവരെ അദ്ദേഹം പറഞ്ഞു. അതിരുവിട്ട ആത്മവിശ്വാസത്തില്‍നിന്നുള്ള പ്രതികരണമായിരുന്നു അതൊക്കെയും. യോഗി ആദിത്യനാഥിനെ കൊണ്ടുവന്നിട്ടും റാലികളില്‍ ജനപങ്കാളിത്തം കുറഞ്ഞത് വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് അപകടമാണെന്ന തിരിച്ചറിവ് ബി.ജെ.പിക്കു നല്‍കി. 19 റാലികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന മോദി 25 റാലികളില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു.

ലിംഗായത്ത് ബാധ
കോണ്‍ഗ്രസിന് തിരിച്ചടിയേറ്റത് അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയ ലിംഗായത്തു വിഭാഗത്തില്‍ നിന്നുതന്നെയാണെന്നതാണ് പരിതാപകരം. ബി.ജെ.പി വര്‍ഗീയകാര്‍ഡ് കളിക്കുമെന്ന് കരുതി ഒരു മുഴം മുന്നേ എറിഞ്ഞത് സിദ്ധരാമയ്യയുടെ ബുദ്ധിയായിരുന്നു. ലിംഗായത്തുകള്‍ക്ക് സംവരണം നല്‍കിയാല്‍ 30 ശതമാനം വോട്ട് പെട്ടിയിലാക്കാമെന്ന് സിദ്ധരാമയ്യ സ്വപ്‌നം കണ്ടു. ആദ്യം ഫലം കണ്ടെങ്കിലും ലിംഗായത്തുകളെ വിഘടിപ്പിക്കാനുള്ള ശ്രമമാണെന്ന ബി.ജെ.പി പ്രചാരണം വിജയിക്കുന്നതാണ് പിന്നീടുകണ്ടത്. സംവരണം നേടിയെങ്കിലും തങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനെതിരേ അവര്‍ വോട്ടുചെയ്തു. ലിംഗായത്തു മേഖലകളില്‍ ബി.ജെ.പി ബഹുദൂരം മുന്നിലെത്തിയപ്പോള്‍ ജെ.ഡി.എസും കോണ്‍ഗ്രസും നാമമാത്രമായ സീറ്റുകളിലൊതുങ്ങുന്നതായിരുന്നു ഫലം. 2013ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത് ലിംഗായത്ത് വോട്ടുകള്‍ ഭിന്നിച്ചതോടെയായിരുന്നു. ലിംഗായത്ത് നേതാവായ യെദ്യൂരപ്പ ബി.ജെ.പിക്ക് എതിരേ മത്സരിച്ച കാലമായിരുന്നു അത്. യെദ്യൂരപ്പയെ പുറത്താക്കിയതിന് ബി.ജെ.പിക്ക് ലിംഗായത്ത് നല്‍കിയ തിരിച്ചടിയായിരുന്നു അതെന്നും വിലയിരുത്താവുന്നതാണ്.
ദലിത് മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് കാണാതിരുന്നു കൂടാ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മേഖലകളില്‍ ബി.ജെ.പിയും മുന്നേറ്റം നടത്തിയിരുന്നെന്നോര്‍ക്കണം. കാവേരി വിഷയം ഇപ്പോഴും പ്രാദേശിക വികാരമാണെന്ന സൂചന നല്‍കുന്നതായി ആ മേഖലകളില്‍ ജെ.ഡി.എസ് നേടിയ വിജയം. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ മേഖലകളില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നത് പ്രസ്തുത വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും ഇരട്ടത്താപ്പിന് ജനങ്ങള്‍ നല്‍കിയ മറുപടികൂടിയാണ്. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. നഗരപ്രദേശങ്ങില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ മഹാദായി മേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം ഇത്തവണ ബി.ജെ.പി തട്ടിയെടുത്തു.
ഓള്‍ഡ് മൈസൂരു മേഖല തങ്ങളുടെ കോട്ടയാണെന്ന് ജെ.ഡി.എസ് ഒരിക്കല്‍കൂടി തെളിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പിക്ക് നാമമാത്രമായ സീറ്റേ ലഭിച്ചുള്ളുവെങ്കില്‍ ഇത്തവണ ആ സ്ഥിതിവിശേഷം നേരിട്ടത് കോണ്‍ഗ്രസാണ്. തങ്ങളുടെ കുത്തകയായ വൊക്കലിഗ വോട്ടുബാങ്കില്‍ ജെ.ഡി.എസും ബി.ജെ.പിയും കടന്നുകയറിയതും കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കി.
ന്യൂനപക്ഷ വോട്ടുകള്‍ സംരക്ഷിക്കാനായില്ലെന്ന ന്യൂനതയാണ് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ക്ഷേത്രങ്ങളിലും മഠങ്ങളിലും കയറിയിറങ്ങി വോട്ടുതേടിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നുവേണം കരുതാന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഈ പഴി കേട്ടിരുന്നെങ്കിലും പാഠം പഠിക്കാന്‍ തയാറായില്ല. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലും ശേഖരിച്ചത് ജെ.ഡി.എസായിരുന്നു. പ്രത്യേകിച്ച് ആന്ധ്രയിലെ മുസ്‌ലിം നേതാവ് ഉവൈസി ജെ.ഡി.എസിനു പിന്തുണ പ്രഖ്യാപിച്ചത് ഇതിനുകാരണമായി.

ആറു മേഖലകളില്‍
അഞ്ചിലും ബി.ജെ.പി
കര്‍ണാടകയില്‍ 222 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, തീരദേശ മേഖല, മധ്യമേഖല, ദക്ഷിണ മേഖല, ബംഗലൂരു മേഖല എന്നിങ്ങനെ ആറു മേഖലകളിലായാണ് ഈ സീറ്റുകള്‍. ഇതില്‍ ഒരിടത്തുപോലും വ്യക്തമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെന്നത് അവരെ ഞെട്ടിപ്പിക്കുന്നു. ബംഗളൂരുവില്‍ ബി.ജെ.പിക്കൊപ്പം നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നതൊഴിച്ചാല്‍ മറ്റ് അഞ്ചു മേഖലകളിലും ബി.ജെ.പിയാണ് നേട്ടം കൊയ്തത്.
ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ 2013ല്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്തവണ ബി.ജെ.പി പയറ്റിക്കയറിവന്ന കാഴ്ചയാണുകണ്ടത്. മുംബൈ, കര്‍ണാടക മേഖലയില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. മധ്യമേഖലയില്‍ 2013ല്‍ കോണ്‍ഗ്രസ് സര്‍വാധിപത്യം നേടിയിരുന്നെങ്കില്‍ ഇത്തവണ ബി.ജെ.പി അവരെ നിഷ്പ്രഭമാക്കി. തീരമേഖലയില്‍ ബി.ജെ.പി തരംഗമായിരുന്നു. 2013ല്‍ നേടിയ സീറ്റുകളെല്ലാം തന്നെ കോണ്‍ഗ്രസിനു നഷ്ടമാകുന്ന കാഴ്ചയും ഫലങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

കോണ്‍ഗ്രസ് മൂന്നിലൊതുങ്ങി

കര്‍ണാടക കൂടി തങ്ങളുടെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമ്പോള്‍ കോണ്‍ഗ്രസ് 13 സംസ്ഥാനങ്ങളിലും ബി.ജെ.പി ഏഴു സംസ്ഥാനങ്ങളിലുമാണ് ഭരണം കൈയാളിയിരുന്നത്. പടിപടിയായി താഴേക്കു പതിക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയ ചിത്രം എന്തായാലും ആശയ്ക്കു വക നല്‍കുന്നില്ല. അതേസമയം ചെറു പാര്‍ട്ടികളെ യോജിപ്പിച്ച് അവരുടെ വാശികള്‍ക്ക് വഴങ്ങി ഇനിയുള്ള തെരഞ്ഞെടുപ്പുകളെ നേരിടാന്‍ തയാറാകുന്ന വഴിയാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. ഒരുതരത്തില്‍ അത് ആത്മഹത്യാപരമാണ്. പ്രാദേശിക പാര്‍ട്ടികള്‍ കൈവിട്ടാല്‍ പാര്‍ട്ടിതന്നെ ഇല്ലാതാവുന്ന അവസ്ഥ അതുണ്ടാക്കിയേക്കാം.

കോണ്‍ഗ്രസിന്റെ പാളിച്ചകള്‍
തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പാളിച്ചകളില്‍ നിന്ന് പാളിച്ചകളിലേക്ക് പ്രയാണം ചെയ്യുകയായിരുന്നു. സിദ്ധരാമയ്യക്കെതിരേ ഭരണവിരുദ്ധ വികാരം കുറവെന്നുള്ള അറിവ് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടി. അത് അമിതവും അഹങ്കാരവുമായി. കൂടെക്കൂട്ടാമായിരുന്ന കുമാരസ്വാമിയുടെ ജെ.ഡി.എസിനെ തുടക്കത്തിലേ അകറ്റി നിര്‍ത്തിയെന്നു മാത്രമല്ല, കൂട്ടുകൂടാന്‍ പറ്റാത്തവിധം വെറുപ്പിക്കാന്‍ പോലും ചില നേതാക്കള്‍ ശ്രമിക്കുന്നതും കണ്ടു. ബി.ജെ.പിയെ നേരിടാന്‍ ചെറുപാര്‍ട്ടികളുടെ കൂട്ടായ്മ വേണമെന്നും കോണ്‍ഗ്രസ് അതിനു നേതൃത്വം നല്‍കുമെന്നും രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചതല്ലാതെ ചെയ്തി വിപരീതമായത് വിനയായി.

ലോക്‌സഭ തെരഞ്ഞെടുപ്പ്
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായാണ് വിലയിരുത്തപ്പെട്ടത്. ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്ന ഫലമാണ് കര്‍ണാടകയിലുണ്ടായത്. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് പ്രാബല്യത്തില്‍ വരാത്തതിന് കനത്ത വിലയാണ് നല്‍കേണ്ടിവരുന്നതെന്ന് അവര്‍ക്ക് ഇനിയും മനസിലായിട്ടില്ലെന്നുവേണം കരുതാന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം എന്നതിനുപകരം ഒരുപക്ഷേ ഈ വര്‍ഷം അവസാനം നടത്താന്‍ പോലും ബി.ജെ.പിയെ കര്‍ണാടകയിലെ വിജയം പ്രേരിപ്പിച്ചേക്കാം. ദക്ഷിണേന്ത്യയില്‍ നേടിയ വിജയം അടുത്തു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലേക്കും ബംഗാളിലേക്കും പ്രതീക്ഷയോടെ നോക്കാനും പാര്‍ട്ടിയെ പ്രാപ്തമാക്കും.

ജെ.ഡി.എസിന്റെ സാധ്യത
ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നയിക്കുന്ന ജെ.ഡി.എസ് ഒന്നിരുട്ടി വെളുത്തപ്പോഴേക്കും രാജപദവിയിലേക്കെത്തിയിരിക്കുന്നതാണ് ഫലത്തില്‍ കാണുന്നത്. താന്‍ മുഖ്യമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പ്രഖ്യാപിച്ച കുമാരസ്വാമി കോണ്‍ഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ അതിനുള്ള പുറപ്പാടിലായിരുന്നു. എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കിയിരിക്കുകയാണ്. പണക്കൊഴുപ്പുള്ള റെഡ്ഡിമാര്‍ക്ക് എന്തും ചെയ്യാനുള്ള അവസരം കൂടിയാവുമതെന്ന ആരോപണവും കുതിരക്കച്ചവട സാധ്യതകളും ഉയരുന്നത് സ്വാഭാവികം. ഗോവയിലും മറ്റും അതുകണ്ടതുമാണ്. മുന്‍പ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കി ഭരണം നേടിയ ബി.ജെ.പി തുടര്‍ന്നു നേരിട്ട പ്രതിസന്ധികള്‍ മറന്നിട്ടുണ്ടാവില്ല.
അതുകൊണ്ടുതന്നെ കുമാരസ്വാമിക്ക് പിന്തുണ നല്‍കിയുള്ള ഭരണസാധ്യത അവര്‍ രണ്ടുവട്ടം ആലോചിക്കും. അതേസമയം ജെ.ഡി.എസിനെ പിളര്‍ത്താന്‍ അമിത് ഷാ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനിടയുണ്ട്. പ്രമുഖ സ്ഥാനങ്ങളിലേതിലേക്കെങ്കിലും ദേവഗൗഡയെ ബി.ജെ.പി പരിഗണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതാണല്ലോ രാഷ്ട്രീയം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.