2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാടെവിടെ, മക്കളേ?

പരിസ്ഥിതി പ്രാധാന്യമേറിയ പുല്‍മേടുകളുടെ നഷ്ടം അവരുടെ കണക്കിലില്ല. ഇല്ലാതാകുന്ന ജീവജാലങ്ങള്‍ മുതല്‍ സസ്യവര്‍ഗങ്ങള്‍ വരെ എത്രയാണെന്ന കണക്കും അവരുടെ കൈകളിലില്ല. വനങ്ങള്‍ നിലനിന്നാലേ ഭൂമിയിലേക്കിറങ്ങാന്‍ വെള്ളത്തിനു സാധിക്കൂ എന്ന അടിസ്ഥാനതത്വം ജനങ്ങളും മറന്നു പോകുമ്പോള്‍ ഇതില്‍ അത്ഭുതമില്ല. വനനാശം കണക്കാക്കാന്‍ പോവുന്നവര്‍ ആനയെ കണ്ട അന്ധരെപ്പോലെ ആയാല്‍ നാളെ നമ്മുടെ നിത്യജീവിതം തന്നെയാണ് അപകടത്തില്‍പെടുന്നത്. അത് കാട് കയറുന്നവരുടെ ജീവിതാന്ത്യം മാത്രമല്ല.

എന്‍. അബു

ദൈവം നല്‍കിയ അനുഗ്രഹങ്ങളെ നോക്കുന്നപക്ഷം നിങ്ങള്‍ക്കതിനെ എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല എന്നു വിശുദ്ധ ഖുര്‍ആന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് പറഞ്ഞുവച്ചു.
മനുഷ്യനു വിധേയമാക്കിത്തന്നതു കൊണ്ട് നിങ്ങള്‍ അതിലൂടെ കപ്പല്‍ ഓടിച്ചു പോകുന്നതും ഭൂമി നിങ്ങളെ കൊണ്ടു ചെരിഞ്ഞു പോകാതിരിക്കാന്‍ മലകള്‍ കൊണ്ടു അതിനെ ഉറപ്പിച്ചു നിര്‍ത്തിയ കാര്യവും അത് ഓര്‍മിപ്പിക്കുന്നു.
രാത്രിയേയും പകലിനേയും സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും ഒക്കെ മനുഷ്യനു വിധേയനാക്കി എന്നു പറയുന്നിടത്ത് ആകാശത്ത് നിന്ന് ദൈവം മഴവെള്ളം ഇറക്കിത്തരുന്നതിനേയും അതില്‍ വൃക്ഷലതാതികള്‍ ഉല്‍പാദിപ്പിക്കുന്നതിനേയും കുറിച്ചു മക്കയില്‍ അവതരിച്ച സൂറത്തുന്നഹ്‌ലില്‍ പ്രതിപാദിക്കുന്നുണ്ട്.
ജീവജാലങ്ങള്‍ മാത്രമല്ല, പ്രകൃതിയിലുള്ള എല്ലാ സൃഷ്ടികളും ദൈവം അനുഗ്രഹിച്ചു തന്നതാണെന്നു വ്യക്തം. അപ്പോള്‍ സ്രഷ്ടാവായ ദൈവം എല്ലാവര്‍ക്കുമായി തന്നതിനെ നശിപ്പിക്കാന്‍ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമായ മനുഷ്യനു എന്തധികാരം?

പ്രകൃതിവിഭവങ്ങളില്‍ ഏറ്റവും വലിയ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാടുകള്‍ മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ കുരങ്ങിണി വന്യമൃഗസങ്കേതത്തില്‍ വെന്തവസാനിച്ചത് 21 മനുഷ്യരാണ്. ഇതേ തുടര്‍ന്നു കേരളത്തില്‍ ബോണക്കാട് വനത്തിലുള്‍പ്പെടെ സഞ്ചാരം നിയന്ത്രിച്ച് ഉത്തരവിറങ്ങി. അഗ്നിബാധയെക്കുറിച്ചു വിശദമായ അന്വേഷണങ്ങളും ആരംഭിച്ചിരിക്കുന്നു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വേയുടെ ആഭിമുഖ്യത്തില്‍ ഉപഗ്രഹം വഴിയായുള്ള സര്‍വേകള്‍ക്കു പോലും സംവിധാനമുള്ളപ്പോഴും പല കാരണങ്ങളാല്‍ വനം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു രേഖകള്‍ പറയുന്നു. കാട്ടുതീ കാരണമാണ് നാശം സംഭവിക്കുന്നതെന്നു പറയാറുണ്ടെങ്കിലും ഇത്തരം അഗ്നിബാധകള്‍ക്കു പിന്നില്‍ മഹാഭൂരിപക്ഷവും വനം കൈയേറുന്ന മനുഷ്യരാണെന്നതാണ് വാസ്തവം. വനങ്ങള്‍ നശിക്കുന്നതോടെ ജൈവ വൈവിധ്യമുള്ള അപൂര്‍വ സസ്യലതാതികളും അസുലഭ വൃക്ഷങ്ങളും നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല കാര്യം. കാട്ടില്‍ നിന്നു മാത്രം കിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതെ വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങി പരക്കെ ആള്‍നാശവും വ്യാപകമായ കൃഷിനാശവും വരുത്തുന്നു എന്നതാണ്.
ലോകമാകെ വനഭൂമി നാലിലൊന്നുണ്ടെങ്കിലും ഇന്ത്യയില്‍ അഞ്ചും അഞ്ചിലൊന്നു മാത്രമാണ്-19.39 ശതമാനം. ഗംഗാ-സത്‌ലജ് തുടങ്ങിയ ഭാഗങ്ങളില്‍ ആകട്ടെ വനസമ്പത്ത് കേവലം അഞ്ചു ശതമാനവും. ഉഷ്ണമേഖലാ വനങ്ങള്‍ ഉപോഷ്ണവനങ്ങള്‍, മിതോഷ്ണ വനങ്ങള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്. പശ്ചിമഘട്ടത്തിലെ പടിഞ്ഞാറന്‍ ചെരിവുകള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, അസമിലെ ബ്രഹ്മപുത്രാ തീരം തുടങ്ങിയയിടങ്ങളിലെ മഴക്കാടുകള്‍ നിത്യഹരിതവനങ്ങളാണ്.
ഖാസികുന്നുകളിലും ഹിമാലയ താഴ്‌വരയിലും രണ്ടു മാസത്തോളം നീളുന്ന വരള്‍ച്ച ഉണ്ടാകുന്ന ഇലകൊഴിയും വനങ്ങളാണെങ്കില്‍ 91 ശതമാനം കാടുകളുള്ള മിസോറാം മുതല്‍ മൂന്നര ശതമാനം മാത്രമുള്ള പഞ്ചാബ് വരെ ഉള്‍പ്പെട്ടതാണ് രാജ്യത്തെ വനവിസ്തൃതി.

നാലായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വനവിസ്താരമുള്ള ഇടുക്കി കേരളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ലോകപ്രസിദ്ധിയുള്ള സൈലന്റ്‌വാലി ഉള്‍പ്പെട്ടതാണ് പാലക്കാട് ജില്ലയുടെ പ്രശസ്തി. സിംഹവാലന്‍ കുരങ്ങിനെ പോലുള്ള അപൂര്‍വജീവികളുടെ സ്വന്തം കാടാണ് സൈലന്റ്‌വാലിയെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ തേക്കിന്‍കാട് എന്ന ഖ്യാതി നിലമ്പൂരിനുള്ളതാണ്.
എന്നാലും വനം നശീകരണം നിര്‍ബാധം നടക്കുന്നു എന്നതാണ് കേരളത്തിന്റെ ദുര്‍ഗതി. തേനിയില്‍ മരണപ്പെട്ടവര്‍ ആരുംതന്നെ വനം കൈയേറ്റക്കാരാണെന്നതിനു ഒരു തെളിവുമില്ല. വിനോദയാത്രക്കായി ഇറങ്ങിത്തിരിച്ച കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഗവേഷകവിദ്യാര്‍ഥികളടങ്ങിയ ട്രക്കിങ് സംഘമായിരുന്നു അത്. എന്നാല്‍ പെട്ടെന്നുണ്ടായ തീപിടിത്തം അവരുടെ പരിപാടികളാകെ അവതാളത്തിലാക്കി. ഓടി രക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം അവര്‍ എരിഞ്ഞടങ്ങി. എന്നാല്‍ ഈ വനം പ്രദേശത്തേക്കു പോകാന്‍ ഇവര്‍ക്ക് ആര് അനുമതി നല്‍കി എന്നതാണ് ഇനിയും തെളിയാതെ കിടക്കുന്നത്.
കാട് വെട്ടി നിരപ്പാക്കി കൃഷിഭൂമി ആക്കാനുള്ള ഭൂമാഫിയയുടെ അജന്‍ഡയാണ് പലപ്പോഴും കാട്ടുതീക്ക് കാരണമാവുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. കാട്ടുതീയുടെ വിവരം അറിയാന്‍ തന്നെ മണിക്കൂറുകള്‍ വൈകുന്നു. സംഭവസ്ഥലത്തെത്താന്‍ വീണ്ടും ഏറെ മണിക്കൂറുകള്‍. മതിയായ തരത്തില്‍ അഗ്നിശമനത്തിനു ആധുനിക സംവിധാനങ്ങള്‍ ഇനിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നു അവര്‍ പറയുന്നു. ആവശ്യത്തിനു സ്റ്റാഫില്ലാത്ത പ്രശ്‌നം ഇതിനു പുറമെ.
അഞ്ചു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 15,680 ഹെക്ടര്‍ വനം കത്തിനശിച്ചതായി വനംവകുപ്പ് ഈയിടെ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.

ഭൂമാഫിയയുടെ പിന്‍ബലത്തിലൂടെയുള്ള വനം കൈയേറ്റം നടക്കുമ്പോള്‍ തന്നെ സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വിനോദയാത്രക്കാര്‍ വരുത്തുന്ന തീപിടിത്തങ്ങള്‍ക്കും കുറവില്ല. വെടിക്കെട്ടുകളോടെ നടക്കുന്ന ആഘോഷങ്ങളും കരിങ്കല്‍ ക്വാറിക്കാര്‍ നടത്തുന്ന സ്‌ഫോടനങ്ങളും നിര്‍ബാധം തുടരുന്നു.
എന്നാല്‍ ഇതില്‍ എല്ലാറ്റിനേക്കാളും രസകരമായ കാര്യം 15,680 ഹെക്ടര്‍ വനം കത്തിനശിച്ചപ്പോഴും നഷ്ടം 5.47 ലക്ഷം രൂപയു മാത്രമാണെന്ന് വനംവകുപ്പ് ഇറക്കുന്ന പ്രസ്താവനയാണ്. വന്‍ വൃക്ഷങ്ങളുടെ കണക്ക് മാത്രമാണ് അവര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരിസ്ഥിതി പ്രാധാന്യമേറിയ പുല്‍മേടുകളുടെ നഷ്ടം അവരുടെ കണക്കിലില്ല. ഇല്ലാതാകുന്ന ജീവജാലങ്ങള്‍ മുതല്‍ സസ്യവര്‍ഗങ്ങള്‍ വരെ എത്രയാണെന്ന കണക്കും അവരുടെ കൈകളിലില്ല.
വനങ്ങള്‍ നിലനിന്നാലേ ഭൂമിയിലേക്കിറങ്ങാന്‍ വെള്ളത്തിനു സാധിക്കൂ എന്ന അടിസ്ഥാനതത്വം ജനങ്ങളും മറന്നു പോകുമ്പോള്‍ ഇതില്‍ അത്ഭുതമില്ല. വനനാശം കണക്കാക്കാന്‍ പോവുന്നവര്‍ ആനയെ കണ്ട അന്ധരെപ്പോലെ ആയാല്‍ നാളെ നമ്മുടെ നിത്യജീവിതം തന്നെയാണ് അപകടത്തില്‍പെടുന്നത്. അത് കാട് കയറുന്നവരുടെ ജീവിതാന്ത്യം മാത്രമല്ല.
നഷ്ടം കണക്കാക്കാന്‍ പോലും നമുക്കു സാധിക്കാതെവന്നാല്‍, പണ്ട് കാടിന്റെ കണക്ക് എടുക്കാന്‍ പോയ ഒരു വനം ഉദ്യോഗസ്ഥനെയാണ് ഓര്‍മ വരുന്നത്. മരങ്ങള്‍ തിങ്ങിനിറഞ്ഞതു കാരണം കാട് തന്നെ കാണാനില്ല എന്നാണദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതത്രെ.
പ്രശസ്ത കവയിത്രി സുഗതകുമാരി ചോദിച്ച അതേ ചോദ്യം തന്നെ നമുക്കും ചോദിക്കേണ്ടിവരുന്നു: ‘കാടെവിടെ, മക്കളേ’.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.