2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

Editorial

കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കണം


 

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഇതുവരെയുള്ള നയതന്ത്ര പരിശ്രമത്തിന്റെ വിജയവും കൂടിയാണത്. കുറ്റവും ശിക്ഷാവിധിയും പാകിസ്താന്‍ പുനഃപരിശോധിക്കണമെന്ന വിധിന്യായത്തിലെ ഒരുവരി പൊക്കിപ്പിടിച്ച് വിധി പാകിസ്താന് അനുകൂലമാണെന്ന് വരുത്തിതീര്‍ക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പാകിസ്താനെതിരേയും പാക് ജനതക്കെതിരേയും കുല്‍ഭൂഷന്‍ ജാദവ് അക്രമം കാണിച്ചെന്നും ബലൂചിസ്ഥാനില്‍ പാകിസ്താനെതിരേ ഭീകരാക്രമണവും ഇന്ത്യക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് കുല്‍ഭൂഷന്‍ ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍ കുറ്റപത്രത്തിന്റെയും ശിക്ഷാവിധിയുടേയും കോപ്പി വേണമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ ആവശ്യം അംഗീകരിച്ചതുമില്ല. പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷക്ക് വിധിച്ചപ്പോള്‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതാണ്. രാജ്യാന്തര കോടതി വധശിക്ഷ റദ്ദ് ചെയ്തുവെങ്കിലും കുല്‍ഭൂഷന്‍ ജാദവിനെ വിട്ടയക്കാന്‍ പാകിസ്താന്‍ തയാറാവില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ ഇന്നലത്തെ പ്രതികരണത്തിലൂടെ മനസിലാക്കേണ്ടത്. അതിര്‍ത്തിയില്‍ പ്രകോപനങ്ങളും കശ്മിരില്‍ ഭീകരപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് പാകിസ്താനാണ്. അത്തരം കുറ്റങ്ങള്‍ക്ക് മറപിടിക്കാനാണ് കുല്‍ഭൂഷന്‍ ജാദവിന്റെമേല്‍ ചാരവൃത്തി ആരോപിച്ച് തൂക്കികൊല്ലാന്‍ വിധിച്ചത്. അതിര്‍ത്തിയില്‍ നിത്യേനയെന്നോണം വെടിവയ്പ്പ് നടത്തിക്കൊണ്ടിരിക്കുകയും അതിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടുകയുമാണ് പാകിസ്താന്‍.
പതിനാറ് ജഡ്ജിമാരില്‍ പതിനഞ്ച് പേരും പാകിസ്താന്റെ വധശിക്ഷക്കെതിരേ വിധി പ്രസ്താവിച്ച പശ്ചാത്തലത്തില്‍ കുല്‍ഭൂഷന്‍ ജാദവിനെ നിരുപാധികം വിട്ടയച്ച് അന്താരാഷ്ട്ര സമൂഹത്തില്‍ വിലയിടിഞ്ഞ് കൊണ്ടിരിക്കുന്ന പാകിസ്താന്‍ അല്‍പമെങ്കിലും അതില്‍നിന്ന് കരകയറുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തൊടുന്യായങ്ങള്‍ പറഞ്ഞ് കുല്‍ഭൂഷന്റെ തടവ് നീട്ടികൊണ്ടുപോകാനും അതുവഴി ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുമാണ് പാകിസ്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ജാദവിനെ ചാരനെന്ന് മുദ്രകുത്തി ജയിലിലടച്ച് അദ്ദേഹത്തിന്റെ മനുഷ്യാവകാശം ലംഘിക്കുകയായിരുന്നു. വിയന്നകരാര്‍ ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. അറസ്റ്റിലായതിന് ശേഷം ഒരിക്കല്‍പോലും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാണുവാനോ സംസാരിക്കുവാനോ പാക് അധികൃതര്‍ അനുവദിച്ചില്ല. അദ്ദേഹത്തിനര്‍ഹതപ്പെട്ട നിയമപരമായ അവകാശങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ പാകിസ്താന്‍ തയാറായതുമില്ല.
തുടക്കം മുതല്‍ ഒടുക്കംവരെ ജാദവിന്റെ വിഷയം പാകിസ്താന്‍ പിഴവുകളോടെയായിരുന്നു കൈകാര്യം ചെയതത്. ഇതാകട്ടെ വിയന്ന കരാറിലെ 30-ാം വകുപ്പിന്റെ ലംഘനവുമാണെന്നാണ് സൊമാലിയയില്‍ നിന്നുള്ള അബ്ദുല്‍ഖാവി അഹ്മദ് യൂസഫ് പ്രസിഡന്റായ രാജ്യാന്തര കോടതിയുടെ കണ്ടെത്തല്‍. വിധിന്യായത്തിലെ ഓരോ വാചകവും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എണ്ണിപറയുന്നതായിരുന്നു. പാകിസ്താനുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തുന്ന ചൈനയുടെ ജഡ്ജിപോലും പാകിസ്താനെതിരേ വിധി പറയുമ്പോള്‍ അത് ഇന്ത്യയുടെ നയതന്ത്ര വിജയവും പാകിസ്താന് ഇരട്ടപ്രഹരവുമാണ്.
നാവികസേനയില്‍ ഓഫിസറായിരുന്ന കുല്‍ഭൂഷന്‍ ജാദവ് റിട്ടയര്‍മെന്റിന് ശേഷം ബിസിനസ് നടത്തിവരികയായിരുന്നു. ഇറാനില്‍ ബിസിനസ് ആവശ്യാര്‍ഥം തങ്ങുമ്പോഴാണ് അദ്ദേഹത്തെ പാക് പട്ടാളം തട്ടിക്കൊണ്ടുപോയത്. ബലൂചിസ്ഥാനില്‍വച്ച് കുല്‍ഭൂഷന്‍ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന കള്ളം പ്രചരിപ്പിക്കുകയും ചെയ്തു.
2016 ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ഭൂഷന്‍ ജാദവിനെ 2017 ഏപ്രില്‍ മാസത്തില്‍ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. കേസിന്റെ വിചാരണ വേളയില്‍ കുല്‍ഭൂഷന് അര്‍ഹതപ്പെട്ട നിയമസഹായം നല്‍കിയതുമില്ല. ശരിയായ വിചാരണ നടത്താതെ കുല്‍ഭൂഷന്‍ ജാദവിനെ ഭീഷണിപ്പെടുത്തി കുറ്റസമ്മതപത്രരേഖയില്‍ ഒപ്പ് വയ്പ്പിക്കുകയായിരുന്നു. വ്യാജമൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരേ പാക് സൈനിക മേധാവിക്ക് ദയാഹരജി നല്‍കിയെങ്കിലും അതേക്കുറിച്ച് ഒരു മറുപടിപോലും ജാദവിന് നല്‍കിയില്ല. എന്നിട്ടും പാകിസ്താന്‍ രാജ്യാന്തര കോടതിയില്‍ വാദിച്ചത് വധശിക്ഷക്കെതിരേ ജാദവിന് മാപ്പപേക്ഷക്ക് അവസരമുണ്ടായിട്ടുപോലും അത് ഉപയോഗപ്പെടുത്താതെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചുവെന്നായിരുന്നു. ഇത് തീര്‍ത്തും കള്ളമാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
പാക് സൈനിക കോടതിയുടെ വധശിക്ഷാ ഉത്തരവ് നീതിനിഷേധവും നിരപരാധിക്കെതിരേയുള്ള ആസൂത്രിതമായ കൊലപാതകമാണെന്നും ഇന്ത്യ വാദിച്ചത് കോടതി അംഗീകരിച്ചുവെങ്കിലും അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടാതെപോയത് ഖേദകരം തന്നെ. കുല്‍ഭൂഷന്‍ ജാദവിനെ വച്ച് പാകിസ്താന്‍ ഇന്ത്യയോട് വിലപേശുകയാണ്.
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി പാകിസ്താന്‍ ഇന്ത്യയില്‍ നടത്തിവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കാനും കൂടിയുള്ള ഒരു പ്രവൃത്തിയാണിത്. ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിനിടെ ഇന്ത്യക്ക് നഷ്ടപ്പെട്ട സൈനികനെ തടഞ്ഞ് വയ്ക്കാന്‍ പാകിസ്താന്‍ ശ്രമിച്ചതാണെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് സൈനികനെ വിട്ടയക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. അതുപോലുള്ള നയതന്ത്ര പരിശ്രമങ്ങള്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇനിയുമൊരു വിചാരണ പ്രഹസനത്തിലൂടെ പാക് സൈനിക കോടതിക്ക് അദ്ദേഹത്തെ വീണ്ടും വധശിക്ഷക്ക് വിധിക്കുവാനുള്ള അവസരം നല്‍കരുത്.
ഇന്ത്യ ഇതുവരെ നടത്തിയ നയതന്ത്ര പരിശ്രമങ്ങള്‍ക്ക് പൂര്‍ണ വിജയം ഉണ്ടാകണമെങ്കില്‍ കുല്‍ഭൂഷന്‍ ജാദവിനെ നിരുപാധികം വിട്ടയക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം പാകിസ്താന് മേല്‍ ഉണ്ടാകണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. രാജ്യാന്തര കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുല്‍ഭൂഷനെ കാണാനും ആശയവിനിമയം നടത്താനും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും അഭിഭാഷകര്‍ക്കും അവസരം ഉണ്ടാകും. നേരത്തെ നിയമസഹായം കുല്‍ഭൂഷന് നിഷേധിക്കപ്പെട്ടുവെങ്കില്‍ ഇനിയത് തടയുവാന്‍ പാകിസ്താന് കഴിയില്ല. ഈ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി കുല്‍ഭൂഷന്‍ ജാദവിനെ പാക് ജയിലില്‍നിന്ന് സുരക്ഷിതമായി മോചിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.