2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റമദാനിലെ മുഴുവന്‍ നോമ്പും പൂര്‍ത്തീകരിച്ച് ഫിത്വര്‍ സക്കാത്തും നല്‍കി, കപ്യേടത്ത് ചന്ദ്രന് ഇനി ശവ്വാല്‍ നോമ്പും നോല്‍ക്കണം

മുക്കം: റമദാന്‍ മാസത്തിലെ മുഴുവന്‍ നോമ്പും പൂര്‍ത്തീകരിച്ച് പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സക്കാത്തും നല്‍കിയതിന്റെ ആത്മ നിര്‍വൃതിയിലാണ് ഹിന്ദു ധര്‍മ സംരക്ഷണ സമിതി പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രന്‍. ഇനി ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ് കൂടി എടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. റമദാനില്‍ നോമ്പ് എടുക്കുക എന്നത് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നുവെങ്കിലും സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാല്‍ ശാരീരിക അവശതകള്‍ ഉണ്ടാകുന്നത് മൂലം ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹിന്ദു ധര്‍മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുക്കത്ത് സംഘടിപ്പിച്ച ഉപവാസത്തില്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതിരുന്നത് റമദാനില്‍ നോമ്പ് എടുക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നോമ്പ് എടുക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂര്‍ണ പിന്തുണയും കിട്ടി. സുബഹി വാങ്കിന് മുന്‍പായി രണ്ട് നേന്ത്രപ്പഴം കഴിക്കും. പിന്നീട് തന്റെ തിരക്കുകളിലേക്ക് ഊളിയിടും. മഹ്‌രിബ് ബാങ്ക് കൊടുക്കുന്നതോടെ കാരക്കയും നാരങ്ങാവെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കും. ചില ദിവസങ്ങളില്‍ തരിക്കഞ്ഞിയുമുണ്ടാകും. ചപ്പാത്തി, ഫ്രൂട്ട്‌സ് എന്നിവയായിരിക്കും മറ്റു വിഭവങ്ങള്‍.

ഇദ്ദേഹം നോമ്പ് എടുക്കുന്നത് കണ്ട് പേരക്കുട്ടിയായ വേദിക് രാജും രണ്ടുദിവസം നോമ്പെടുത്തു. മണാശ്ശേരി ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വേദിക് രാജ്. നോമ്പ് എടുക്കുമ്പോള്‍ മാനസികമായ ഉന്‍മേഷവും ഊര്‍ജവും പ്രത്യേക ധൈര്യവും ലഭിക്കുന്നതായി ഇദ്ദേഹം പറയുന്നു. ആദ്യം കുറച്ചു പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിശപ്പ് അറിയുന്നതേയില്ല. ഇനി വരുന്ന മുഴുവന്‍ റമദാന്‍ മാസങ്ങളിലും വ്രതമനുഷ്ഠിക്കണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുക്കം അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും സമന്വയ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ അദ്ദേഹത്തിന്റെ വ്രതാനുഷ്ഠാനത്തിന് അമ്മ ദേവകിയും ഭാര്യ പ്രസന്നയും മകന്‍ രാജേഷും കൊച്ചു മകന്‍ അദ്വിക് രാജും വലിയ പിന്തുണയാണ് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.