2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വര്‍ണക്കപ്പില്‍ വീണ്ടും മുത്തമിട്ട് പാലക്കാട്

ടി.കെ ജോഷി

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മണ്ണിലേക്ക് പെയ്തിറങ്ങിയ അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഫോട്ടോഫിനിഷിലൂടെ സ്വര്‍ണക്കപ്പില്‍ വീണ്ടും മുത്തമിട്ട് പാലക്കാട്. കലയുടെ പെരുങ്കളിയാട്ടത്തിന്റെ രണ്ടുനാളും കപ്പിനായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം നിന്നെങ്കിലും മൂന്നാംദിനം മുതല്‍ പാലക്കാടന്‍ കാറ്റുതന്നെയായിരുന്നു വേദികളില്‍. മൂന്ന് ജില്ലകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ പോയിന്റ് നില ഉയര്‍ത്തിക്കൊണ്ട് തങ്ങളുടെ കഴിവ് പ്രകടമാക്കിയിരുന്നു.
വേദികളില്‍ അവസാന മത്സരവും കഴിഞ്ഞ് കലോത്സവ നഗരിക്കുമേല്‍ മഴയുടെ മേലാപ്പ് ചാര്‍ത്തിയപ്പോള്‍ 951 പോയിന്റ് നേടി പാലക്കാട് നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി. കണ്ണൂരും കോഴിക്കോടും 949 പോയിന്റുകള്‍ നേടി രണ്ടാംസ്ഥാനം പങ്കിട്ടു. 940 പോയിന്റ് നേടി തൃശൂര്‍ ആണ് മൂന്നാമത്. ആതിഥേയരായ കാസര്‍കോട് ഒന്‍പതാം സ്ഥാനത്താണ്. 875 പോയിന്റ്.
അറബിക് കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കണ്ണൂരും കാസര്‍കോടും 95 പോയിന്റ് വീതം നേടി ഒന്നാമതെത്തി. 93 പോയിന്റ് നേടിയ വയനാടിനാണ് രണ്ടാംസ്ഥാനം. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും 95 പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റ് നേടിയ കാസര്‍കോടാണ് രണ്ടാം സ്ഥാനത്ത്. 446 പോയിന്റ് വീതം നേടി പാലക്കാടും കോഴിക്കോടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. 445 പോയിന്റ് നേടിയ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 511 പോയിന്റ് നേടിയ കണ്ണൂര്‍ ആണ് ഒന്നാമത്. 505 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 161 പോയിന്റോടെ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി.
സമാപനസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജാ മേനോന്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ കലോത്സവ പതാക കൈമാറി. തുളുനാടിനു അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കിയാണ് നാലു ദിവസം നീണ്ട കലോത്സവത്തിന് തിരശ്ശീല വീണത്. എല്ലാ ദിവസവും കലോത്സവത്തിന് മാറ്റുകൂട്ടിയത് വന്‍ ജനപങ്കാളിത്തം തന്നെയായിരുന്നു. മത്സരങ്ങള്‍ പുലര്‍ച്ചയിലേക്ക് നീണ്ടപ്പോഴും ഉറങ്ങാതെ കാഞ്ഞങ്ങാട് പ്രതിഭകള്‍ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിഭകളെ സ്വന്തമെന്ന പോലെ ഊട്ടിയും ഉറക്കിയും ചേര്‍ത്തു നിര്‍ത്തിയുമാണ് കലോത്സവ വേദികളില്‍ എത്തിച്ചത്.
ചിലങ്കകള്‍ അഴിച്ച് കൗമാര പ്രതിഭകളും നിറഞ്ഞ മനസോടെയാണ് യാത്രയായത്. ഇനി കൊല്ലത്ത് കാണാമെന്ന ഉറപ്പില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.