2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

അതിഥികള്‍ വിരുന്നെത്തുന്നു, പക്ഷിസങ്കേതത്തിലിനി കാഴ്ചകളുടെ പകല്‍

പൊന്നാനി:കടലുണ്ടി പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ കലപിലകളാല്‍ മുഖരിതമാകുന്നു. കൂട്ടത്തോടെയുള്ള വിരുന്നുവരവിന് മുന്നോടിയായി ചെറുപക്ഷിക്കൂട്ടങ്ങള്‍ എത്തിത്തുടങ്ങി.
ഇരുന്നൂറോളം വരുന്ന മംഗോളിയന്‍ മണല്‍കോഴികളുടെ കൂട്ടം എത്തിയിട്ടുണ്ട്. വാള്‍കൊക്കന്‍ ആറെണ്ണത്തിലധികവും, വിമ്പ്രല്‍, റെഡ് ഷാങ്കിള്‍, ഗ്രീന്‍ ഷാങ്കിള്‍, എന്നിവയുടെ ചെറിയ കൂട്ടവും, ടെറക് മണലൂതി, ചെറിയ മണലൂതി, നീര്‍ക്കാടകള്‍, ലിറ്റില്‍ സ്റ്റിന്റ് തുടങ്ങിയവയും എത്തിയിട്ടുണ്ട്. വേലിയിറക്ക സമയത്താണ് ചതുപ്പുകളില്‍ പക്ഷികളെ കൂടുതലായി കാണാനാവുക.
വരും ദിവസങ്ങളില്‍ കൂടുതല്‍ പക്ഷിക്കൂട്ടങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷി നിരീക്ഷകരും നാട്ടുകാരും. ആഗസ്റ്റ് പകുതി മുതലാണ് ഇവിടെ ദേശാടനപക്ഷികളെത്തിത്തുടങ്ങാറ്. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തോട് ചേര്‍ന്ന് വിശാലമായ ചെളിത്തിട്ടകളാണ് ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം.
കടലുണ്ടി റെയില്‍പ്പാലത്തിനും അറബിക്കടലിനുമിടയിലുള്ള വിശാലമായ സ്ഥലത്താണ് പക്ഷികള്‍ വര്‍ണക്കാഴ്ചകളൊരുക്കി ഇരതേടുക. ശരത്കാലത്തെ കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാനായി യൂറോപ്പ്, മധ്യേഷ്യ, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നായി എത്തുന്ന അറുപതോളം ഇനം ദേശാടനപ്പക്ഷികളെ മുന്‍പ് കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്.

പക്ഷിസങ്കേതത്തോടനുബന്ധിച്ച് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന കാല്‍വരിക്കുന്നും കോട്ടക്കുന്നും പൂച്ചേരിക്കുന്നും പച്ചത്തുരുത്തുകളും ഒത്തുചേരുന്ന അപൂര്‍വ പ്രകൃതി സംഗമമാണ് ദേശാടനപ്പക്ഷികള്‍ക്ക് ഇവിടെ അനുയോജ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.