2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ജിഷയുടെ മരണം: ഓര്‍മപ്പെടുത്തുന്നത്..

ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  പിന്നീട് നടന്ന സംഭവവികാസങ്ങള്‍ കേരളം ഉറ്റുനോക്കുന്ന ഒരു കേസാക്കി മാറ്റി. സംഭവത്തോടനുബന്ധിച്ച് നിരവധി ലേഖനങ്ങള്‍ പത്രമാധ്യമങ്ങളില്‍ വന്നു. മെയ് അഞ്ചാം തിയ്യതിയിലെ സുപ്രഭാതത്തില്‍ ജിഷവധക്കേസുമായി ബന്ധപ്പെട്ട് ഡോ.ജി. മോഹന്‍ റോയ് എഴുതിയ ലേഖനം ഇപ്പോള്‍ വായനക്കാര്‍ക്കു മുമ്പില്‍ ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു. കൊലയ്ക്കു പിന്നില്‍ പൂര്‍വവൈരാഗ്യമായിരിക്കാം എന്ന നിഗമനത്തില്‍ ലേഖകന്‍ എത്തുന്നു.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലയാളിയെ ഒന്നരമാസത്തെ അന്വേഷണത്തിനൊടുവില്‍ പൊലിസ് പിടികൂടി. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാം ആണ്. മൂന്ന് ദിവസം മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് വച്ച് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് പൂര്‍വവൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം.
…………………………………………………………………………………………………………………………

പെരുമ്പാവൂരില്‍ നിഷ്ഠൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലിസ്. സംഭവത്തില്‍ വന്‍പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അലയടിക്കുന്നത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന സമൂഹത്തിനുതന്നെ ആ പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നില്ലേയെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ജിഷയുടെ മരണത്തെ സാമൂഹ്യസുരക്ഷയുടെ പശ്ചാത്തലത്തിലാണു നമ്മള്‍ വീക്ഷിക്കേണ്ടത്.
കൊലപാതകം നടന്ന രീതി പരിശോധിക്കുമ്പോള്‍ മൂന്നുതരം സാധ്യതകളാണു പ്രധാനമായും പുറത്തുവരുന്നത്. കുറ്റകൃത്യം നടത്തിയ വ്യക്തിയുടെ മാനസികാവസ്ഥകൂടി വിലയിരുത്തിയാണിത്. പ്രതികാരമനോഭാവമാണ് അതില്‍ ഒരു സാധ്യത. ഒരുപക്ഷേ, കുറ്റകൃത്യം നടത്തിയതു പൂര്‍വവൈരാഗ്യം കൊണ്ടാകാം. അത് ഇരയാക്കപ്പെട്ട വ്യക്തിയോട് ആയിരിക്കണമെന്നില്ല, വ്യക്തിയുടെ വീട്ടുകാരോടോ ബന്ധുക്കളോടോ ആകാം. പൂര്‍വവൈരാഗ്യമുള്ള വ്യക്തി ഹീനമായ കൊലപാതകം നടത്താന്‍ സാധ്യതയേറെയാണ്. സംശയരോഗത്തിന് അടിമപ്പെട്ടവരും ഇത്തരത്തില്‍ ധാരാളം മുറിവുകളേല്‍പ്പിച്ചു കൊലപാതകം നടത്താറുണ്ട്.
പ്രതിയുടെ അപ്പോഴത്തെ ഭ്രാന്തമായ മാനസികാവസ്ഥയാണു കുറ്റകൃത്യത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നത്. മറ്റൊന്ന്, ലഹരിയുടെ സ്വാധീനമാണ്. ലഹരിക്കടിപ്പെട്ട വ്യക്തി, അല്ലെങ്കില്‍ താല്‍ക്കാലികമായി ലഹരി ഉപയോഗിച്ച വ്യക്തി  അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇത്തരം കൃത്യം ചെയ്യാനിടയുണ്ട്. മുന്‍പിന്‍ ചിന്തിക്കാതെ ചെയ്യുന്നതിനാല്‍ അതു വളരെ ക്രൂരമായിരിക്കും. മൂന്നാമത്തെ സാധ്യത, ലൈംഗികവൈകൃതമുള്ള വ്യക്തിയുടെ പങ്കാണ്. ലൈംഗികവൈകൃതമെന്നതു പ്രത്യക്ഷത്തിലുണ്ടാകണമെന്നില്ല. അയാളുടെ ലൈംഗികപങ്കാളിക്കുമാത്രം അറിയാവുന്ന കാര്യമായിരിക്കും. അയാളുടെ പുറമേയുള്ള പ്രകൃതത്തിലും ഇടപെടലിലും ഈ സ്വഭാവം മറ്റുള്ളവര്‍ക്കു മനസിലാകണമെന്നില്ല.
ഈ സംഭവത്തില്‍ മറ്റൊരു സാധ്യത മേല്‍പ്പറഞ്ഞ ഒന്നോ രണ്ടോ ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നുള്ളതാണ്. ലൈംഗിക വൈകൃതമോ മനോരോഗമോ ഉള്ള വ്യക്തി ലഹരിയുടെ സ്വാധീനത്തില്‍പ്പെട്ടു കുറ്റകൃത്യം നിര്‍വഹിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രതിയുടെ മാനസികനില പരാമര്‍ശിക്കുമ്പോള്‍ത്തന്നെ നേരത്തെ സൂചിപ്പിച്ചപോലെ സമൂഹത്തിന്റെ ഉത്തരവാദിത്തത്തിലേയ്ക്കു തിരിച്ചുവരാം. എല്ലാ പൗരന്മാര്‍ക്കും ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.
ഇവിടെ അതാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയുടെ അമ്മ നേരത്തേ പൊലിസില്‍ പരാതിനല്‍കിയിരുന്നുവെന്നാണു മാധ്യമവാര്‍ത്തകളിലൂടെ മനസിലാകുന്നത്. ആ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചിരുന്നുവെന്ന് അറിയില്ല. പക്ഷേ, ഒരു മനോരോഗ ചികിത്സകനെന്ന നിലയില്‍ എന്നെ ഏറ്റവും വേദനിപ്പിച്ച ഘടകം മനോരോഗമുള്ള ഒരാളുടെ പരാതിയെന്നു കരുതി ജിഷയുടെ മാതാവു നല്‍കിയ പരാതിയില്‍ പൊലിസ് ഉപേക്ഷകാണിച്ചുവെന്ന വാര്‍ത്തയാണ്. അതു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നു മാത്രമല്ല, കേരളം പോലുള്ള ഒരു സ്ഥലത്ത് ഇത്രയേറെ പുരോഗതി വന്നിട്ടും അതിനെ പിറകോട്ടടിപ്പിക്കുന്നതിനു തുല്യമാണ്.
നമ്മള്‍ നിര്‍ഭയയെക്കുറിച്ചു പറയുന്നുണ്ടല്ലോ. നിര്‍ഭയസംഭവത്തില്‍ കുറ്റകൃത്യംചെയ്ത വ്യക്തികള്‍ ഉത്തരേന്ത്യക്കാരാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളോടുള്ള സമീപനമെന്തെന്നു നമുക്കറിയാം. സ്ത്രീകള്‍ എന്നുവച്ചാല്‍ എന്തും ചെയ്യാനുള്ളവരാണെന്ന ധാരണ പുലര്‍ത്തുന്നവരാണ് അക്കൂട്ടര്‍. അവിടെ ദുരഭിമാനക്കൊലകള്‍ ഇന്നും തുടരുന്നു. അത്തരത്തില്‍ ഒരു മൈന്‍ഡ് സെറ്റുമായി, വര്‍ഷങ്ങളായി സ്ത്രീകളെ ചവിട്ടിമെതിക്കുന്ന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഭരണനിര്‍വഹണത്തിലോ പൊതുജനങ്ങള്‍ക്കു ഒരു പ്രാതിനിധ്യവുമില്ലാത്ത നാട്ടിലെ  കുറേ ക്രിമിനലുകള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയക്കുവേണ്ടി പ്രത്യേകനിയമംതന്നെ സൃഷ്ടിക്കപ്പെട്ടു.  കേരളത്തെ സംബന്ധിച്ചു സാമൂഹ്യസുരക്ഷയില്‍ നമ്മള്‍ ഏറെമുന്നിലാണെന്ന കപടചിന്താഗതിയിലാണു ഇത്രയും കാലം ജീവിച്ചതെന്ന യാഥാര്‍ഥ്യംകൂടിയാണ് ജിഷയുടെ മരണം തുറന്നുകാട്ടുന്നത്.

പറഞ്ഞുകേട്ടിടത്തോളം അടച്ചുറപ്പില്ലാത്ത മുറിയിലാണ് ഈ പെണ്‍കുട്ടി താമസിച്ചിരുന്നത്. അതുതന്നെ ഒന്നാമത്തെ വീഴ്ചയാണ്. സാമൂഹ്യസുരക്ഷാപദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഇടപെടാന്‍ സാധിക്കുമായിരുന്നില്ലേ അങ്ങനെ ഇടപെട്ടിരുന്നെങ്കില്‍ ഈ കുട്ടിക്ക് ഇത്തരമൊരു ഗതി വരുമായിരുന്നോ പലയിടത്തും സഹപാഠിക്കു വീടു  വച്ചുകൊടുത്തു, മറ്റു സഹായങ്ങള്‍ കൊടുത്തു എന്നരീതിയില്‍ വാര്‍ത്തകള്‍ കാണാറുണ്ട്.
എന്തുകൊണ്ട് ജിഷയുടെ കാര്യത്തില്‍ അത്തരമൊരു ഇടപെടല്‍ ഉണ്ടായില്ല എല്‍.എല്‍.ബിക്കു പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു. അവള്‍ ഇത്തരമൊരു സാഹചര്യത്തില്‍ താമസിച്ചിട്ട് എന്തുകൊണ്ട് ബന്ധപ്പെട്ടവര്‍ക്കോ നാട്ടില്‍ നിലവിലുള്ള സിസ്റ്റത്തിനോ ഇടപെടാന്‍ സാധിച്ചില്ല അതിന്റെ ഒരു പ്രശ്‌നമുണ്ട്. മറ്റൊന്ന് ഈ വിഷയത്തെ നമ്മള്‍ എങ്ങനെ കാണുന്നുവെന്നുള്ളതാണ്. അപകടം നടക്കുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു നിലവിളികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിട്ടുപോലും അവിടേയ്ക്ക് ആരും തിരിഞ്ഞുനോക്കിയില്ല.

എന്താണു മലയാളി വിചാരിച്ചിരിക്കുന്നത് അടച്ചുറപ്പുള്ള വീട്ടില്‍ തന്റെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്നോ നേരത്തെ സൂചിപ്പിച്ച മൂന്നു കാറ്റഗറിയിലുള്ള ആളുകളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ കണ്ണില്‍നിന്ന് അടച്ചുറപ്പുള്ള മുറിക്കുള്ളില്‍ ഇരിക്കുന്ന പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരിക്കയാണെന്നാണോ അതോ, തങ്ങളുടെ പെണ്‍കുട്ടികള്‍ റോഡിനു പുറത്തിറങ്ങില്ലെന്നാണോ അധികം ദൂരയല്ലാതെ, കേരളത്തിന്റെ വളരെ അടുത്തുള്ള ബാംഗ്ലൂരിലാണു കഴിഞ്ഞദിവസം ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. റോഡില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ തൂക്കിയെടുത്തുകൊണ്ട് ഒരാള്‍ പോവുകയാണ്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
എന്നിട്ടും ആരും പ്രതികരിക്കുന്നില്ല. ആ പെണ്‍കുട്ടി സ്വയം രക്ഷപ്പെടുകയാണുണ്ടായത്. രക്ഷപ്പെട്ട് ഓടിയെത്തി താമസിക്കുന്ന സ്ഥാപനത്തിന്റെ ഉടമയോടു പറയുമ്പോള്‍ അവര്‍ പറയുന്നത് അതു പ്രശ്‌നമാക്കേണ്ട, നമ്മുടെ സ്ഥാപനത്തിനു ദുഷ്‌പേരുണ്ടാകുമെന്നാണ്. ഒടുവില്‍, അന്വേഷണത്തില്‍ തെളിയുന്നു അയാള്‍ അവിടത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന്. എന്നിട്ടുപോലും ആരും അയാള്‍ക്കെതിരേ പരാതിപ്പെടുന്നില്ല. പ്രശ്‌നക്കാരനായ ഇയാളെക്കുറിച്ചു പൊലിസില്‍ അറിയിക്കാന്‍ നാട്ടുകാര്‍ ഭയപ്പെട്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചാല്‍ മാത്രമേ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ ഇതില്‍ ഇടപെടുകയുള്ളോ ഒരു സ്ഥലത്തെ പൊലിസ് സംവിധാനത്തില്‍ അപര്യാപ്തതകളുണ്ടോയെന്നു പരിശോധിക്കേണ്ടേ  
അടുത്തഘട്ടമെന്നു പറയുന്നത് ഈ കുറ്റകൃത്യത്തിന്മേലുള്ള ശിക്ഷയാണ്. കുറ്റകൃത്യം നടക്കുമ്പോള്‍ കേസുവരും. പ്രതികളെ അറസ്റ്റ് ചെയ്യും. ശിക്ഷയും കൊടുക്കുമായിരിക്കും. പക്ഷേ, നമ്മുടെ നാട്ടിലെ ശിക്ഷകള്‍ക്കു വലിയൊരു കുഴപ്പമുണ്ട്. ഇവിടെ ശിക്ഷകള്‍ മാതൃകാപരമല്ല. ക്ലാസ് മുറിയില്‍ ഒരു കുട്ടി കുറ്റം ചെയ്തുകഴിഞ്ഞാല്‍ അതിനെ അധ്യാപകര്‍ അടിക്കുന്നത് എപ്പോഴാണ് മൂന്നുദിവസം കഴിഞ്ഞോ ഒരാഴ്ച കഴിഞ്ഞോ അല്ലല്ലോ. അപ്പോള്‍ത്തന്നെയല്ലേ പക്ഷേ, നമ്മുടെ നിയമസംവിധാനത്തില്‍ എന്താണു സംഭവിക്കുന്നത് നമ്മുടെ ശിക്ഷാവിധികള്‍ മാതൃകാപരമായിരിക്കണം. ചെയ്തകുറ്റത്തിനു യോജിച്ചതായിരിക്കണം. കുറ്റംചെയ്തതുകൊണ്ടാണ് ഈ ശിക്ഷ ലഭിച്ചതെന്നു ചെയ്തയാള്‍ക്ക് ബോധ്യപ്പെട്ടിരിക്കണം. ഇത് എല്ലാ ശിക്ഷാനടപടികള്‍ക്കും ബാധകമായിരിക്കണം.

05-05-16

കുറ്റകൃത്യം നടന്ന് എത്രസമയംകൊണ്ടാണ് നമ്മുടെ നാട്ടില്‍ നീതിനിര്‍വഹണം പൂര്‍ത്തിയാകുന്നത് ആ ശിക്ഷ മാതൃകാപരമാണോ സ്വാഭാവികമായും ഈ ചര്‍ച്ച ഉയര്‍ന്നുവരേണ്ടതാണ്. ശക്തമായ തടസ്സവാദമാണു വധശിക്ഷയ്‌ക്കെതിരേ ഉയര്‍ന്നുവരുന്നത്. ജീവന്‍ എടുക്കുന്നവര്‍ക്കു ജീവന്‍ കൊടുക്കാന്‍ സാധിക്കുമോയെന്നാണു ചോദ്യം. എന്നാല്‍, ഹീനമായ കുറ്റകൃത്യം ചെയ്തയാളില്‍നിന്നു സമൂഹത്തെ രക്ഷിക്കേണ്ടേ വ്യക്തി സമൂഹത്തിനു ഭീഷണിയാണെന്നു കുറ്റകൃത്യത്തിലൂടെ തെളിയിച്ചുകഴിഞ്ഞു. ഇയാളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ എന്താണു മാര്‍ഗം ജീവപര്യന്തമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പന്ത്രണ്ടു വര്‍ഷവും നേരേ നടന്നാല്‍ എട്ടും അതിലും കുറഞ്ഞാല്‍ ആറുമാകുന്ന ശിക്ഷാവിധികൊണ്ട്  മനോനില മാറുമെന്ന് എന്താണുറപ്പ്

ലൈംഗിക വൈകൃതം ലൈംഗികപങ്കാളിക്കുമാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അതൊന്നും കേസില്‍ പരിഗണിക്കപ്പെടാറേയില്ല. അത്തരത്തിലുള്ള ഒരാള്‍ ശിക്ഷ കഴിഞ്ഞു  പുറത്തിറങ്ങുമ്പോള്‍ മനോനില പരിശോധിക്കാനുള്ള സംവിധാനം നമുക്കുണ്ടോ അത്തരം പദ്ധതികളുടെ അഭാവത്തില്‍ ആറുവര്‍ഷം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ കുറ്റകൃത്യം ചെയ്യാനുള്ള ഇയാളുടെ പ്രവണതയും വാസനയുമെല്ലാം അവസാനിച്ചുവെന്നു പറയാന്‍ സാധിക്കുമോ  അത്തരം സാഹചര്യത്തില്‍ ഇയാളെ അമേരിക്കയടക്കമുള്ള പല വികസിതരാജ്യങ്ങളും ചെയ്യുന്നപോലെ എണ്‍പതോ നൂറോ വര്‍ഷം ജയിലിലിടേണ്ടതല്ലേയെന്നു ചിന്തിക്കണം.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരംകൂടിയാണ് ജിഷയുടെ മരണം കേരളത്തിനുമുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഈ സംഭവത്തില്‍ ആദ്യംതന്നെ അന്യസംസ്ഥാന തൊഴിലാളികളെ പ്രതികളായി ചിത്രീകരിക്കാനുള്ള പ്രവണതയുണ്ടായി. കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളേക്കാള്‍ കൂടുതല്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍പ്പോയി തൊഴില്‍ ചെയ്യുന്നുണ്ട്. അത്തരം സംസ്ഥാനങ്ങളില്‍ ഒരു കുറ്റകൃത്യമുണ്ടാകുമ്പോള്‍ അവിടെയുള്ള മലയാളികളെ പ്രതിസ്ഥാനത്തു നിര്‍ത്തി മാധ്യമവിചാരണ നടന്നാല്‍ എന്താണു സംഭവിക്കുകയെന്നു ഓര്‍മിക്കണം.
ചിക്കു റോബര്‍ട്ട് എന്ന നഴ്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് അവരുടെ ഭര്‍ത്താവിനെ ആ രാജ്യത്തെ നടപടിക്രമത്തിന്റെ ഭാഗമായി തടഞ്ഞുവച്ചിരിക്കുകയാണെന്നാണു ബന്ധുക്കള്‍ പറയുന്നത്. അത്തരം  സാഹചര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്കു നേരിട്ടാലോ ഇവിടെ എന്തുസംഭവിച്ചാലും അന്യസംസ്ഥാനത്തൊഴിലാളിയുടെ പുറത്തു പഴിചാരാനുള്ള വാദം ശരിയല്ല. അവര്‍ കുറ്റംചെയ്യാനുള്ള സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍, അവരെ നിരീക്ഷിക്കാന്‍ ഇവിടെ എന്തുസംവിധാനമുണ്ടെന്ന് ആലോചിക്കണം. കഞ്ചാവ് അടക്കമുള്ള ലഹരി വ്യാപനത്തില്‍ അവരുടെ പങ്കു കണ്ടില്ലെന്നു നടിക്കാനാകില്ല.
അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. നമ്മുടെ നാട്ടില്‍ വരുന്ന ആളുകള്‍ ആരാണ്, അവര്‍ ഇവിടെ എന്തുചെയ്യുന്നു എന്നു മനസിലാക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതല്ലേ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അവരെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നതുകൊണ്ടു കാര്യമുണ്ടോ  ഇവിടെയാണു മലയാളിയുടെ സാമൂഹ്യബോധം കൂടുതല്‍ ശക്തമാകേണ്ടത്. ഇന്ന്  അയല്‍ക്കാര്‍പോലും പരസ്പരം സംസാരിക്കാനോ വിവരങ്ങള്‍ അറിയാനോ ശ്രമിക്കുന്നില്ല. ഒറ്റപ്പെട്ടുപോകുന്ന സമൂഹമായി മലയാളി മാറുകയാണ്. എന്റെ വാതില്‍ മറ്റേയാളുടെ വാതിലിലേയ്ക്കു തുറക്കരുതെന്നു പറഞ്ഞു ഡിസൈന്‍ മാറ്റിക്കുന്നവരുണ്ടെന്നാണ് ഫഌറ്റ് നിര്‍മാതാക്കള്‍ പറയുന്നത്. ഞാന്‍ വാതില്‍ തുറന്നാല്‍ അപ്പുറത്തുള്ള ഒരാളെ കാണരുതെന്നാഗ്രഹിക്കുന്ന രീതിയിലേയ്ക്കാണു മലയാളിയുടെ മാറ്റം.
അകലെയുള്ള ബന്ധുവിനെക്കാള്‍ അടുത്തുള്ള ശത്രുവാണ്

അഭികാമ്യമെന്നതു  നമ്മള്‍ വിസ്മരിച്ചുപോവുന്നു.   നമ്മുടെ സാമൂഹ്യബന്ധങ്ങളില്‍പ്പോലും ഇടിവു സംഭവിക്കുന്നു. അതുകൊണ്ടല്ലേ ജിഷയുടെ വീട്ടില്‍നിന്നു നിലവിളിയുയര്‍ന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കാതിരുന്നത്. നാലു ചുവരുകള്‍ക്കുള്ളില്‍ ഇരിക്കുന്ന സ്വന്തം സഹോദരിയും അമ്മയും ഭാര്യയും സുരക്ഷിതരല്ലെന്നു മലയാളി ഇനിയെങ്കിലും മനസിലാക്കണം. ഇത്തരത്തില്‍ സ്വയം ചിന്തിക്കേണ്ട ഒട്ടനവധി ചോദ്യങ്ങളാണു ജിഷയുടെ മരണം കേരളത്തിന്റെ മനഃസാക്ഷിക്കു മുന്നിലുയര്‍ത്തുന്നത്.

 

(തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം അസി.പ്രൊഫസറാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.