2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

354 കോടിയുടെ ബാങ്ക് തട്ടിപ്പ്: കമാല്‍ നാഥിന്റെ മരുമകനെ ഇ.ഡി അറസ്റ്റ് ചെയ്തു

 

ന്യൂഡല്‍ഹി: 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു നടത്തിയെന്ന കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥിന്റെ സഹോദരി പുത്രന്‍ രതുല്‍ പുരി അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റാണ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

മോസര്‍ ബിയര്‍ കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്ന രതുല്‍ പുരിക്കെതിരെ തിങ്കളാഴ്ചയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത കേസിലാണ് നടപടി.

കേസില്‍ ഞായറാഴ്ച ആറു കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. രതുല്‍ പുരിയുടെ ഓഫിസ്, വീട് അടക്കമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

രതുല്‍ പുരിക്കു പുറമെ, അദ്ദേഹത്തിന്റെ പിതാവും കമ്പനിയുടെ എം.ഡിയുമായ ദീപക് പുരി, ഡയരക്ടര്‍മാരായ നിത പുരി (രതുല്‍ പുരിയുടെ മാതാവും കമല്‍ നാഥിന്റെ സഹോദരിയും), സഞ്ജയ് ജയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സ്ഥാനത്തു നിന്ന് രതുല്‍ 2012 ല്‍ രാജിവച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ കമ്പനിയില്‍ തുടര്‍ന്നു.

ഡി.വി.ഡി, വി.സി.ഡി രംഗത്തെ അതികായരായിരുന്നു മോസര്‍ ബിയര്‍. 2009 മുതല്‍ വിവിധ ബാങ്കുകളില്‍ നിന്ന് പല പ്രാവശ്യമായി എടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയിരുന്നു. വായ്പ പൂര്‍ണമായി വീട്ടാന്‍ സാധിക്കാതെ വന്നതോടെ, ഫോറന്‍സിക് ഓഡിറ്റിങിന് വിധേയമാക്കുകയും 2019 ഏപ്രില്‍ 20ന് അക്കൗണ്ട് ‘തട്ടിപ്പ്’ ആണെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.