2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

കലൈഞ്ജര്‍ യുഗത്തിന് തിരശ്ശീല വീഴുമ്പോള്‍


തമിഴകജനത ‘കലൈഞ്ജര്‍’ എന്ന ഓമനപ്പേരു നല്‍കി ഹൃദയത്തില്‍ കൊണ്ടുനടന്ന മുത്തുവേല്‍ കരുണാനിധിയുടെ അന്ത്യത്തോടെ ദ്രാവിഡരാഷ്ട്രീയത്തിലെ സംഭവബഹുലമായ യുഗത്തിനാണു തിരശ്ശീല വീഴുന്നത്. എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ത്തന്നെ പകരംവയ്ക്കാനില്ലാത്ത നേതാവു വിടപറയുമ്പോള്‍ തമിഴ്ജനത വാവിട്ടു വിലപിക്കുന്നതില്‍ നിന്നുതന്നെ വായിച്ചെടുക്കാം അദ്ദേഹം ജനഹൃദയങ്ങളില്‍ നേടിയ ഇടത്തിന്റെ ആഴം.
വെറുമൊരു രാഷ്ട്രീയനേതാവായിരുന്നില്ല, പകരം തിളക്കമാര്‍ന്ന ബഹുമുഖ പ്രതിഭയായിരുന്നു കലൈഞ്ജര്‍. കവി, തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, മാധ്യമസ്ഥാപന നടത്തിപ്പുകാരന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ റോളുകളില്‍ ജീവിതത്തിലുടനീളം അദ്ദേഹം തിളങ്ങിനിന്നു. അടിമുടി കലാകാരനായിരുന്ന അദ്ദേഹത്തിന്റെ കൈകളില്‍ രാഷ്ട്രീയവും മികച്ചൊരു കലയായി മാറി.
ഒടുങ്ങാത്ത വൈരാഗ്യവും അതിന്റെ ഭാഗമായ വെട്ടും തടയും ചടുലനീക്കങ്ങളുമൊക്കെ നിറഞ്ഞുനിന്ന തമിഴകരാഷ്ട്രീയത്തില്‍ ഏഴുപതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനില്‍ക്കാനും അഞ്ചുതവണ സംസ്ഥാന മുഖ്യമന്ത്രിപദത്തില്‍ ഇരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് ആ രാഷ്ട്രീയകലാവൈഭവം തന്നെ.
ദരിദ്രകുടുംബത്തില്‍ ജനിച്ച കരുണാനിധിയുടെ ബാല്യം ജീവിതപ്പോരാട്ടത്തിന്റെ തീച്ചൂളയിലായിരുന്നു. കഠിനമായ തിക്താനുഭവങ്ങളോടു പോരാടി നേടിയ കരുത്താണു പില്‍ക്കാലത്തു രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായത്. ബ്രാഹ്മണമേധാവിത്വത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ, രാഷ്ട്രീയഘടനയോടും സവര്‍ണസാംസ്‌കാരികാധിപത്യത്തോടും കലഹിച്ചു പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ സ്ഥാപിച്ച ‘സുയമരിയാതൈ ഇയക്കം’ (സെല്‍ഫ് റെസ്‌പെക്റ്റഡ് മൂവ്‌മെന്റ്) എന്ന സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നായിരുന്നു സാമൂഹ്യരംഗത്തേയ്ക്കുള്ള കാല്‍വയ്പ്പ്.
പെരിയാറിന്റെയും അണ്ണാദുരൈയുടെയും അരുമശിഷ്യനായി മാറി. പെരിയാര്‍ സ്ഥാപിച്ച ജസ്റ്റിസ് പാര്‍ട്ടി, ദ്രാവിഡ കഴകം (ഡി.കെ) എന്നിവയിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഈ പ്രസ്ഥാനങ്ങളുടെയൊക്കെ തുടര്‍ച്ചയായ ഡി.എം.കെയുടെ ഉന്നതപദവിയിലേയ്ക്കു വളര്‍ന്നതു വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.
എന്നും കീഴാള, പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍ക്കൊപ്പമായിരുന്നു കരുണാനിധി. ദലിത്, പിന്നാക്ക, ന്യൂനപക്ഷരാഷ്ട്രീയമാണു തുടക്കം മുതല്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ അടിത്തറ. അതിനോടുള്ള പ്രതിബദ്ധത എന്നും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ഒരിക്കല്‍ കരുണാനിധി കഷ്ടപ്പെട്ടു വളര്‍ത്തിയെടുത്ത എം.ജി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ബദ്ധശത്രുവായി മാറുകയും പിന്നീട് എം.ജി.ആറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്ന് എ.ഐ.എ.ഡി.എം.കെ രൂപംകൊള്ളുകയും ചെയ്തതോടെ ഇരുകക്ഷികളും തമ്മിലുള്ള കടുത്ത വൈരം തമിഴ്‌രാഷ്ട്രീയത്തിന്റെ ചലന നിയമമായി മാറി.
തുടര്‍ന്ന് ഒരു പക്ഷം നില്‍ക്കുന്ന ചേരിക്കു നേരെ വിരുദ്ധമായ ചേരിയില്‍ മറുപക്ഷം നില്‍ക്കുക എന്നത് അവിടുത്തെ രാഷ്ട്രീയ രീതിയായി മാറി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ചേരിയിലും പഴയ ദേശീയമുന്നണിയിലും കുറച്ചുകാലം ബി.ജെ.പി മുന്നണിയിലുമൊക്കെ നിന്നു രാഷ്ട്രീയപ്പോരു തുടര്‍ന്നെങ്കിലും ജീവിതത്തിലുടനീളം മതേതരത്വത്തോടും കീഴാളപക്ഷത്തോടും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായില്ല.
തമിഴ് ജനത ഇന്നനുഭവിക്കുന്ന ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികളുടെ തുടക്കം കരുണാനിധിയില്‍ നിന്നാണ്. അതില്‍ ഏറ്റവും പ്രധാനമായിരുന്നു ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി. ഇതിന്റെ ഫലമായി തമിഴ് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ ദരിദ്രപക്ഷ നടപടികള്‍ അനിവാര്യമെന്നു വന്നതോടെ അദ്ദേഹത്തിന്റെ കടുത്ത എതിരാളികളായിരുന്ന എം.ജി.ആറും ജയലളിതയുമൊക്കെ സാമൂഹ്യക്ഷേമപദ്ധതികളുടെ കാര്യത്തില്‍ അദ്ദേഹത്തോടു മത്സരിച്ചു. തികച്ചും ഗുണകരമായ ഈ മത്സരം തമിഴ്‌നാട്ടില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ പങ്കാണു വഹിച്ചത്. കലൈഞ്ജര്‍ വിടപറയുമ്പോള്‍ തമിഴകത്തു നിന്നുയരുന്ന ഹൃദയംപൊട്ടിയ നിലവിളികള്‍ അതിന്റെ അടയാളമാണ്.
ഏതു മുന്നണിയില്‍ നില്‍ക്കുമ്പോഴും സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതില്‍ അസാമാന്യധീരതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ശ്രീലങ്കയില്‍ വംശീയസംഘര്‍ഷം കത്തിനിന്ന കാലത്ത് ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ദേശീയത സംബന്ധിച്ച രാജ്യത്തിന്റെ പൊതുബോധത്തിന്റെയും നിലപാടുകള്‍ക്കു വിരുദ്ധമായി ശ്രീലങ്കന്‍ തമിഴ് ജനതയ്ക്കു വേണ്ടി സംസാരിക്കാന്‍ അദ്ദേഹം മടിച്ചില്ല. ദേശവിരുദ്ധമെന്നു പോലും വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും തീയില്‍ കുരുത്ത ആ രാഷ്ട്രീയ ഹൃദയം തെല്ലും കുലുങ്ങിയില്ല. അതുപോലെ ഹിന്ദുത്വ ഫാസിസത്തിനെതിരേ അദ്ദേഹം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും കലൈഞ്ജര്‍ തെല്ലും കൂസാതെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇത്രയേറെ കരുത്തുറ്റതും സാധാണക്കാരോടു പ്രതിബദ്ധത പുലര്‍ത്തുന്നതുമായ മറ്റൊരു രാഷട്രീയ വ്യക്തിത്വം സമീപഭാവിയിലൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സങ്കല്‍പിക്കാന്‍ പോലുമാവില്ല. കേന്ദ്രത്തിലെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിനെതിരേ രാജ്യത്തെ മതേതര ചേരി യോജിച്ചൊരു പോരാട്ടത്തിനു തയാറെടുക്കുന്നൊരു വേളയിലാണ് ആ പക്ഷത്തിന്റെ അടുത്ത തോഴനായ കലൈഞ്ജര്‍ വിടപറയുന്നത്. അതുകൊണ്ടു തന്നെ തമിഴകത്തു നിന്ന് ഉയരുന്ന വിലാപങ്ങള്‍ രാജ്യത്തെങ്ങുമുള്ള മതേതര മനസുകളിലേക്ക് കടുത്ത സങ്കടമായി പടരുകയാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.