2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ഉറക്കെ പറഞ്ഞു, കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ കേന്ദ്രത്തിനെതിരേ പ്രതിഷേധമറിയിച്ച് രാജിക്കത്ത്; ഐ.എ.എസ് ഉദ്യോഗം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ പ്രളയത്തില്‍ പേര് വെളിപ്പെടുത്താതെ സേവനത്തിനിറങ്ങിയ മലയാളി കലക്ടര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ പേരോ സ്ഥാനമോ പുറത്തറിയിക്കാതെ ചെങ്ങന്നൂരില്‍ സന്നദ്ധസേവനത്തിനിറങ്ങിയ മലയാളി കലക്ടര്‍ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ ആരും മറന്നുകാണാനിടയില്ല. മാധ്യമക്കണ്ണുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞപ്പോള്‍ ജോലിയില്‍ നിന്നും ലീവെടുത്താണ് തന്റെ നാട്ടില്‍ സേവനത്തിനെത്തിയതെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്ന് അതേ കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ജനങ്ങളുടെ ശബ്ദമാവാന്‍ വേണ്ടി ജോലിയില്‍ പ്രവേശിച്ചതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലെന്ന് പറഞ്ഞും കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ പരോക്ഷമായി തന്റെ പ്രതിഷേധം അറിയിച്ചും രാജി സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. നിലവില്‍ ദാദ്രനഗര്‍ ഹവേലിയിലെ ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയായി ജോലി ചെയ്യുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാടുമായി എ.ജി.എം.യു.ടി(അരുണാചല്‍ പ്രദേശ്, ഗോവ, മിസോറാം യൂനിയന്‍ ടെറിറ്ററി) കേഡറിലെ ഐ.എ.എസുകാരനായ കണ്ണന്‍ ഗോപിനാഥന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

”കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാന്‍ വലിയ മാനസിക പ്രയാസമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു വലിയവിഭാഗം ജനങ്ങളുടെ ഭരണഘടനാവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ സ്ഥിതിഗതികളെല്ലാം താറുമാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയെല്ലാം ഒരു പ്രതികരണംപോലുമുണ്ടാവുന്നില്ല. നമ്മളെല്ലാവരും അത് ഏറ്റവും അനുയോജ്യമാണെന്ന ധാരണയിലാണിരിക്കുന്നത്. ഞാന്‍പോലും ആ വികാരത്തോടൊപ്പം ചേര്‍ന്നുപോകുന്നു എന്നതാണ് വസ്തുത. എനിക്ക് ഒരു പത്രം സ്വന്തമായുണ്ടായിരുന്നെങ്കില്‍ ഞാന്‍ അതിന്റെ ആദ്യപേജില്‍ 19 എന്ന് മാത്രം എഴുതുമായിരുന്നു. എന്തെന്നാല്‍ അത് സംഭവിച്ചിട്ട് ഇന്നേക്ക് 19 ദിവസം കഴിഞ്ഞിരിക്കുന്നു’. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 21നാണ് കണ്ണന്‍ ഗോപിനാഥന്‍ രാജി സമര്‍പ്പിച്ചതെങ്കിലും അധികൃതര്‍ ഇതുവരെ രാജി സ്വീകരിക്കാന്‍ തയാറായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് മാസത്തിനുള്ളില്‍ രാജിക്കത്തില്‍ തീരുമാനമെടുക്കണമെന്നതാണ് ചട്ടം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.