2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കല്ലട ബസിലെ സംഭവം: പ്രതികരിച്ച കോളേജ് അധ്യാപികക്കുനേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ മര്‍ദനമറിഞ്ഞ് ഫേസ് ബുക്കില്‍ പ്രതികരിച്ച കോളേജ് അധ്യാപിക മായാ മാധവന് നേരെ ഭീഷണി.
ഫേസ്ബുക്കില്‍ തന്നെയാണ് ഇവര്‍ക്കുനേരെ ചിലര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഈ സംഭവത്തെ ഹിന്ദുവിനെതിരായ ഗൂഢാലോചനയാണെന്ന തരത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അവര്‍ ഫേസ് ബുക്കിലും കുറിച്ചിരുന്നു.

ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാരിന്റെ ഗൂഢാലോചന, കല്ലടയെതുണച്ച് സംഘ് പരിവാര്‍ എന്ന വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം ഇനി എന്തെല്ലാം കേള്‍ക്കേണ്ടി വരുമോ എന്തോ…ഒരിക്കല്‍ കല്ലടയില്‍ യാത്ര ചെയ്തതുകൊണ്ടെന്ന് ചോദിച്ചായിരുന്നു അവരുടെ കുറിപ്പ്.

നേരത്തെ യാത്ര ചെയ്തപ്പോഴുണ്ടായ തിക്താനുഭവങ്ങള്‍ വിവരിച്ചും അവര്‍ കുറിപ്പിട്ടിരുന്നു. തുടര്‍ന്ന് ചാനലുകളിലും ഇവരും മകളും അനുഭവങ്ങള്‍ വിവരിച്ചിരുന്നു. ഇതൊക്കെയാകാം ഭീഷണിക്കു കാരണമെന്നാണ് കരുതുന്നത്.
ഫേസ് ബുക്കില്‍ അവരെ പിന്തുണച്ചും പരിഹസിച്ചും ഭീഷണിപ്പെടുത്തിയുമുള്ള പ്രതികരണങ്ങളുമുണ്ട്.
സത്യം പറയൂ. നിങ്ങള്‍ മായയോ അതോ മായീനോ എന്നും ചിലര്‍ പരിഹാസ്യ രൂപേണെ ചോദിക്കുന്നു. മര്‍ദിച്ചതും മര്‍ദനം ഏറ്റുവാങ്ങിയതും ഹിന്ദുക്കളല്ലേ മറ്റുള്ളവര്‍ക്ക് ഇതിലെന്തു കാര്യമെന്നും നമ്മുടെ ഹിന്ദുത്വത്തിന് വിലയില്ലേ എന്നു ചോദിക്കുന്നവരും ഉണ്ട്.

സംഭവത്തെ ഹിന്ദു വേട്ടയാക്കി കഴിഞ്ഞ ദിവസമാണ് സംഘ്പരിവാര്‍ രംഗത്തെത്തിയത്. മുന്‍കാല ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധിപേര്‍ രംഗത്തു വരുമ്പോഴാണ് പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ സംഘ് പരിവാര്‍ ഗൂഢമായ ശ്രമം നടത്തുന്നത്.
ബസ് സര്‍വീസിനെക്കുറിച്ച് ഉയര്‍ന്ന പരാതികളെല്ലാം ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്ന പ്രചാരണത്തിന് എരിതീയില്‍ എണ്ണപകരാനാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയെ ആയുധമാക്കിയത്.
കല്ലട ബസിന്റെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തതും യാത്രക്കാരെ മര്‍ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്തതും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ പൊലിസ് വിളിപ്പിച്ചതുമെല്ലാം സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് കല്ലട ഗ്രൂപ്പിനെതിരേ നടക്കുന്നത് ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശം എന്താണെന്നും ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായി ശിക്ഷ ഉറപ്പാക്കുന്നതിനുപകരം സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പരാതിക്കാരെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ മായാ മാധവന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.