2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി; 16 ചാർട്ടേർഡ് വിമാനങ്ങളിലൂടെ 2939 യാത്രക്കാരെ നാട്ടിലെത്തിച്ച് ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി

    ജിദ്ദ: കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരേയും ജീവിതം വഴിമുട്ടിയവരേയും സന്ദർശക വിസയിലെത്തിയവരേയും രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയും അടിയന്തിര സാഹചര്യങ്ങളിലുള്ളവരേയും അടക്കം നിരവധി പേരെ നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർഥ്യത്തിൽ ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി. കേന്ദ്ര ഗവണ്‍മെന്റിന്റെ വന്ദേ ഭാരത് വിമാനങ്ങൾ വഴി ജിദ്ദയിൽ നിന്നും നാമമാത്രമായതോടെ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നാടണയാൻ കഴിയുകയുള്ളു എന്ന‍ യാഥാർഥ്യം മനസിലാക്കിയാണ് വിമാനം കാത്തിരിക്കുന്നവരുടെ ഉയർന്ന എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞ് ജില്ലാ കെഎംസിസി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്രാ സൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.

     ജില്ലാ കെഎംസിസി നേരിട്ട് കണ്ടെത്തിയവരിൽ നിന്ന് 6 വിമാനങ്ങളിലൂടെ 1334 യാത്രക്കാരും, മറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ 10 വിമാനങ്ങളിലായി 1605 യാത്രക്കാരും ഉൾപ്പെടെ 2939 യാത്രക്കാരെ ഇത് വരെ കോഴിക്കോട് എയർ പോർട്ടിലെത്തിക്കാൻ കഴിഞ്ഞതായും സംസ്ഥാന ഗവൺമെന്റിൽ നിന്നും 20 വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി നേടിത്തരുന്നതിൽ സഹായിച്ച പ്രതിപക്ഷ ഉപ നേതാവ് എം.കെ. മുനീർ എം.എൽ.എ സുഗമമായ നടത്തിപ്പിന് വേണ്ട ഇടപെടലുകൾ നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.  ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്നദ്ധ സേവക കൂട്ടായ്മ ജിദ്ദയിൽ നിന്നും ഇത്രയും ആളുകളെ ഒരുമിച്ച് നാട്ടിലെത്തിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമായിരുന്നെന്നും ദൗത്യത്തിനിടക്ക് കടന്ന് വന്ന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും തുടക്കം മുതൽ കൂടെ നിന്ന് പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്ത സെൻട്രൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ വി.പി. മുസ്തഫ, നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ഡോ: കാവുങ്ങൽ മുഹമ്മദ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

      മുഴുവന്‍ യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ വസ്ത്രങ്ങള്‍, മാസ്‌ക്, ഗ്ലൗസ്, സേഫ്റ്റി ഷീല്‍ഡ്, സാനിറ്റൈസർ തുടങ്ങിയവ നല്‍കി പൂർണ്ണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു യാത്ര ഒരുക്കിയത്. മലപ്പുറം ജില്ല കെഎംസിസിയുടെ സന്നദ്ധ വളണ്ടിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും കൂടെയുണ്ടായിരുന്നു. പ്രയാസപ്പെടുന്ന ധാരാളം ആളുകള്‍ ഇനിയും നാടണയാനുണ്ട്. കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണം. കൂടുതല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണമെന്നും വരും ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ യാത്രക്കാർ എംബസി രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.

     ചര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഔദ്യോഗിക അനുമതി ഒരുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലൻ, ചെയർമാൻ ബാബു നഹ്‌ദി, ആക്റ്റിംഗ് സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, ജുനൈസ് കെ.ടി. എന്നിവരും കുറ്റമറ്റ മിഷൻ പ്രവർത്തനങ്ങളുമായി ആക്റ്റിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അഷ്‌റഫ് വി.വി, അബ്ബാസ് വേങ്ങൂർ, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട എന്നിവർ ഒരു മാസത്തിലേറെയായി അഹോരാത്രം പ്രവർത്തിച്ചതിനാലും 20 അംഗ എക്സിക്യൂഷൻ ടീമിന്റേയും വളണ്ടിയർമാരുടേയും ചിട്ടയാർന്ന പ്രവർത്തനവുമാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന ഈ ദൗത്യം പരാതികൾക്കോ പരിഭവങ്ങൾക്കോ ഇടം നൽകാതെ പൂർത്തീകരിക്കാനായതെന്ന് ഭാരവാഹികൾ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.