2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൈരാനയിലും നുപൂറിലും പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഒരൊറ്റ മൊബൈല്‍ സന്ദേശം

രൂപപ്പെടുന്നത് ഇന്ദിരാഗാന്ധിക്കെതിരേ അടിയന്തരാവസ്ഥാനന്തരമുള്ള സാഹചര്യം

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ഉയര്‍ന്നുവരാനിരിക്കുന്ന സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയുള്ള ‘കൈരാനാ പരീക്ഷണ’ത്തിലേക്കു നയിച്ചത് ചെറിയൊരു മൊബൈല്‍ഫോണ്‍ സന്ദേശം. സിറ്റിങ് എം.പി ഹുക്കൂം സിങിന്റെ മരണത്തെത്തുടര്‍ന്ന് പശ്ചിമ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ തെരഞ്ഞെടുപ്പിന്റെ ഓളം ഉയരുന്നതിനിടെയാണ് എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ഫോണിലേക്ക് ആര്‍.എല്‍.ഡി നേതാവ് അജിത് സിങ്ങിന്റെ മകന്‍ ജയന്ത് ചൗധരിയുടെ സന്ദേശം വരുന്നത്.

ഞാന്‍ അഖിലേഷിന് ചെറിയൊരു സന്ദേശം അയച്ചു, ഒരു മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹം തിരിച്ചുവിളിച്ചുവെന്ന് ജയന്ത് പറഞ്ഞു. വിളിക്കുക മാത്രമല്ല തുടര്‍ചര്‍ച്ചകള്‍ക്കായി സ്ഥലവും സമയവും നിശ്ചയിക്കുകയുംചെയ്തു. പറഞ്ഞുറപ്പിച്ച തിയ്യതിക്കുള്ളില്‍ തന്നെ ഇരുവരും ഒന്നിച്ചിരുന്നു, അതും മൂന്നുമണിക്കൂറോളം. കൈരാനയില്‍ ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ അതിന്റെ സാധ്യതകളും അതിനുള്ള തടസ്സങ്ങളുമായിരുന്നു ചര്‍ച്ച. പ്രാദേശികനേതാക്കളില്‍ നിന്നുള്ള വിമതപ്രവര്‍ത്തനം, പാര്‍ട്ടി അണികളെ പറഞ്ഞു മനസ്സിലാക്കല്‍, തെരഞ്ഞെടുപ്പു പ്രചാരണ രീതി എന്നിവയൊക്കെ ചര്‍ച്ചയായി ആദ്യഘട്ടം പിരിഞ്ഞു.

ആര്‍.എല്‍.ഡി ദേശീയ ഉപാധ്യക്ഷന്‍കൂടിയായ ജയന്തിന്റെ ഭാഗത്തുനിന്നുള്ള ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം കൂടിയാണിത്. വൈകാതെ ഇരുവരും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അവരവരുടെ പാര്‍ട്ടിയില്‍ അവതരിപ്പിച്ച് നേതാക്കളെ വിശ്വാസത്തിലെടുത്തു. സ്ഥാനാര്‍ഥി ആര്‍.എല്‍.ഡിയുടെയോ എസ്.പിയുടേതോ ആവട്ടെ ഒന്നിച്ചുനില്‍ക്കണമെന്ന് ആദ്യം ധാരണയിലെത്തി.

ചര്‍ച്ചകള്‍ക്കൊടുവില്‍ നേരത്തേ എസ്.പി വിട്ട് ആര്‍.എല്‍.ഡിയിലെത്തിയ മുന്‍ എം.പി കൂടിയായ തബസ്സും ഹസനു നറുക്കുവീണു. പിന്നീട് തബസ്സുമിന്റെ വിജയത്തിനായുള്ള പരിശ്രമത്തിലായി ജയന്ത്. പിന്തുണ തേടി കോണ്‍ഗ്രസ്, ബി.എസ്.പി കക്ഷികളുമായും സംസാരിച്ചു. അവര്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ തബസ്സുമിന് പിന്തുണകൊടുത്തതോടെ വോട്ടെടുപ്പിനു മുമ്പ് തന്നെ ആര്‍.എല്‍.ഡിക്കായി മുന്‍തൂക്കം. അവസാനസമയം 10 ദിവസം തുടര്‍ച്ചയായി ജയന്ത് കൈരാനയില്‍ തങ്ങി. ദിവസം 10-15 ഗ്രാമം എന്ന തോതില്‍ മണ്ഡലത്തിലെ 125 ഗ്രാമങ്ങളില്‍ ജയന്ത് സന്ദര്‍ശിച്ചു.

ഫലം പുറത്തുവന്നതോടെ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒന്നിച്ചെതിര്‍ക്കാനുള്ള ആത്മവിശ്വാസവും പ്രതിപക്ഷത്തിനു ലഭിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലേറിയ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങിനെത്തിയ പ്രതിപക്ഷനേതാക്കള്‍ പൊതുതെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടുമെന്നു സൂചനനല്‍കിയിരുന്നു. പിന്നാലെ കൈരാനയിലെ ഫലം കൂടി പുറത്തുവന്നത് പ്രതിപക്ഷ ക്യാംപിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.

പ്രധാന ബി.ജെ.പിയിതര കക്ഷികളായ തൃണമൂല്‍, എന്‍.സി.പി, ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി, ജെ.ഡി.എസ് ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം കോണ്‍ഗ്രസ്സുമായി സഖ്യം ചേരാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രംഭരിക്കുന്ന എന്‍.ഡി.എ മുന്നണിയിലെ പ്രധാന കക്ഷികളെല്ലാം ബി.ജെ.പിയുമായി ഉടക്കിലുമാണ്.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേന ബി.ജെ.പിയുമായി ഇനിയൊരുസഖ്യമില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ടി.ഡി.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ മുന്നണിവിട്ടു. എല്‍.ജെ.പി മുന്നണിവിട്ടേക്കുമെന്ന സൂചനയും നല്‍കി. ഇതോടെ 1977ല്‍ അടിയന്തരാവസ്ഥാ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സിനെതിരേ വിവിധ കക്ഷികള്‍ ഒന്നിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

തൊട്ടു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 350 സീറ്റ് ലഭിച്ചെങ്കില്‍ 1977ല്‍ 152 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിനു ലഭിച്ചത്. ഇന്ദിരാഗാന്ധിക്കെതിരേ പ്രാദേശികകക്ഷികളെ ഒന്നിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി കൂടിയായ ചരണ്‍ സിങ്ങിന്റെ കൊച്ചുമകന്‍ ജയന്ത്, മൂന്നരപതിറ്റാണ്ടിനു ശേഷം മറ്റൊരു പ്രതിപക്ഷനിര കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഇന്ദിരാ വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ ചരണ്‍ സിങ്ങിനൊപ്പം ജനസംഘം നേതാവ് അടല്‍ബിഹാരി വാജ്‌പേയി ഉണ്ടായിരുന്നു. ജനസംഘത്തിന്റെ പുതിയ രൂപമായ ബി.ജെ.പിക്കെതിരെ ഇപ്പോള്‍ കൈരാനയില്‍ വിജയകരമായി സഖ്യംരൂപീകരിച്ചിരിക്കുകയാണ് ചരണ്‍ സിങ്ങിന്റെ കൊച്ചുമകന്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.