2018 April 09 Monday
മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സ്‌നേഹത്തിന് കഴിയും, ജീവിതത്തില്‍ നിന്ന് നമ്മെ രക്ഷിച്ചെടുക്കാന്‍
പബ്ലൊ നെരൂദ

കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരാത്തതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

'യജമാനന്‍ ഉണരുന്നില്ലെങ്കില്‍ പിന്നെ കാവല്‍നായക്ക് കടിക്കുകയേ നിര്‍വാഹമുള്ളൂ'

ന്യൂഡല്‍ഹി: കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനുവരി 12ന് സുപ്രിംകോടതിയിലെ സംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ക്കു വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നതെന്ന് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിയും മാധ്യമങ്ങളും ജാഗ്രതയോടെ കാവല്‍ നിന്നാലെ രാജ്യത്തെ ജനാധിപത്യം സംശുദ്ധമായി നിലനില്‍ക്കുകയുള്ളു. രാജ്യത്തെ ജനാധിപത്യം സംശുദ്ധമായി നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ ഈ രണ്ടു കാവല്‍നായ്ക്കളും ജാഗ്രത പുലര്‍ത്തണം.

കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെന്ന് കണ്ടപ്പോയാണ് കാവല്‍നായ കടിക്കാന്‍ തീരുമാനിച്ചതെന്നും ജനുവരി 12ലെ വാര്‍ത്താസമ്മേളനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒരു കാവല്‍നായ യജമാനനെ കടിക്കില്ല. കുരക്കുകയേയുള്ളു. യജമാനന്റെ ശ്രദ്ധ ഉണര്‍ത്താനാണ് കാവല്‍നായ കുരയ്ക്കുന്നത്. യജമാനന്‍ ഉണരുന്നില്ലെങ്കില്‍ പിന്നെ കാവല്‍നായക്ക് കടിക്കുകയേ നിര്‍വാഹമുള്ളൂ- കുര്യന്‍ ജോസഫ് വ്യക്തമാക്കി. ഡല്‍ഹിയിലെത്തിയ കേരളാ പ്രസ് അക്കാദമി വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയെ കുറിച്ച് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യസംരക്ഷണത്തിന് വേണ്ടി ലോകത്തിന്റെ ചരിത്രത്തില്‍ ഇത്രയും മഹത്തായ ഒരു കാര്യം ചെയ്തിട്ട് അത് മുന്‍പോട്ടു കൊണ്ടുപോകാനും പരിഹാരം കണ്ടെത്താനും മാധ്യമങ്ങള്‍ക്കു സാധിച്ചില്ല. മാധ്യമങ്ങള്‍ക്ക് എല്ലാ വിധ സാഹസികതകളുമാവാം. എന്നാല്‍. ജുഡീഷ്യറിക്ക് സാഹസികമാവാനാവില്ല.

ജുഡീഷ്യറി ജാഗ്രതപുലര്‍ത്തുന്നുവെന്ന് മാത്രം. മാധ്യമങ്ങള്‍ക്ക് ഏതറ്റം വരെ പോയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയും. അതായത് മാധ്യമങ്ങള്‍ക്ക് ലക്ഷ്മണ രേഖയില്ല. എന്നാല്‍ ഭരണഘടനയില്‍ പറഞ്ഞ അവകാശങ്ങളും അതിരുകളും ജുഡീഷ്യറിക്കുണ്ട്. മാധ്യമങ്ങള്‍ക്ക് ഭരണഘടനയില്‍ അങ്ങനെ ഒരു രേഖയില്ല. അതിനാല്‍ മാധ്യമങ്ങള്‍ക്ക് അതിര്‍ത്തി വരെയും അതിര്‍ത്തി കടന്നും പോകാം. ഒരു കോളിളക്കം സൃഷ്ടിച്ച് പിന്നീട് വിട്ടുകളയുന്ന രീതി മാധ്യമങ്ങള്‍ ഉപേക്ഷിക്കണം. കോളിളക്കത്തിന്റെ തിര കരയ്ക്ക് അടുക്കുന്നുണ്ടോ എന്ന നോട്ടം ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തിന് ഇല്ല. ഇതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ഞങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വിഷയം അതിന്റെ നല്ലൊരുതീര്‍പ്പിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതെന്നും മലയാളിയായ കുര്യന്‍ ജോസഫ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.