2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കണ്ണൂരിലെ രാഷ്ട്രീയ ഭീകരത: പ്രവാസലോകത്തും പ്രതിഷേധം ശക്തം

പ്രതിഷേധ സദസ്സ്, പ്രാര്‍ത്ഥന, അനുസ്മരണയോഗങ്ങള്‍ ഇന്ന് ബഹ്‌റൈനില്‍

 

 

ഉബൈദുല്ലാ റഹ്മാനി

മനാമ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ബോംബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസ ലോകത്തും പ്രതിഷേധം ശക്തം. ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ബഹ്‌റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ ഒ.ഐ.സി.സി, ഐ.വൈ.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സദസ്സ്, അനുസ്മരണ സംഗമം, പ്രാര്‍ത്ഥനാ സദസ്സ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

സംഭവം സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസമാണെന്നും ഈ ചുവപ്പ് ഭീകരതയ്‌ക്കെതിരെ ജനമനസാക്ഷി ഉയരണമെന്നും ഒ.ഐ.സി.സി ബഹ്‌റൈന്‍ യൂത്ത് വിങ് ദേശീയ കമ്മിറ്റി പുറത്തിറക്കിയ പ്രതിഷേധപത്രക്കുറിപ്പില്‍ അറിയിച്ചു. ശുഹൈബിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. തങ്ങളുടെ രാഷ്ട്രീയത്തെ വിശ്വസിക്കാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസമാണിത് വ്യക്തമാക്കുന്നത്. മാനവികതയും മനുഷ്യത്വവും വലിയ വായില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിയില്‍ തനി ഫാസിസവുമായി നടക്കുന്ന കാപാലികരാണ് തങ്ങളെന്ന് സി.പി.എം ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ സി.പി.എം ക്രിമിനലുകള്‍ നാട്ടില്‍ അഴിഞ്ഞാടുകയാണ്. മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കാതെയുള്ള ഭീകരപ്രവര്‍ത്തനമാണ് കണ്ണൂരില്‍ സി.പി.എം നടത്തുന്നത്. ശുഹൈബിന്റെ കൊലപാതകത്തോടെ ആ കുടുംബത്തിന്റെ ഭാവിയും പ്രതീക്ഷയുമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്.

സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം കൊണ്ട് രാജ്യം പൊറുതിമുട്ടി കഴിയുന്ന പ്രതിസന്ധിയുടെ ഘട്ടത്തില്‍ രാഷ്ട്രീയ ഫാസിസത്തില്‍ ഞങ്ങളും ഒട്ടും പിറകില്‍ അല്ലെന്ന് തെളിയിച്ചുകൊണ്ട് സി.പി.എം ബി.ജെ.പിയോട് മത്സരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ മാത്രം അരങ്ങേറിയത്. കേരളത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമില്ലാതെയാക്കിയ പ്രസ്ഥാനമാണ് സി.പി.എം. നിരവധി കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും, നിരവധി കുടുംബങ്ങള്‍ക്ക് താങ്ങായും തണലായും നില്‍ക്കേണ്ടവരെ ഇല്ലാതാക്കിയ സി.പി.എമ്മിന് കേരളത്തിലും ബംഗാളിലെ അവസ്ഥ താമസിയാതെ തന്നെ വന്നു ചേരും. മനുഷ്യബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ കഴിയാത്ത സി.പി.എമ്മിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ ചുവപ്പ് ഭീകരതയ്‌ക്കെതിരെ ജനമനസാക്ഷി ഉയരണമെന്നും കേരള ജനത ഒന്നിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രതിഷേധ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 8 മണിക്ക് സല്‍മാനിയ ഒ.ഐ.സി.സി ഓഫിസില്‍ ശുഹൈബ് അനുസ്മരണയോഗം സംഘടിപ്പിക്കുമെന്ന് യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അറിയിച്ചു. ഇന്ന് രാത്രി ബഹ്‌റൈന്‍ സമയം 7.30ന് മനാമയിലെ സഊദി റസ്റ്റോന്റില്‍ പ്രതിഷേധസദസ്സ് സംഘടിപ്പിക്കുമെന്ന് ബഹ്‌റൈന്‍ ഐ.വൈ.സി.സിയും അറിയിച്ചു. ശുഹൈബിന്റെ പേരിലുള്ള മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും അനുശോചനയോഗവും ഇന്ന് ബഹ്‌റൈന്‍ സമയം രാത്രി ഒമ്പത് മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായിയും അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.