2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റാഫേല്‍: കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് തെളിയുകയാണെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റാഫേല്‍ വിഷയത്തിലുള്ള സുപ്രിംകോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാരില്‍ അഴിമതിയുണ്ടെന്ന് സുപ്രിംകോടതി സമ്മതിച്ചുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. തനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, അന്വേഷണം തുടങ്ങണമെന്ന് കോടതി വ്യക്തമാക്കിയതാണെന്നും രാഹുല്‍ പറഞ്ഞു.

റഫേല്‍ ഇടപാടില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് തെളിയുകയാണ് സുപ്രിംകോടതി വിധിയിലൂടെ എന്നും രാഹുല്‍ പറഞ്ഞു. താന്‍ മാസങ്ങളായി റഫേലിലെ മോഷണത്തെപ്പറ്റി പറയുന്നതിന് ഇന്ന് സുപ്രിംകോടതിയും ശരിവച്ചിരിക്കുകയാണ്. റഫേലിലെ അഴിമതിയുടെ കാര്യത്തില്‍ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു.

റഫേല്‍ അഴിമതിയ്ക്ക് പിന്നിലെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മോദി സര്‍ക്കാരിന് മറച്ചുപിടിക്കാന്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ഒന്നും ഇല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

‘മോദി ജീ, നിങ്ങള്‍ക്ക് കഴിയുന്നതുപോലെ നിങ്ങള്‍ കള്ളം പറഞ്ഞോളൂ. എന്നാല്‍ ഒട്ടും വൈകാതെ, അല്ലെങ്കില്‍ കുറച്ചു വൈകിയാലും സത്യം പുറത്തുവരും. അഴിമതിയിലെ ഓരോ കള്ളത്തരവും ഒന്നൊന്നായി പുറത്തുവരും. ഇനി മറച്ചുപിടിക്കാന്‍ ഒരു ഔദ്യോഗിക രഹസ്യങ്ങളും നിങ്ങളുടെ കൈയിലില്ല’- സുര്‍ജേവാല പറഞ്ഞു.

നിയമാനുസൃതമായ ഒരു കാര്യത്തെയാണ് സുപ്രfം കോടതി ശരിവച്ചിരിക്കുന്നത്. റഫേലിലെ അഴിമതി വെളിപ്പെടുത്താന്‍ മുന്നോട്ടുവന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്താന്‍ മോദി ശ്രമിച്ചു. സാരമില്ല മോദീ ജീ അന്വേഷണം ഉടന്‍ തന്നെ നടക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും- സുര്‍ജേവാല പറഞ്ഞു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടിയാണ് ഇന്നുണ്ടായത്. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.