2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കള്ളന്‍

വി. ഗിരീഷ്

ഇരുട്ട്… ഒളിച്ചും പതുങ്ങിയും മഴ ചാറി വരുന്നുണ്ടോ എന്നു സംശയിക്കുന്ന രാത്രിയുടെ ശബ്ദങ്ങള്‍… അച്ഛാച്ഛന്റെ കട്ടിലില്‍ തൈലഗന്ധമാര്‍ന്ന കോസറിയില്‍ അങ്ങനെ കിടക്കുമ്പോള്‍ ഉണ്ണിക്കുട്ടനു വിശപ്പിന്റെ ഗരുഡന്‍ തൂക്കം കറങ്ങുന്ന പോലെ തോന്നി. ഉറക്കത്തിലേക്കു മിഴികളടയുന്നില്ല. എല്ലാം സഹിക്കുമെന്ന് ഉള്ളില്‍ സ്വരുക്കൂടിയ വാശിയോടെ ചെരിഞ്ഞു കിടക്കുന്ന അവന്‍ വാടിയ ചെമ്പരത്തി പൂവിന്റെ തണ്ടുപോലെ വളഞ്ഞു.
അരികില്‍ കിടക്കുന്ന അച്ഛാച്ഛന്‍ അപ്പോള്‍ മൃദുസ്വരത്തില്‍ വിളിച്ചു.
”ഉണ്ണീ…”
ഒരു മൂളക്കം മാത്രം.
”വെശക്കണ് ല്ല്യേ, കുട്ടീ…”
അതിനു മറുപടിയുണ്ടായില്ല.

അച്ഛാച്ഛന്‍ അവന്റെ ചുമലില്‍ സാന്ത്വനിപ്പിക്കുംവിധം കൈക്കൊണ്ട് താളംപിടിച്ചു.
”അച്ഛനോടും അമ്മയോടും പിണങ്ങിയതിന് ഭക്ഷണത്തോട് ദേഷ്യം കാണിക്കരുത് കുട്ടീ… അച്ഛാച്ഛന്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എത്ര കഷ്ടപ്പെട്ടിരിക്കണൂന്നറിയോ…?”
ഉണ്ണിക്കുട്ടന്‍ ഒന്നു മൂളി.

കേള്‍ക്കുന്നുണ്ടെന്ന ആശ്വാസത്തോടെ അച്ഛാച്ചന്‍ തുടര്‍ന്നു.
”ചന്ദ്രേട്ടന്റെ ചായക്കടയുടെ അരികില്‍ പോയി നിക്കും. ചായ പാര്‍ന്ന് ഒടുവില്‍ കളയുന്ന ചണ്ടികിട്ടാന്‍… ആ ചണ്ടിയില്‍നിന്നാണ് അച്ഛാച്ഛന്‍ ആദ്യത്തെ ചായകള്‍ കുടിച്ചത്. വെള്ളേപ്പം ണ്ടാക്കി കഴിഞ്ഞാല്‍ പാത്രം ചന്ദ്രേട്ടന്‍ കഴുകിക്കളയില്ല. എനിക്കുവേണ്ടി എടുത്തുവയ്ക്കും. അത് ഊറിയാന്‍ കിട്ടുന്നതു കൊണ്ടു ദോശയുണ്ടാക്കി കഴിച്ചു വിശപ്പടക്കും. പടിപ്പുരയുള്ള വലിയ വീടുകളില്‍ ചെന്നാല്‍ ചക്കയുടെ മടല്‍ കിട്ടും. അതു ചെത്തിയുണ്ടാക്കി ഉള്ളിം വെളുത്തുള്ളീം കടുകും ഇട്ടുവച്ചാലുള്ള സ്വാദ്… മനക്കലെ മിറ്റത്തിനരുകില്‍ കുഴിയുണ്ടാക്കി അതില്‍ കഞ്ഞി വാങ്ങി കുടിച്ചിട്ടുണ്ട് അച്ഛാച്ഛന്‍. കൊള്ളി കൊണ്ടുവന്ന് ഇടിച്ചുണക്കി പൊടിച്ചുണ്ടാക്കി പുട്ടു പുട്ട് തന്നു മടുത്ത കാലം. വീട്ടിലൂല്ല്യാ പരിഗണന. മൂത്തവനായതു കൊണ്ടു കൊറച്ചേ കിട്ടൂ…”
അച്ഛാച്ഛന്റെ ശബ്ദം ഒരു തേങ്ങലില്‍ ചെന്നുനിന്നു. അല്‍പനേരത്തിനുശേഷം തുടര്‍ന്നു. വിശപ്പ് തന്ന അനുഭവങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ഒരിക്കലും പതറിയില്ല. സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിപ്പോന്നതു കൊണ്ട് ആര്‍ക്കും തോല്‍പിക്കാനും കഴിഞ്ഞില്ല.
അപ്പോള്‍ ഉണ്ണിക്കുട്ടന്‍ പറഞ്ഞു.

”ഇതുപോലോരോന്ന് ഏട്ടനോട് പറഞ്ഞിട്ടാന്‍ ഏട്ടന്‍ അച്ഛാച്ഛനോട് മിണ്ടാത്തത്…”
അതിന് ഒരു നെടുവീര്‍പ്പുമാത്രം അച്ഛാച്ഛന്‍ മറുപടിയായി നല്‍കി.
”അച്ഛാച്ഛാ, എനിക്ക് പുതിയ ടാബ് വേടിക്കണം. ഇല്ലേല്‍ ഞാന്‍ നാളെയും ഊണ് കഴിക്കില്ല. അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. കാശില്ലത്രെ… അച്ഛന്റെ ഷോപ്പ് പൊളിഞ്ഞ് കടംകാരണം അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണത്രെ. ഈ വീടും പൂട്ടിപ്പോകുംന്ന്… എന്നിട്ട് അമ്മ പറയുകയാണ്, പഠിച്ചു ജോലി കിട്ടിയിട്ട് എന്തു വേണമെങ്കിലും വാങ്ങിക്കോളാന്‍… എന്തിനാണ് ജോലി ചെയ്യുന്നത്? ഒക്കെ വെറുതെ പറയുന്നതാണ് അച്ഛാച്ഛാ… നമ്മളെ പറ്റിക്കാന്‍”
”അതെങ്ങനെ ഉണ്ണിക്കു മനസിലായി?”
അച്ഛാച്ഛന്‍ ജിജ്ഞാസ പൂണ്ടു.

”അച്ഛാച്ഛാ, എനിക്കറിഞ്ഞൂടെ… അച്ഛന്റെ കൈയില്‍ ഒന്നുരണ്ട് കാര്‍ഡുണ്ട്. ഒരു കാര്‍ഡ് കൊണ്ട് എന്തു സാധനം വേണമെങ്കിലും വാങ്ങിക്കാം. മറ്റേതുകൊണ്ട് വഴിയരികിലുള്ള എ.ടി.എമ്മില്‍ തിരുകി ഇരുപത്തിയഞ്ച് ഇരുപത്തിനാല് എന്നടിച്ചാല്‍ ഇഷ്ടംപോലെ കാഷ് കിട്ടും. പിന്നെന്തിനാ പേടിക്കുന്നത്? ജോലി ചെയ്യുന്നത്? അച്ഛാച്ഛന്‍ എന്നെ നാളെയൊന്ന് സഹായിക്കണം. സ്‌കൂട്ടീല് നമുക്ക് നാളെ എ.ടി.എമ്മിനടുത്തേക്കു പോകണം. ഞാന്‍ അച്ഛന്റെ പോക്കറ്റില്‍നിന്ന് കാര്‍ഡ് അച്ഛനറിയാതെ എടുത്തിട്ടുണ്ട്. ടാബ് വേടിക്കണം, അച്ഛാച്ഛാ… അച്ഛാച്ഛാ…”
മറുപടിയില്ല. അച്ഛാച്ഛന് അനക്കമില്ല.

”അച്ഛാച്ഛന്‍ എന്നോട് മിണ്ടാതായോ?”
അച്ഛാച്ഛന്റെ നിശ്വാസങ്ങള്‍ കൂര്‍ക്കംവലി പോലെ അവനിലേക്കെത്തി.
”ഇത്രയൊക്കെ അനുഭവമുണ്ടായിട്ടും അച്ഛാച്ഛന്‍ കള്ളത്തരം കാണിക്ക്യാണ്. ഉറക്കം നടിക്കാണ്. ഇതാണോ അച്ഛാച്ഛന്റെ സത്യന്ധത? അച്ഛാച്ഛന്‍ കള്ളനാ… കള്ളന്‍!!”
ഇരുട്ടില്‍, ടെറസിനു മുകളില്‍ മഴയുടെ കാല്‍പെരുമാറ്റം…


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News