2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചുവടുപിഴച്ച് നാല്‍വര്‍ സംഘം; തല്‍ക്കാലം തനിച്ച്

യു.എച്ച് സിദ്ദീഖ്

കോട്ടയം: യു.ഡി.എഫ് നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പിഴച്ചത് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തെ നയിക്കുന്ന നാല്‍വര്‍ സംഘത്തിന്റെ തന്ത്രങ്ങള്‍. അസ്ഥിത്വം ഉറപ്പിക്കാനുള്ള നീക്കത്തില്‍ ചുവടുതെറ്റിയതോടെ തല്‍ക്കാലം തനിച്ചുനിന്ന് പൊരുതാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലും ചേക്കേറാതെ നില്‍ക്കുക. എല്‍.ഡി.എഫിന്റെ സമീപനം നോക്കി മാത്രം നിലപാട് സ്വീകരിക്കുക. യു.ഡി.എഫില്‍ നിന്ന് പുറത്തായതോടെ ജോസ് പക്ഷത്തിന് മുന്നില്‍ തല്‍ക്കാലം മറ്റുവഴികളൊന്നുമില്ല. പി.ജെ ജോസഫുമായി പിരിഞ്ഞതോടെ ജോസ് വിഭാഗത്തെ നയിക്കുന്നത് രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരുമാണ്. ജോസ് കെ. മാണിക്ക് പുറമെ തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരാണ് തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും. മറ്റു നേതാക്കള്‍ക്കൊന്നും കാര്യമായ റോളില്ല. മുന്നണി തീരുമാനം അനുസരിക്കാതെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാതിരിക്കാനുള്ള തീരുമാനവും ഈ നാല്‍വര്‍ സംഘത്തിന്റേത് മാത്രമായിരുന്നു. രാഷ്ട്രീയ പക്വതയില്ലാതെയുള്ള നീക്കമാണ് ഒടുവില്‍ ജോസ് വിഭാഗത്തെ മുന്നണിക്ക് പുറത്താക്കിയതും. വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ജോസ് വിഭാഗത്തെ കാത്തിരിക്കുന്നത്. സി.പി.എം നല്‍കിയ ചില ഉറപ്പുകളുടെ പുറത്താണ് യു.ഡി.എഫ് നേതൃത്വത്തെ ചോദ്യംചെയ്യാന്‍ ജോസ് വിഭാഗത്തെ പ്രേരിപ്പിച്ചത്. എന്നാല്‍, ഇടത് പ്രവേശം അത്ര എളുപ്പമാകില്ലെന്ന് ജോസ് വിഭാഗം തിരിച്ചറിയുന്നുണ്ട്. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ എതിര്‍പ്പ് ഒരുഭാഗത്ത്. ഇടതിലേക്ക് ചാടിയാല്‍ നേതാക്കളില്‍ ആരൊക്കെ കൂടെ ഉണ്ടാവുമെന്നതിലും ജോസ് കെ. മാണിക്ക് സംശയമുണ്ട്. യു.ഡി.എഫിന്റെ ഉറച്ച സീറ്റുകളില്‍ ജയിച്ച തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ കൂടെ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. യു.ഡി.എഫ് വിടുന്നതിനോട് യോജിപ്പുള്ളവരല്ല മൂവരും. യു.ഡി.എഫ് തീരുമാനം പുറത്തുവന്നതിനുശേഷമുള്ള ഇവരുടെ പ്രതികരണവും ശരീരഭാഷയും അത് തെളിയിക്കുന്നതായിരുന്നു. യു.ഡി.എഫ് തീരുമാനത്തില്‍ ശരിക്കും തകര്‍ന്നുപോയത് റോഷിയും ജയരാജുമാണ്. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴേത്തട്ടിലുള്ളവര്‍ വരെ പല അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

ഇടതിലേക്ക് പോകണമെന്ന് ഒരുവിഭാഗം പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് യു.ഡി.എഫുമായി അനുരഞ്ജന ചര്‍ച്ച നടത്തി മുന്നണിയില്‍ തിരിച്ചുകയറണമെന്ന് വാദിക്കുന്നവരും ഏറെ. വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ബി.ജെ.പിക്കൊപ്പം എന്‍.ഡി.എയുടെ ഭാഗമായി ജോസ് കെ. മാണി കേന്ദ്രമന്ത്രിയാവുന്നത് സ്വപ്നം കാണുന്നവരും ഉണ്ട്. വ്യത്യസ്ത അഭിപ്രായക്കാരെ ഒന്നിച്ചുനിര്‍ത്തി വേണം ജോസ് കെ. മാണിക്ക് തീരുമാനമെടുക്കാന്‍. കെ.എം മാണി എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നിലകൊണ്ടപോലെ ജോസ് കെ. മാണിയുടെ നേതൃത്വത്തിന് കീഴില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ നേതാക്കള്‍ തയാറാവണമെന്നില്ല.

അതുകൊണ്ടുതന്നെ തല്‍ക്കാലം തനിച്ചുനില്‍ക്കുകയെന്നതാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം. ഇന്ന് സ്റ്റിയറിങ് കമ്മിറ്റി കൂടി തനിച്ചുനില്‍ക്കുകയെന്ന തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. യു.ഡി.എഫ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ജോസ് വിഭാഗം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പ് വരെ തനിച്ചുനില്‍ക്കാനാണ് നേതൃത്വത്തിലെ ധാരണ. എല്‍.ഡി.എഫ് തങ്ങളോട് സ്വീകരിക്കുന്ന സമീപനം നോക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുമായി ധാരണയുണ്ടാക്കി ശക്തിതെളിയിച്ച് യു.ഡി.എഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും ശക്തമായ തിരിച്ചടി നല്‍കുക തുടങ്ങിയ സാധ്യതകളാണ് ജോസ് വിഭാഗത്തിന് മുന്നിലുള്ളത്. ജോസ് വിഭാഗത്തെ പുറത്താക്കിയതില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദത്തിലാണ്. നിയമസഭ, തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ കണ്ണുംനട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടപടിയെ സ്വാഗതം ചെയ്യുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.