2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കേരളം കരകയറിത്തുടങ്ങുമ്പോള്‍ കണക്ക് തീര്‍ക്കാന്‍ ബി.ജെ.പി വരമ്പത്ത് കാത്തുനില്‍ക്കുന്നു

സെബാസ്റ്റിയന്‍ പോള്‍

 

വെള്ളത്തില്‍ മുങ്ങിയവനെ കരയ്ക്കു കയറ്റിയതിനുശേഷമാണ് കണക്ക് വല്ലതുമുണ്ടെങ്കില്‍ ചോദിക്കുകയും തീര്‍ക്കുകയും ചെയ്യേണ്ടത്. അഭൂതപൂര്‍വമായ പ്രളയത്തില്‍ അകപ്പെട്ട കേരളം സ്വന്തംനിലയില്‍ കരകയറിത്തുടങ്ങുമ്പോള്‍ വൈരനിര്യാതനബുദ്ധിയോടെ കണക്ക് തീര്‍ക്കാന്‍ ബി.ജെ.പി വരമ്പത്ത് കാത്തുനില്‍ക്കുന്നു. സുമനസുകളുടെ സഹാനുഭൂതിയാണ് ആപല്‍ഘട്ടത്തില്‍ കേരളത്തിന് തുണയായത്. പ്രളയജലം പൂര്‍ണമായും ഇറങ്ങുംമുമ്പേ സഹായത്തിന്റെ പ്രളയജലം ഒഴുകിയെത്താന്‍ തുടങ്ങി.
എഴുനൂറ് കോടി രൂപയുടെ അമ്പരപ്പിക്കുന്ന സഹായവാഗ്ദാനമാണ് യു.എ.ഇയില്‍ നിന്ന് ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ നൂറു കോടി അധികമാണിത്. യു.എ.ഇ റെഡ് ക്രസന്റ് സ്വരൂപിക്കുന്ന ഈ പണത്തില്‍ കാണാച്ചരടുകള്‍ ഉണ്ടാകാനിടയില്ല. കേരളവുമായുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന സ്വാഭാവികമായ അടുപ്പം മാത്രമാണ് അതിനു പിന്നിലുള്ളത്. അങ്ങനെ വൈകാരികമായ തലത്തില്‍ മാത്രമേ അതിനെ കാണേണ്ടതുള്ളു. അത് വേണ്ടെന്നു വയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പുനര്‍നിര്‍മിതിയുടെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കണം. യു.എ.ഇക്കു പുറമേ ഖത്തറും ഐക്യരാഷ്ട്രസംഘടനയും കേരളത്തെ സഹായിക്കാന്‍ തയാറായിട്ടുണ്ട്. ഒന്നും സ്വീകാര്യമല്ലെന്ന നിലപാട് അതിരുവിട്ട ധാര്‍ഷ്ട്യത്തില്‍നിന്നും അപകടകരമായ ശത്രുതാമനോഭാവത്തില്‍നിന്നും ഉണ്ടാകുന്നതാണ്. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത കേരളത്തിനുള്ള ശിക്ഷയാണിത്. അതില്‍ ജനാധിപത്യമോ മനുഷ്യത്വമോ ഇല്ല. ഇപ്പോള്‍ സ്വീകരിക്കുന്ന സഹായം മറ്റൊരു അവസരത്തില്‍ മറ്റൊരു രൂപത്തില്‍ മറ്റാര്‍ക്കെങ്കിലും തിരിച്ചു നല്‍കാനുള്ളതാണ്.
അത് ബംഗാളിലാകാം, ത്രിപുരയിലാകാം, ഒഡീഷയിലാകാം, ആന്ധ്രയിലാകാം. അല്ലെങ്കില്‍ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്താകാം. ക്യൂബയിലേക്ക് കേരളത്തില്‍നിന്ന് കപ്പല്‍ നിറയെ സഹായം എത്തിച്ചത് ഓര്‍ക്കുന്നു. ഗസയിലെ പീഡിതര്‍ക്കൊപ്പവും മ്യാന്‍മറിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പവും നമ്മള്‍ അണിനിരന്നിട്ടുണ്ട്. പുര കത്തുമ്പോള്‍ വാഴ വെട്ടരുത്; പുരയിടം മുങ്ങുമ്പോള്‍ വ്യര്‍ത്ഥാഭിമാനം പാടില്ല. സമഗ്രമായ പുനര്‍നിര്‍മാണത്തിന് തയാറെടുക്കുന്ന കേരളത്തെ വിഷമിപ്പിക്കുന്ന നടപടികള്‍ കേന്ദ്രത്തില്‍നിന്ന് ഉണ്ടാകരുത്. രാഷ്ട്രീയവും കീഴ്‌വഴക്കവും നോക്കാതെ കേരളത്തിനൊപ്പം നില്‍ക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. കേരളംകൂടി ചേര്‍ന്നതാണ് ഇന്ത്യാ യൂനിയന്‍. അന്യരുടെയും അറബികളുടെയും പണം വേണ്ടെങ്കില്‍ വേണ്ട. നമുക്കാവശ്യമുള്ളത് കേന്ദ്രം തന്നാല്‍ മതി.
കേരളത്തിനുണ്ടായ നഷ്ടം പ്രാഥമിക വിലയിരുത്തലില്‍ ഇരുപതിനായിരം കോടി രൂപയാണ്. അടിയന്തരമായി കേരളം രണ്ടായിരം കോടി ആവശ്യപ്പെട്ടപ്പോള്‍ അറുനൂറ് കോടിയാണ് കിട്ടിയത്. ഈ തോതില്‍ കേന്ദ്രത്തിന്റെ സഹായമെത്തുന്നത് കാത്തിരുന്നാല്‍ പുനരധിവാസവും പുനര്‍നിര്‍മാണവും മരീചികയായി അവശേഷിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News