2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

പഴിചാരി മുന്നണികള്‍; ഇല്ലാതാകുന്നത് കോച്ച് ഫാക്ടറി


കഞ്ചിക്കോട് കോച്ച്ഫാക്ടറി, കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരം, കടലാക്രമണങ്ങള്‍ക്ക് പരിഹാരം, റബര്‍ പ്രതിസന്ധി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറി ആവശ്യത്തില്‍ മാത്രം ഊന്നി ചൊവ്വാഴ്ച എല്‍.ഡി.എഫ് എം.പിമാരും ഇതേസ്ഥലത്തു ധര്‍ണ നടത്തി. ധര്‍ണ നടത്തുന്നതിലുണ്ടായ ആശയക്കുഴപ്പത്തില്‍ ഇരുപക്ഷവും തമ്മില്‍ വാക്കുതര്‍ക്കവും നടന്നു.
പാലക്കാട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് എല്‍.ഡി.എഫ് എം.പിമാര്‍ ധര്‍ണ നടത്തിയത്. ഒന്നിച്ചു ധര്‍ണ നടത്തുന്ന കാര്യം ചൊവ്വാഴ്ച കോണ്‍ഗ്രസ് ഡെപ്യൂട്ടി ചീഫ്‌വിപ്പ് കെ.സി വേണുഗോപാലുമായി സഭയില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയതാണെന്നും കേരളത്തിലെ വിഷയങ്ങള്‍ യോജിച്ച് ഉന്നയിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നേരത്തേ തീരുമാനമായതാണെന്നും സി.പി.എം നേതാവ് പി. കരുണാകരന്‍ എം.പിയും തറപ്പിച്ചു പറയുന്നു.
കഞ്ചിക്കോട് കോച്ച്ഫാക്ടറി ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2008 ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണു റെയില്‍ ബജറ്റില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. റായ്ബറേലിയിലും കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. 2012 ല്‍ റായ്ബറേലിയിലെ കോച്ച് ഫാക്ടറി കമ്മിഷന്‍ ചെയ്തുവെങ്കിലും കേരളത്തിലെ കോച്ച് ഫാക്ടറി ഇപ്പോഴും തിരുനക്കരയില്‍ തന്നെ.
കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ക്ക് ഇക്കാര്യത്തില്‍ ശുഷ്‌ക്കാന്തിയില്ലാതെപോയതാണു കോച്ച് ഫാക്ടറി ഇല്ലാതാകുന്ന അവസ്ഥയിലെത്തിച്ചത്. കേരളത്തിലെ എം.പിമാരുടെ ഐക്യമില്ലായ്മ മുതലെടുത്തു കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുകയാണ്. ഇതര സംസ്ഥാനങ്ങള്‍ അവരുടെ പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ എല്ലാ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നത് കേരളത്തിലെ എം.പിമാര്‍ക്ക് ഇപ്പോഴും മാര്‍ഗദര്‍ശനമാകുന്നില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങികിടക്കുന്ന ജലബോംബാണെന്ന് നമ്മുടെ ഭരണകര്‍ത്താക്കളും പരിസ്ഥിതി വാദികളും തുറന്ന് സമ്മതിക്കുന്നു. ഈ അണക്കെട്ട് കേരളത്തിന്റെ മണ്ണിലായിട്ടും അതിന്റെ ഉടമസ്ഥാവകാശം കേരളത്തിനായിട്ടും അതില്‍വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ നമുക്ക് കഴിയുന്നില്ല. ഡാം തകര്‍ന്നാല്‍ നാല് ജില്ലകളെ വെള്ളത്തില്‍ മുക്കുമെന്നും ഡാം ചോര്‍ന്നൊലിക്കുന്നുണ്ടെന്നുമെല്ലാം വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സുപ്രിംകോടതിയില്‍ നമ്മുടെ ആവശ്യം നേടിയെടുക്കുവാന്‍ കഴിയാതെപോകുന്നത് ഇച്ഛാശക്തിയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കുവാന്‍ കഴിയാത്തതു കൊണ്ടാണ്.
സമാനമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ അവസ്ഥയും. അതാണ് ഇന്നലെയും മുന്‍പത്തെ ദിവസവും ഇരുമുന്നണികളും വേറിട്ട് നടത്തിയ ധര്‍ണയില്‍ നിന്നും മനസ്സിലാകുന്നത്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും കണക്ക് പറഞ്ഞുവാങ്ങുവാന്‍ നമ്മുടെ എം.പിമാര്‍ക്കാവുന്നില്ല. കുറഞ്ഞുപോയ റേഷനരി വിഹിതം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് പോലും ഫലം കിട്ടാതെപോയത് കേരള എം.പിമാരുടെ പുറമെയുള്ള ഐക്യം ഉള്ളിലോട്ട് ചെന്നിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോധ്യപ്പെട്ടതിനാലായിരിക്കണം.
കോച്ച്ഫാക്ടറിക്കായി ജൂണ്‍ 21ന് ഇടത് മുന്നണി എം.പിമാര്‍ ഡല്‍ഹി റെയില്‍വെ ഭവന് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിലെ അവ്യക്തത അവസാനിപ്പിക്കണമെന്നാവശ്യമായിരുന്നു അന്ന് ധര്‍ണയില്‍ ഉന്നയിച്ചത്. കോച്ച്ഫാക്ടറി പരിഗണനയില്ലെന്ന് എം.ബി രാജേഷ് എം.പിക്ക് മന്ത്രി പിയൂഷ് ഗോയല്‍ രേഖാമൂലം മറുപടി നല്‍കുകയും വി.എസ് അച്യുതാനന്ദന് കോച്ച്ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു വിഷയത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ധര്‍ണ നടത്തിയത്.
2012-13 വര്‍ഷത്തെ റെയില്‍ ബജറ്റില്‍ കോച്ച്ഫാക്ടറി സംയുക്ത സംരംഭമായോ പി.പി.പി മോഡലിലോ നടപ്പാക്കാമെന്ന് റെയില്‍വെ അനുമതി നല്‍കിയെങ്കിലും അതും മുന്നോട്ട്‌പോയില്ല. പദ്ധതിയുമായി സഹകരിക്കുവാന്‍ ഭാരത് എര്‍ത്ത്മൂവേഴ്‌സ് ലിമിറ്റഡ് (ഇടി.ഇ.എ.എല്‍) താല്‍പര്യം കാണിച്ചതുമാണ്. റെയില്‍വെ തുടര്‍നടപടി എടുത്തതുമില്ല. എടുപ്പിക്കുവാന്‍ കേരളം സമ്മര്‍ദം ചെലുത്തിയതുമില്ല. ഇച്ഛാശക്തിയോടെ പദ്ധതി നേടിയെടുക്കുവാന്‍ ഇരുമുന്നണികള്‍ക്കും ഇപ്പോഴും കര്‍മ്മ പദ്ധതികളൊന്നും ഇല്ല. അവസാനം ധര്‍ണകളും സമരങ്ങളും മാത്രം ബാക്കിയായേക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.