2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

പാര്‍ട്ടി വലിച്ചെറിഞ്ഞ പാട്ടുതന്നെ പ്രചാരണ ആയുധമാക്കി ജയരാജന്‍

കോഴിക്കോട്: മുന്‍പ് ജയരാജനെ വാനോളം പുകഴ്ത്തി ഒരു പാട്ട് പുറത്തിറക്കി കണ്ണൂരിലെ സഖാക്കള്‍. പുറച്ചേരി ഗ്രാമീണ വയനശാലയാണ് പാര്‍ട്ടി സമ്മേളന കാലത്ത് ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി വാഴിക്കാന്‍ ആ പാട്ട് പടച്ചുണ്ടാക്കിയത്. ‘കണ്ണൂരിന്‍ താരകമല്ലോ’ എന്ന ഗാനം അന്ന് ഗുണം ചെയ്തില്ല. വ്യക്തി പൂജയാണ് ഗാനം മുന്നോട്ടുവെക്കുന്നതെന്ന കാരണം പറഞ്ഞായിരുന്നു പാര്‍ട്ടി തന്നെ ചവറ്റുകുട്ടയിലേക്കെറിഞ്ഞത്.

ഇതുവരേ ചവറ്റുകുട്ടയില്‍ കിടന്ന അതേ പാട്ടാണ് വടകരയിലെ സ്ഥാനാര്‍ഥി പര്യടന വേദികളില്‍ സിപി.എമ്മിന്റെ തുറുപ്പു ചീട്ടായി ഇപ്പോഴുപയോഗിക്കുന്നത്.
അതും ജയരാജനെന്ന ഇടതു സ്ഥാനാര്‍ഥിയെ വാനോളം പുകഴ്ത്തുന്ന ഗാനം.
ഇന്നത് പാര്‍ട്ടിക്കും ആവശ്യമായി വന്നിരിക്കുന്നു. വോട്ടു പിടിക്കണമല്ലോ. അന്നത് കേട്ടാല്‍ സഖാക്കള്‍ക്കു തന്നെ അസ്വസ്ഥത വരുമെന്നു പറഞ്ഞാണ് വലിച്ചെറിഞ്ഞത്. അതേ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇപ്പോഴത് പൊടി തട്ടി എടുത്തിരിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ മാത്രം വോട്ടു കിട്ടിയാല്‍ പോരല്ലോ. അതുകൊണ്ട് കുറച്ച് വ്യക്തിപൂജയൊക്കെ ആയിക്കോട്ടെ എന്നാണ് നിലപാടെന്നും വടകരയിലെ പാര്‍ട്ടിക്കാര്‍ പറയാതെ പറയുകയാണ്.

അന്ന് പി.ജയരാജന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ വരെ ‘കണ്ണൂരിന്‍ താരകമല്ലോ’ എന്ന പാട്ടിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടു. വ്യക്തിപൂജയില്‍ അധിഷ്ഠിതമാണ് ഗാനമെന്നായിരുന്നു ആരോപണം. എന്നാല്‍ ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ വേദികളില്‍ നിറയുകയാണ് അതേ പാട്ട്. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്താണ് ഈ പാട്ട് പി.ജയരാജന് വിനയായതെങ്കില്‍ ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം വ്യക്തി പൂജകള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപ്പിക്കാനാവുമോ എന്നതാണ് മറ്റു മുന്നണി പ്രവര്‍ത്തകര്‍ രഹസ്യമായി ചോദിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.