2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കാന്‍സറിന് കാരണമാവുന്ന ആസ്ബസ്റ്റോസ് കണ്ടെത്തി; 33,000 ബോട്ടില്‍ ബേബി പൗഡര്‍ തിരിച്ചുവിളിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍

 

വാഷിങ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയിലെ ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിച്ച് കമ്പനി. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബസ്‌റ്റോസിന്റെ അളവ് കണ്ടെത്തിയത്. ഇതോടെ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി.

ഇതാദ്യമായാണ് കമ്പനി ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്നത്. 130 വര്‍ഷത്തെ പഴക്കമുള്ള യു.എസ് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഇത്. ബേബി പൗഡര്‍ ഉള്‍പ്പെടെ ജോണ്‍സണ്‍ & ജോണ്‍സണിന്റെ നിരവധി ഉല്‍പന്നങ്ങള്‍ മുന്‍പും ആരോപണം നേരിട്ടിരുന്നു. വൈദ്യ ഉപകരണങ്ങള്‍, ചില മരുന്നുകള്‍ എന്നിവയ്‌ക്കെതിരെയും യു.എസില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഒരു കേസില്‍ 8 ബില്യണ്‍ ഡോളര്‍ പിഴയായി കമ്പനിക്ക് ഈടാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കാന്‍സറിന് കാരണമായി ജോണ്‍സണ്‍ & ജോണ്‍സണിന്റെ പൗഡര്‍ അടക്കമുള്ള ഉല്‍പന്നങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച് 15,000 കേസുകളാണ് നിലവിലുള്ളത്.

കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) ആണ് ഉല്‍പ്പനം നിരോധിച്ച് ഉത്തവിട്ടത്. 

ജയ്പൂരിലെ ഡ്രഗ് ടെസ്റ്റ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മല്‍ ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന തടഞ്ഞത്. ഉല്‍പ്പന്നത്തിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ അഞ്ചുസംസ്ഥാനങ്ങളോട് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് ബേബി ഷാംപുവിന്റെയും പൗഡറിന്റെയും ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ബസ്റ്റോസ്, കാര്‍സിനോജനിക് എന്നിവയുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സാംപിള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇതില്‍ രാജസ്ഥാനിലെ സാംപിള്‍ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ വില്‍പ്പന നിരോധിച്ചുള്ള ഉത്തരവ് വന്നത്. 

കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ സെന്റ് ലൂയിസ് ജൂറി കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.