2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ജിന്നും ഗണപതിയും മുസ്‌ലിം നവോത്ഥാനവും

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

അന്ധവിശ്വാസവും അജ്ഞതയും നിര്‍മാര്‍ജനം ചെയ്ത് മുസ്‌ലിം സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് കൗതുകകരമായിരിക്കും.
‘ഇന്ത്യ കാഫിര്‍ രാജ്യമാണ്. ഇവിടെ ജീവിച്ചാല്‍ മുസ്‌ലിമായി മരിക്കില്ല.അതുകൊണ്ട് നാം യമനിലേക്കോ അഫ്ഗാനിലേക്കോ ‘ഹിജ്‌റ’ പോകണം. സഖ്യ സേനയോട് ഏറ്റുമുട്ടി രക്തസാക്ഷിയാകണം. എങ്കിലേ സ്വര്‍ഗം കിട്ടൂ'(മുജാഹിദ് എ).
ഈ വാദഗതി പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും ഉദ്ധരിച്ച് സ്ഥിരമായി ക്ലാസുകള്‍ നടക്കുന്നു. ഇതു കേട്ട് ആവേശഭരിതരായ നിരവധി ചെറുപ്പക്കാര്‍ ഇതിനകം രക്തസാക്ഷികളായി.
‘ഇന്ത്യയില്‍ ജീവിക്കാം. പക്ഷേ,അമുസ്‌ലിമുകളുമായി യാതൊരു ബന്ധവും അരുത്. അവരോട് ചിരിക്കുന്നതു പോലും സൂക്ഷിച്ചുവേണം'(മുജാഹിദ് ബി).
‘വഹാബി പ്രസ്ഥാനത്തിന്റെ ശില്‍പിയായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനും അദ്ദേഹത്തെ പിന്‍പറ്റുന്ന സലഫികള്‍ക്കും തെറ്റു പറ്റി. ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദ എന്നീ പണ്ഡിത ത്രയങ്ങളുടെ സലഫീ ധാരയാണ് ശരി’ (മുജാഹിദ് സി).
‘മനുഷ്യബുദ്ധിക്ക് നിരക്കാത്ത യാതൊന്നും അംഗീകരിക്കാനാവില്ല. സ്ഥിരപ്പെട്ട പ്രമാണങ്ങളില്‍ നിന്നാണെങ്കിലും അത് തള്ളിക്കളയും. സ്വഹീഹുല്‍ ബുഖാരിയിലെ അറുപതില്‍പരം നബിവചനങ്ങള്‍ ഇപ്രകാരം തള്ളിക്കളയേണ്ടതാണ് ‘ (മുജാഹിദ് ഡി).
‘താടി വെട്ടരുത്, മുണ്ട് കണംകാലിന്റെ മധ്യം വരെ ഉടുക്കാവൂ, ആട് മേച്ച് ജീവിക്കണം, സംഘടന പാടില്ല ‘ (മുജാഹിദ് ഇ).

‘മറഞ്ഞ മാര്‍ഗത്തില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ. മറ്റൊരു സൃഷ്ടിക്കും ഈ കഴിവില്ല’ (മുജാഹിദ് എഫ്).
‘മറഞ്ഞ മാര്‍ഗത്തില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അല്ലാഹുവിനും മലക്കുകള്‍ക്കും ജിന്നിനും പിശാചിനും മാത്രമേ കഴിയൂ. മറ്റൊരു സൃഷ്ടിക്കും കഴിയില്ല’ (മുജാഹിദ് ജി).
ജിന്നിനും പിശാചിനും പ്രാധാന്യം കല്‍പ്പിക്കുന്ന മുജാഹിദ് ജി ഗ്രൂപ്പ് തന്നെ ഇപ്പോള്‍ രണ്ടായി പിളര്‍ന്നിരിക്കുന്നു. ഒന്ന് വിസ്ഡം ഗ്രൂപ്പെന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു. ജിന്ന് ഗ്രൂപ്പ് സ്ഥാപകനായ ഡോ. സക്കറിയ സലാഹിയുടെ പേരിലാണ് രണ്ടാം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
മുജാഹിദ് ഗ്രൂപ്പുകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഈ കഴിഞ്ഞ മാസവും പുതിയൊരു ഗ്രൂപ്പ് പിറവിയെടുത്തു. പഴയ മടവൂര്‍ ഗ്രൂപ്പില്‍നിന്ന് മടവൂരിനെയും കൂട്ടുകാരെയും പുറത്താക്കി മര്‍കസുദ്ദഅ്‌വ ഗ്രൂപ്പാണ് നിലവില്‍ വന്നത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ ഗ്രൂപ്പുകളെ എണ്ണാന്‍ ശ്രമിച്ചത് ഗ്രൂപ്പുകളുടെ ആധിക്യം കൊണ്ടാണ്. സംഘടനകള്‍ പിളരുക നമ്മുടെ നാട്ടില്‍ പുത്തരിയല്ല. പക്ഷെ, രണ്ടോ മൂന്നോ കൂടിയാല്‍ നാല് ഗ്രൂപ്പില്‍ ഒതുങ്ങും ഏത് സംഘടനയുടേയും പിളര്‍പ്പുകള്‍. എന്തിന് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസില്‍ പോലും ഇത്രയും ഗ്രൂപ്പുകള്‍ ഉണ്ടാവാറില്ല. മുജാഹിദ് ഗ്രൂപ്പുകള്‍ എത്രയാണെന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ അവര്‍ക്ക് പോലും കഴിയില്ലെന്നതാണ് സത്യം. അതിരിക്കട്ടെ, ജി ഗ്രൂപ്പില്‍നിന്ന് തുടങ്ങാം. ജിന്നും പിശാചും യാഥാര്‍ഥ്യമാണെന്നും മറഞ്ഞ വഴിക്ക് അവര്‍ ഉപദ്രവിക്കുമെന്നുമാണ് ഇവരുടെ നിലപാട്. ഇത്തരം രോഗങ്ങള്‍ക്ക് ഭൗതിക മരുന്നുകള്‍ ഫലം ചെയ്യില്ലെന്നും ആത്മീയ ചികിത്സ മാത്രമാണ് പ്രതിവിധിയെന്നും ഇവര്‍ പറയുന്നു. ഇത്തരം ആത്മീയ ചികിത്സാ കേന്ദ്രങ്ങള്‍ പലയിടത്തും ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ മഞ്ചേരി ചെരണിയിലാണ് ഒരു കേന്ദ്രം. രോഗിയെ ചികിത്സക്ക് വിധേയമാക്കുന്ന കെട്ടിടത്തിന്റെ എല്ലാ സുഷിരങ്ങളും പൂര്‍ണമായും അടച്ചിട്ടുണ്ട്. ചികിത്സാ വേളയില്‍ രോഗിയില്‍നിന്ന് പിശാച് പെട്ടെന്ന് ഓടി രക്ഷപ്പെടാതിരിക്കാനാണത്രെ ഇത്! നിലമ്പൂരിനടുത്ത കരുളായിയിലെ ഫിറോസ് എന്ന് പേരുള്ള ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ ഈ കേന്ദ്രത്തിലെ ചികിത്സയെ തുടര്‍ന്ന് ഈയിടെ മരണപ്പെട്ടത് വിവാദമായിരുന്നു.

തനിക്ക് കരള്‍ സംബന്ധമായ രോഗമാണെന്നും ആയുര്‍വേദ മരുന്ന് കുടിച്ചിരുന്നെന്നും അതുകൊണ്ട് ആശ്വാസം ഉണ്ടായിരുന്നെന്നും എന്നാല്‍ ചിലര്‍ എന്റെ വീട്ടുകാരെ സ്വാധീനിച്ച് ഈ കേന്ദ്രത്തിലെത്തിച്ചിരിക്കുകയാണെന്നും ക്രൂരമായ ചികിത്സകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും ഫിറോസ് കൂട്ടുകാരന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇരുപത്തിയാറു ദിവസമായി ഇവിടെ കഴിയുന്ന തന്നെ ഒരു മരുന്നും കുടിക്കാന്‍ അനുവദിക്കുന്നില്ലെന്നും എന്റെ വയറില്‍ ഗണപതിയാണെന്നും മറ്റു രോഗങ്ങളൊന്നും ഇല്ലെന്നും ഇവര്‍ വാദിക്കുന്നതായും പറയുന്നു. ഏതെങ്കിലും വിധത്തില്‍ എന്നെ രക്ഷിക്കണമെന്ന് കൂട്ടുകാരനയച്ച സന്ദേശത്തില്‍ ഫിറോസ് യാചിക്കുന്നു.
ഫിറോസിന്റെ മരണാനന്തരം ചില മുജാഹിദ് ഗ്രൂപ്പുകള്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവുമൊക്കെ നടത്തിയെന്നത് നേര്. അതുകൊണ്ട് മതിയോ? ജിന്ന്, പിശാച് ഉപദ്രവങ്ങള്‍ അന്ധവിശ്വാസമായി കണ്ടിരുന്ന ഒരു സമൂഹം എത്ര വേഗമാണ് ഇത്തരമൊരു ഗര്‍ത്തത്തില്‍ ചെന്നു പെട്ടത്!
ഇന്നലെകളില്‍ അവര്‍ എഴുതി. ‘റൂഹാനി,കുട്ടിച്ചാത്തന്‍, കൂളി തുടങ്ങിയത് മനുഷ്യന്റെ സങ്കല്‍പ സൃഷ്ടികളാണ്. ശാരീരികമായി പിശാച് മനുഷ്യനെ ഉപദ്രവിക്കുമെന്ന് അല്ലാഹുവോ അത്‌പോലെ അല്ലാഹുവിന്റെ അടിമകളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് പിശാചോ പറഞ്ഞതായി ഒരു പ്രസ്താവനയും ഖുര്‍ആനിലില്ല’ (അല്‍മനാര്‍ മാസിക 1986 ഫെബ്രുവരി). മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനയില്‍ ഇപ്രാകാരമുണ്ട്.’ആണ്‍പിശാചുക്കളുടെയും പെണ്‍പിശാചുക്കളുടെയും ഉപദ്രവത്തില്‍നിന്ന് നിന്നോട് ഞാന്‍ അഭയം തേടുന്നു’. (ബുഖാരി 1/144). പിശാചിന്റെ അസ്തിത്വം പോലും സമ്മതിക്കാന്‍ തയാറില്ലാത്ത മുജാഹിദ് വിഭാഗം പ്രസിദ്ധീകരിച്ച ബുഖാരി പരിഭാഷയില്‍ ‘ആണ്‍പിശാചുക്കള്‍, പെണ്‍പിശാചുക്കള്‍’ എന്നതിന് ആണ്‍കൊതുകുകള്‍, പെണ്‍കൊതുകുകള്‍ എന്നാണ് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. പക്ഷെ, ഇതെല്ലാം പോയകാലം.

ഇന്നവര്‍ക്ക് ജിന്ന്, പിശാചുക്കളാണ് മുഖ്യവിഷയം. അവയുടെ ഉപദ്രവം വരാതെ എങ്ങനെ കാത്ത് സൂക്ഷിക്കാം. ഉപദ്രവിക്കുമെന്ന് പേടിച്ചാല്‍ ശിര്‍ക്കാ(ബഹുദൈവവിശ്വാസം)കുമോ? തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങള്‍. മന്ത്രമെന്നാല്‍ പ്രാര്‍ഥന മാത്രമാണെന്ന് പറഞ്ഞിരുന്നവര്‍ രോഗിക്ക് തിരിച്ചും മറിച്ചും മന്ത്രിക്കുക മാത്രമല്ല, പിശാചിനെ അടിച്ചിറക്കുന്ന ചികിത്സപോലും നടത്തിക്കൊണ്ടിരിക്കുന്നു. ഗണപതിയെ ഇറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണല്ലോ കരുളായിയിലെ ഫിറോസ് മരിച്ചത്.
നിലവില്‍ മുജാഹിദ് വിശ്വാസങ്ങള്‍ ഇപ്രകാരം:
‘പിശാച് ഗുണം ചെയ്യും. ദോഷം ചെയ്യും. മനുഷ്യരെ കൊല്ലും. സുന്നത്ത് കര്‍മം ചെയ്ത് കൊടുക്കും.’
‘വീഴുമ്പോള്‍ മുറിവ് പറ്റാത്തത് സ്‌നേഹമുള്ള ജിന്നിന്റെ കഴിവ് കൊണ്ടാണ്. മുറിവുണ്ടാകുന്നത് ശത്രുവായ ജിന്ന് കൂടിയത് കൊണ്ടാണ്.’
‘രോഗങ്ങളില്‍ പകുതിയിലധികവും പിശാച്ബാധ മൂലമാണ്.’
‘മേശയുടെ ഉള്ളില്‍ നാം അറിയാതെ ജിന്ന് കുടുങ്ങും. ചൂട് വെള്ളമൊഴിക്കുമ്പോള്‍ പിശാചിന്റെ ശരീരത്തില്‍ ആകും’ (മുജാഹിദ് വോയ്‌സ് 2002.ഡി). ഒരു വിഭാഗം ഇങ്ങനെ വിശ്വസിക്കുമ്പോള്‍ മറഞ്ഞ വഴിക്ക് യാതൊരു വിധ സ്വാധീനം ചെലുത്താനും ജിന്ന് പിശാചുക്കള്‍ക്ക് മാത്രമല്ല, പ്രവാചകരായ നബി(സ)ക്ക് പോലും സാധിക്കില്ലെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുന്നു!

നബി(സ) യുടെ തിരുശേഷിപ്പുകള്‍ മുഖേന ബറകത്ത് ലഭിക്കുമെന്ന് പഠിപ്പിക്കുന്ന നിരവധി നബിവചനങ്ങള്‍ ഉണ്ട്. നബി(സ)യുടെ തിരുകേശം മുക്കിയ വെള്ളം രോഗശമനത്തിന് സ്വഹാബികള്‍ ഉപയോഗിച്ചിരുന്നുവെന്ന് നബിവചനങ്ങളിലുണ്ട്. ഈ രോഗശമനം തീര്‍ത്തും മറഞ്ഞ വഴിയിലൂടെയാണല്ലോ. ഇത്തരം ഹദീസുകള്‍ മുഴുവന്‍ കണ്ണും ചിമ്മി നിരാകരിക്കും ഇക്കൂട്ടര്‍. ഇവിടെ കൗതുകകരമായ ഒരു സംഭവം നടന്നു. അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ‘തൗഹീദ്’ പണ്ഡിതനാണ് സി.പി ഉമര്‍ സുല്ലമി. അദ്ദേഹം ‘തൗഹീദി'(ഏകദൈവ വിശ്വാസം)നെ കുറിച്ച് സമഗ്രമായ ഒരു പുസ്തകം എഴുതി. 314 പേജുള്ള ഈ പുസ്തകം പ്രിന്റ് ചെയ്ത് അവരുടെ ബുക്ക് ഹൗസില്‍ എത്തിയപ്പോള്‍ തൗഹീദിന് നിരക്കാത്ത ബുഖാരിയിലെ വിവിധ ഹദീസുകള്‍ മൗലവി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ചെയ്തതെന്താണെന്നറിയുമോ? പേജ് 188 മുതല്‍ 193 വരെ ബ്ലേഡ് കൊണ്ട് കട്ട് ചെയ്ത് ശുദ്ധമായ തൗഹീദാക്കിയ ശേഷമാണ് വിതരണം ചെയ്യുന്നത്. ബ്ലേഡ് കൊണ്ട് കട്ട് ചെയ്തത് പുസ്തകത്തില്‍ കാണാം.
മുജാഹിദുകളെ യോജിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം അടിസ്ഥാനപരമായ അവരുടെ പ്രശ്‌നം കണ്ടെത്തി അതിന് ചികിത്സിക്കുകയാണ് മുജാഹിദ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.