2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മടങ്ങാം സമ്പൂര്‍ണമായി നാഥനിലേക്ക്

പല രാജ്യങ്ങളും അവിടുത്തെ ആഭ്യന്തര ജനങ്ങളെയും പുറത്ത്‌നിന്ന് എത്തിയ അഭയാര്‍ഥികളേയും പുറത്താക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ലോകത്ത്‌നിന്ന് മനുഷ്യരാശിയെ തന്നെ തുടച്ച് നീക്കിയേക്കാവുന്ന വൈറസിന്റെ പേരില്‍ നാം വിഹ്വലരായി നില്‍ക്കുന്നത്. മനുഷ്യന്റെ നിസ്സഹായത കൂടുതല്‍ വെളിവായ പ്രത്യേക കാലത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ശാസ്ത്ര പുരോഗതികളുടെ വളര്‍ച്ചയും മനുഷ്യന്റെ കണ്ടുപിടിത്തങ്ങളും അവനെ അഹങ്കാരിയായി തീര്‍ത്തപ്പോഴുള്ള ഒരു പിടിത്തമാണ് നിലവില്‍ സംഭവിച്ചിരിക്കുന്നത്. ലഭിച്ച സുഖ സൗകര്യങ്ങളില്‍ ആറാടുകയും സ്രഷ്ടാവിനെ മറക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവന്റെ നടപടിക്രമം സ്വീകരിച്ചിരിക്കുന്നു. ‘അവര്‍ക്കു നാം നല്‍കിയ ഉദ്‌ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്ന് കൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടതില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാം അവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീര്‍ന്നു (വിശുദ്ധ ഖുര്‍ആന്‍ 6: 44).
എല്ലാ കാലത്തും ആവര്‍ത്തിച്ചു വരുന്ന പ്രതിഭാസമാണ് പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും. എന്നാല്‍ ഇവയെ എല്ലാം ശിക്ഷകളായി വ്യാഖ്യാനിക്കുന്നതോ കേവല ശാസ്ത്രീയ വ്യാഖ്യാനങ്ങളില്‍ തളച്ചിടുന്നതോ യുക്തിയല്ല. മനുഷ്യര്‍ തീര്‍ത്തും നിസ്സഹായരായിപ്പോകുന്ന ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെല്ലാം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രവൃത്തികളാണ്. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്തും അല്ലാഹുവിന്റെ ഈ ദൃഷ്ടാന്തങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായനായി ഭയന്നു നില്‍ക്കാനേ മനുഷ്യന് കഴിയൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ നാഥനിലേക്ക് മടങ്ങുകയേ പരിഹാരമുള്ളൂ എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. നാം അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വില അപ്പോഴാണ് മനുഷ്യന് തിരിച്ചറിയാനാവുക.

ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ഓര്‍മപ്പെടുത്തലാണ്, സ്രഷ്ടാവിലേക്ക് മടങ്ങുന്നതിനുള്ള ഓര്‍മപ്പെടുത്തല്‍. ‘കുറച്ചൊക്കെ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്; അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരുമാണ്” (2:156). അഥവാ ഇവയെല്ലാം ഒരു തിരിച്ചുപോക്കിനുള്ള ഉണര്‍ത്തലാണെന്ന് ചുരുക്കം. എല്ലാ തലമുറയിലും ഇത് പോലുള്ള പരീക്ഷണങ്ങള്‍ വന്നിട്ടുണ്ട്. അരാജകത്വം താണ്ഡവമാടുമ്പോള്‍ ഇത് ഉഗ്രരൂപം പ്രാപിക്കും എന്നത് വാസ്തവം. സ്രഷ്ടാവിനെ മറന്നു കളിക്കുന്നവരെ ചങ്ങലയ്ക്കിടുകയാണ് സ്രഷ്ടാവ്.
ദുര്‍വൃത്തികളില്‍നിന്ന് അകന്നു നില്‍ക്കണമെന്ന് ഇസ്‌ലാം കര്‍ശനമായി ആവശ്യപ്പെടുന്നത് സമൂഹത്തെ ഇത്തരം മാരകരോഗങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കൂടിയാണ്. പ്രവാചകന്‍ നമ്മെ ഉണര്‍ത്തുകയുണ്ടായി: ‘ദുര്‍വൃത്തികള്‍ വ്യാപിക്കുന്ന ഒരു സമൂഹത്തെ അവരുടെ മുന്‍ഗാമികള്‍ക്കില്ലാത്ത മാരകരോഗങ്ങള്‍ പിടികൂടാതിരിക്കില്ല.’ നോവല്‍ കൊറോണ എന്നാണ് പുതിയ വൈറസിന്റെ നാമം. നോവല്‍ എന്ന് ഇങ്ങനെ വൈദ്യലോകം പ്രയോഗിക്കാറുള്ളത് മുമ്പ് പരിചയമില്ലാത്തത് എന്ന അര്‍ഥത്തിലാണ്. അത്തരം രോഗം ലൈംഗിക അരാജകത്വമുള്ള സമൂഹങ്ങളില്‍ പിടിപെടും എന്നത് നബി തിരുമേനി (സ) മുന്നറിയിപ്പ് തന്നതാണ്.

പ്രകൃതി പ്രതിഭാസങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുന്ന മുറയ്ക്ക് മതവിശ്വാസികളുടെ മേല്‍ കുതിര കയറുക എന്നത് ചിലര്‍ക്ക് ഹരമാണ്. വസ്തുതകളെ മനസ്സിലാക്കാത്ത അല്‍പജ്ഞാനികളാണവര്‍. ശാസ്ത്രം മതവിരുദ്ധമാണെന്ന് വരുത്തലാണവരുടെ താല്‍പര്യം. പ്രകൃതി പ്രതിഭാസങ്ങളുടെ പൂര്‍ണ നിയന്ത്രണം സ്രഷ്ടാവിന്റെ പക്കലാണ്. ‘അല്ലാഹു നിനക്ക് വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അത് തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു” (10:107).
പള്ളികളില്‍ പൂര്‍ണമായ രൂപത്തില്‍ ആരാധന നിര്‍വഹിക്കപ്പെടുന്നത് തടയപ്പെടുന്ന സാഹചര്യം വന്നു ചേര്‍ന്നിരിക്കുകയാണ്. ഇന്ന് ജീവിതത്തില്‍ ആദ്യമായി ജുമുഅ മുടങ്ങുന്നതില്‍ വേദനിക്കുന്നവരാണ് നാം.പക്ഷെ അത് സ്രഷ്ടാവിന്റെ തീരുമാനമാണ്. ‘നിങ്ങള്‍ വെറുക്കുന്ന കാര്യം നിങ്ങള്‍ക്ക് ഗുണകരമായി ഭവിച്ചേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് ദോഷകരമായി എന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല” (2: 216). ഇതാണ് ഇതിനെ സംബന്ധിച്ച് വിശ്വാസികളുടെ കാഴ്ചപ്പാട്. ഏത് കാലത്തും എങ്ങനെ ജീവിക്കണമെന്നും ആരാധനകളോട് എങ്ങനെ സമീപനം പുലര്‍ത്തണമെന്നും പകര്‍ച്ച വ്യാധികളുടെയും പ്രതിസന്ധികളുടെയും കാലത്ത് മതനിയമങ്ങള്‍ എങ്ങനെയായിരിക്കണമെന്നും ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. മതനിയമങ്ങള്‍ പണ്ഡിതന്മാര്‍ പറയുമ്പോള്‍ ഈ പ്രതിസന്ധിക്കാലത്തും വ്രണമുണ്ടാക്കാന്‍ നടക്കുന്ന ചിലര്‍ അതിനെ പരിഹസിച്ചു നടക്കുന്നത് കാണാം. മുസ്‌ലിം നാമധാരികള്‍പോലും ഈ ഗണത്തിലുണ്ട് എന്നത് ഖേദകരമാണ്. അവര്‍ക്ക് അവസരം ലഭിച്ചാല്‍ പണ്ഡിതന്മാരെയും പണ്ഡിത പ്രസ്ഥാനത്തെയും അപഹസിക്കലാണ് പണിയെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അവരെ അവരുടെ പാട്ടിന് വിടുക. നമുക്ക് ഇവിടെ ധാരാളം കര്‍മങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

ലോക്ഡൗണ്‍ കാരണം ധാരാളം ഒഴിവ് സമയം നമുക്ക് ലഭിച്ചിട്ടുണ്ട്. അത് മൊബൈലിലും ഇന്റര്‍നെറ്റിലും അഭിരമിച്ച് നശിപ്പിക്കരുത്. വീട്ടംഗങ്ങളോടൊപ്പം ജമാഅത്തായിട്ട് നിസ്‌കാരം നിര്‍വഹിക്കണം. ഖുര്‍ആന്‍ ഖത്മുകള്‍ തീര്‍ക്കാനും ദിക്‌റുകള്‍, ഹദ്ദാദ് റാതീബുകള്‍, മൗലിദുകള്‍ എന്നിവയ്ക്ക് ധാരാളം സമയമുണ്ട്. അതെല്ലാം നാം ആ രൂപത്തില്‍ തന്നെ ചെലവഴിക്കണം. ഒഴിവ് സമയം ഇല്ലാത്തതിനാലാണ് ആരാധനകള്‍ നിര്‍വഹിക്കാതിരുന്നത് എന്ന് പറയാന്‍ ന്യായമില്ലാത്ത വിധം നാം ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

ഈ അവസരത്തില്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിക്കാനും ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിക്കാനും ശ്രദ്ധയുണ്ടാക്കണം. ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും സഹായിക്കാനും നമുക്ക് സാധിക്കണം. അതിന് സര്‍ക്കാറിന്റെ പദ്ധതികളുമായി അവരെ ബന്ധപ്പെടുത്താന്‍ ശ്രമിക്കണം. രോഗികള്‍ക്ക് മരുന്ന് എത്തിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാനും നമ്മുടെ ശ്രദ്ധയുണ്ടാവണം. സ്വദഖകളില്‍ നിന്ന് ഏറ്റവും ഉത്തമമായത് അത് ആവശ്യമുള്ള സമയത്ത് നല്‍കലാണ് എന്ന് മറക്കരുത്.

പരസ്പര വിദ്വേഷവും പകയും മനുഷ്യനെ കൂടുതല്‍ മലിനപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെ ജീവിതം പ്രതിസന്ധിയുണ്ടാക്കുന്ന രൂപത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ എല്ലാ ദുഷ്ചിന്തകളില്‍ നിന്നും മനസ്സ് സംസ്‌കരിച്ചെടുക്കാന്‍ സാധിക്കണം. സഹജീവികളുടെ വിഷമം കാണുന്നതിനും പരിഹരിക്കുന്നതിനും ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തണം. സ്രഷ്ടാവിന്റെ പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും മതവിശ്വാസം മുറുകെ പിടിച്ച് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. സമാഗതമായ ശഅ്ബാന്‍ ഇതിനായി വിനിയോഗിക്കുക. പരീക്ഷണ കാലത്തും ദുര്‍വൃത്തികളില്‍ മുഴുകുന്നവന്‍ കടുത്ത അപരാധിയാണെന്ന് മറക്കരുത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.