2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വിത്തെറിഞ്ഞു തുടങ്ങി

 

കാളികാവ്: കരനെല്‍കൃഷിക്കാര്‍ക്കു മഴ ആശ്വാസം പകര്‍ന്നു. കര്‍ഷകര്‍ വിത്തെറിഞ്ഞു തുടങ്ങി. പ്രതീക്ഷിച്ചതിലും അധികം മഴ ലഭിച്ചതാണു കര്‍ഷകര്‍ക്കു കൂടുതല്‍ ആശ്വാസമായത്.
ജില്ലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വിത്തുല്‍പ്പാദന കേന്ദ്രങ്ങളും അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്തുന്നതിന് ഒരുങ്ങിക്കഴിഞ്ഞു. ചോക്കാടിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കരനെല്ലിന് അനുയോജ്യമായ ജ്യോതി വിഭാഗത്തില്‍പ്പെട്ട വിത്താണു നട്ടിരിക്കുന്നത്.

 

റബ്ബര്‍ വിലയിടിവിനെത്തുടര്‍ന്നു മലയോര കര്‍ഷകര്‍ കരനെല്‍കൃഷിയിലേക്ക് ആകൃഷ്ടരായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കരനെല്‍വിത്തിന് ആവശ്യക്കാര്‍ കൂടുതലാകുമെന്ന കണക്കു കൂട്ടലിലാണു വിരിപ്പു കൃഷിയില്‍ ജ്യോതി വിത്തിറക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ജില്ലയില്‍ ജലക്ഷാമമുള്ളതിനാല്‍ മൂന്നു വിളവിറക്കുന്നതു രണ്ടായി ചുരുങ്ങിയിട്ടുണ്ട്. ജൂണ്‍-ജൂലൈയില്‍ ചെയ്യുന്ന വിരിപ്പു കൃഷിയും മധ്യത്തില്‍ ഉള്ള മുണ്ടകനുമാണു സാധാരണയായി കൃഷിചെയ്തു വരുന്നത്. വേനലുമായി ബന്ധപ്പെടുന്ന പുഞ്ചകൃഷിയാണു പലരും ഒഴിവാക്കുന്നത്.

കൃഷിയുടെ തിരിച്ചു വരവു കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്കും ആശ്വാസമായിട്ടുണ്ട്. നെല്‍കൃഷി മേഖലയില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ കുറവായതിനാല്‍ നാട്ടിലെ തൊഴിലാളികള്‍ക്കു ജോലിയും ലഭിക്കുന്നുണ്ട്.
സംസ്ഥാന ബജറ്റില്‍ നെല്ലിന്റെ അടിസ്ഥാന വിലയില്‍ വര്‍ധനവു വരുത്തിയതോടെ കര്‍ഷകര്‍ നല്ല പ്രതീക്ഷയിലാണ്. നെല്‍കൃഷിയില്‍ ഒരിക്കലും നഷ്ടമുണ്ടാകില്ലെന്നാണു ചെറുകിട കര്‍ഷകര്‍ പറയുന്നത്.

 

സര്‍ക്കാറിന്റെ പ്രോല്‍സാഹനം കൂടി ആകുമ്പോള്‍ തരിശിട്ട പാടങ്ങള്‍ ശേഖരങ്ങള്‍ കൂടി വീണ്ടും കൃഷിയിലേക്കു തിരിച്ചു വരുമെന്നു കര്‍ഷകര്‍ പറഞ്ഞു. കരനെല്‍കൃഷിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കൃഷി വകുപ്പ് അധികൃതരും പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.