2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

കാലത്തെ പിറകില്‍ നടത്തിച്ച കലൈഞ്ജര്‍

മുരളി സെല്‍വം

‘എല്ലാ കല്യാണത്തിന്റെയും നവവരനാകാനാണു കരുണാനിധി ശ്രമിക്കുന്നത് ‘ – കവി കണ്ണദാസന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. അതൊരു വിമര്‍ശനമായിരുന്നില്ല, കരുണാനിധിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തുന്ന വാക്കുകളായിരുന്നു. കരുണാനിധി എന്ന രാഷ്ട്രീയനേതാവ് എവിടെയുണ്ടോ അവിടെയായിരുന്നു പതിറ്റാണ്ടുകളോളം തമിഴകത്തിന്റെ കണ്ണും കാതും മനസ്സും.

ജീവിതാന്ത്യത്തിലും ആ അത്ഭുതകരമായ ജനകീയത നാം കണ്ടു. ആകസ്മികമായിരുന്നില്ല അദ്ദേഹത്തിന്റെ വേര്‍പാട്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ അവശനായ കരുണാനിധിക്ക് ഏറെ നാള്‍ ജീവിതമില്ല എന്ന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തണമെന്ന പ്രാര്‍ഥനയുമായി ആയിരക്കണക്കിനാളുകളാണ് അദ്ദേഹം ചികിത്സയിലിരുന്ന ആശുപത്രിയില്‍ എത്തിയത്. കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തുവിടുംമുമ്പ് ജനങ്ങളുടെ വികാരപ്രകടനം മൂലം തമിഴകത്ത് അശുഭകാര്യങ്ങളൊന്നും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്യുകയായിരുന്നു സര്‍ക്കാര്‍.
2017 ജൂണ്‍ മൂന്നിന്അദ്ദേഹത്തിന്റെ 94ാം ജന്മദിനത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ഒരു നഗരം മുഴുവന്‍ ഡി.എം.കെ പതാകപോലാക്കി മാറ്റുകയായിരുന്നു. അതിന് അവരോടു ഒരു നന്ദി വാക്കു പോലും പറയാന്‍ സാധിച്ചിരുന്നില്ല ആ നേതാവിന്. അത്ര അവശനായിരുന്നു അദ്ദേഹം. കരുണാനിധി നിയമസഭയിലെത്തിയതിന്റെ രജതജൂബിലി വര്‍ഷമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ആ ആഘോഷത്തിന്.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നിരവധി ദേശീയ, രാഷ്ട്രീയ നേതാക്കളാണ് അന്ന് അദ്ദേഹത്തിന് ആശംസ നേരാനെത്തിയത്. പക്ഷേ, ശാരീരികവിഷമതകളും വാര്‍ധക്യസഹജമായ മറവിയും കാരണം അവരുമായി സംസാരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. സംസാരത്തിനു ശാരീരികമായ തടസം വന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ മാസം മുതല്‍ ആശുപത്രിയിലാവുകയും തുടര്‍ന്ന് ജനങ്ങളുമായുള്ള സമ്പര്‍ക്കം കുറഞ്ഞിരുന്നു.
ഒരുമാസം മുന്‍പു കരുണാനിധിയുടെ കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചു വളരെ പ്രതീക്ഷയോടെ സംസാരിച്ചിരുന്നു. വാര്‍ധക്യത്തില്‍ ചെയ്യാവുന്ന ചികിത്സയുടെ പരിധിയില്‍ നിന്നുകൊണ്ടാണു മകന്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പിറന്നാള്‍ അദ്ദേഹം ആഘോഷിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാത്ത അദ്ദേഹത്തിന്റെ ആദ്യപിറന്നാളായിരുന്നു അത്.
പതിനാലാമത്തെ വയസ്സിലാണു കരുണാനിധി രാഷ്ട്രീയത്തിലേയ്ക്കുചുവടുവച്ചത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ക്കൊപ്പം പോരാടിയാണു സജീവമായത്. പിന്നീട് തമിഴകത്തു കരുണാനിധി സമാനതകളില്ലാത്ത നേതാവായിരുന്നു. ദശാബ്ദങ്ങള്‍ അദ്ദേഹത്തിന്റെ കൈപ്പിടിയിലായിരുന്നു തമിഴകം. ഒരു കാലത്തു സഹോദരതുല്യ സഹപ്രവര്‍ത്തകനായിരുന്ന എം.ജി.ആര്‍ ശത്രുപാളയത്തിലെത്തിയപ്പോഴും കരുണാനിധിയുടെ തിളക്കത്തിനു മങ്ങലേറ്റില്ല.
പാര്‍ട്ടിയുടെ ജയപരാജയങ്ങള്‍ കരുണാനിധിയുടെ മിഴിവും ആരാധകത്വവും കുറച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികള്‍പോലും അദ്ദേഹത്തെ ആരാധനാമനോഭാവത്തോടെ നോക്കി നിന്നു. രാഷ്ട്രീയമായി തിരിച്ചടികളെ തന്ത്രപൂര്‍വം നേരിട്ടു തിരിച്ചുവന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. അത്രയേറെ കുശാഗ്രബുദ്ധിയും ചാണക്യതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഇതുതന്നെയാണു മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നത്.
1975 ലായിരുന്നു കരുണാനിധിയുടെ നിയമസഭാ പ്രവേശനം. അന്നുമുതല്‍ നടന്നിരുന്ന തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമാണു പരാജയപ്പെട്ടത്. മറ്റെല്ലാ തവണയും വിജയം അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായി നിന്നു. ഡി.എം.കെ തമിഴകത്തില്‍ എപ്പോഴെല്ലാം വിജയക്കൊടി നാട്ടിയിട്ടുണ്ടോ അതെല്ലാം കരുണാനിധിയുടെ വ്യക്തിപ്രഭാവത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. എം.ജി.ആര്‍, ജയലളിത തുടങ്ങിയ ഗ്ലാമര്‍ എതിരാളികളോടാണ് ഈ വാക്കുകളുടെ തമ്പുരാന്‍ പൊരുതി ജയിച്ചത്.

‘എന്റെ ഉയരം എനിക്കറിയാം’
എം.ജി.ആറും ജയലളിതയും എന്നൊക്കെ അധികാരത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം പകതീര്‍ക്കുന്ന നടപടികളാണു കരുണാനിധിക്കു നേരേ ഉണ്ടായിട്ടുള്ളത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ കരുണാനിധിയെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് അഴികള്‍ക്കുള്ളിലാക്കിയത് തമിഴകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. എന്നിട്ടും, പകതീര്‍ക്കുന്ന നടപടികള്‍ കരുണാനിധിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.
ജയലളിതയുമായി നേര്‍ക്കുനേര്‍ പൊരുതുമ്പോഴും അവര്‍ക്കു സ്ത്രീയെന്ന പരിഗണന നല്‍കാന്‍ കരുണാനിധി തയാറായിരുന്നു. എം.ജി.ആറിന്റെ മരണവേളയില്‍ സ്വന്തം പാര്‍ട്ടിയിലെ ശത്രുക്കളില്‍നിന്നുണ്ടായ പോലുള്ള കണ്ണില്‍ച്ചോരയില്ലായ്മ കരുണാനിധിയില്‍നിന്നു ജയലളിതയ്ക്കു നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, താന്‍ ഭരണാധികാരിയായിരിക്കെ തനിക്കു കീഴിലുള്ള ഉദ്യോഗസ്ഥരോടും തികഞ്ഞ ബഹുമാനത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്.
1997ല്‍ ജി. കെ മൂപ്പനാര്‍ പ്രധാനമന്ത്രിയാകാന്‍ നീക്കം നടത്തിയപ്പോള്‍ കരുണാനിധി മൗനം പാലിച്ചു. കരുണാനിധിക്കും അത്തരമൊരഭിലാഷമുണ്ടോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ‘എന്റെ ഉയരം എനിക്കറിയാം’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ ശാരീരികമായ പ്രത്യേകത വച്ചുള്ള തമാശ പരാമര്‍ശം മാത്രമായിരുന്നില്ല. മൂപ്പനാര്‍ക്കുള്ള മറുപടിയായിരുന്നു. ഓരോരുത്തരും കയറിപ്പറ്റാന്‍ കഴിയുന്ന സ്ഥാനങ്ങള്‍ മാത്രമേ ആഗ്രഹിക്കാവൂ എന്ന ഓര്‍മപ്പെടുത്തല്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുത്തിന്റെ പ്രതീകമായിരുന്നു കരുണാനിധി. പക്ഷേ, അവസാനത്തെ ഒരു പതിറ്റാണ്ട് അദ്ദേഹത്തിനും പാര്‍ട്ടിക്കും കഷ്ടകാലമായിരുന്നു. ടു ജി സ്‌പെക്ട്രം കേസില്‍ പ്രിയ മകള്‍ കനിമൊഴി ജയിലിലായതും പാര്‍ട്ടി ഒറ്റപ്പെട്ടതും അവസാനകാലം കരിനിഴലായി. അതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും പ്രായവും കരുണാനിധിയെന്ന രാഷ്ട്രീയചാണക്യന്റെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു.
ഡി.എം.കെ, എ.ഐ.ഡി.എം.കെ രാഷ്ട്രീയ അച്ചുതണ്ടുകളില്‍ മാറിമാറി കറങ്ങിക്കൊണ്ടിരുന്ന തമിഴക രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതയാണു കരുണാനിധിയുടെ മരണത്തോടെ സംഭവിക്കുന്നതെന്നു സമ്മതിക്കാതെ തരമില്ല. എം.ജി.ആര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തു പ്രതിയോഗിയാകാന്‍ ജയലളിതയുണ്ടായിരുന്നു. ജയലളിതയുടെ വേര്‍പാടോടെ തമിഴക രാഷ്ട്രീയത്തില്‍ എ.ഐ.എ.ഡി.എം.കെ യുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞു കഴിഞ്ഞു.
കരുണാനിധിയെന്ന രാഷ്ട്രീയസൂര്യന്റെ അസ്തമയത്തോടെ ഡി.എം.കെയും അതേ ഇരുളിലേക്കു പ്രവേശിക്കുമെന്നുറപ്പാണ്. അതല്ലെങ്കില്‍ വലിയൊരു അത്ഭുതം സൃഷ്ടിച്ചു മുന്നേറാന്‍ അദ്ദേഹത്തിന്റെ മകന്‍ സ്റ്റാലിനു കഴിയണം. സ്റ്റാലിനു മുന്നില്‍ പാര്‍ട്ടിക്കുള്ളിലും കുടുംബത്തിനുള്ളിലുമൊക്കെ ഉണ്ടാകാവുന്ന വൈതരണികള്‍ മാറ്റിയെടുക്കലായിരുന്നു ജീവിതാന്ത്യത്തില്‍ കരുണാനിധിയുടെ തീവ്രപരിശ്രമം.
1924 ജൂണ്‍ 3 ന് തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുളയിലെ ഒരു പാവപ്പെട്ട കലാകുടുംബത്തിലാണു കരുണാനിധിയുടെ ജനനം. ആ കുടുംബത്തില്‍നിന്നു തമിഴ് രാഷ്ട്രീയത്തിലേക്ക് ഒരു നീണ്ട യാത്രയായിരുന്നു. 1932 ല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അഴഗിരിസ്വാമി നടത്തിയ പ്രസംഗത്തില്‍ ആകൃഷ്ടനായി 14 ാം വയസ്സില്‍ കരുണാനിധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1957ല്‍ തിരുച്ചിറപ്പള്ളി ജില്ലയിലെ കുലിത്തലൈ നിയമസഭയില്‍നിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1961 ല്‍ ഡി.എം.കെ ട്രഷററായി. 1962 ല്‍ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവുമായി. 1967 ല്‍ ഡി.എം.കെ അധികാരത്തില്‍ വന്നപ്പോള്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയായി. 1969 ല്‍ അണ്ണാദുരൈയുടെ മരണത്തിനുശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളില്‍ ഡി.എം.കെ മാത്രമായിരുന്നു അടിയന്തരാവസ്ഥയെ എതിര്‍ത്തത്. അക്കാരണത്താല്‍ ഇന്ദിരാഗാന്ധിയുടെ അപ്രീതിക്കു പാത്രമായി. നിരവധി ഡി.എം.കെ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടിയുമായി ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. രാജിവ് ഗാന്ധി വധത്തിനു ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതിനെ തുടര്‍ന്നു കേന്ദ്രം കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു.
പിന്നീട് 1996ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. എന്നാല്‍, 2001ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കു മുന്നില്‍ അടിപതറി. ചെന്നൈയിലെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2001 ജൂണ്‍ 30നു സ്വവസതിയില്‍വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അഴിമതി ആരോപണത്തിന്റെ പേരില്‍ പൊലിസുകാര്‍ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വളരെ പെട്ടന്നു തന്നെ തമിഴ്‌നാട്ടില്‍ പ്രചരിച്ചു. അറസ്റ്റും അതിന്റെ രീതിയും രാജ്യത്തെ സംസാര വിഷയമായി. അറസ്റ്റിനു ശേഷം കരുണാനിധി മദ്രാസ് ജയിലിലായി.
ഈ സമയങ്ങളിലും കരുണാനിധിയുടെ അനുയായികള്‍ ജയില്‍ പരിസരം നിറച്ചു. അവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കരുണാനിധി തന്നെ രംഗത്തെത്തി. അറസ്റ്റിനു ശേഷം ജനപിന്തുണ വര്‍ധിക്കുകയായിരുന്നു. ജയലളിത സര്‍ക്കാരിനെ പുറത്താക്കി 2006ല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി.
ജയത്തേക്കാളേറെ പരാജയങ്ങള്‍ ഉണ്ടായെങ്കിലും തമിഴ്‌നാടിന്റെ ജനപ്രിയ നേതാവായിരുന്നു കരുണാനിധി. അതിന് അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിലും കാവേരി ആശുപത്രിക്കു മുന്നില്‍ക്കണ്ട ജനസാഗരം സാക്ഷി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.