2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജാര്‍ഖണ്ഡിലെ തബ്‌റിസ് അന്‍സാരിയുടെ കൊലപാതകം: പൊലിസ് രേഖയില്‍ ജയ്ശ്രീറാം വിളിയോ മര്‍ദ്ദനമോ ഇല്ല; ബൈക്ക് മോഷ്ടിച്ചതായി ‘കുറ്റസമ്മത’വും

റാഞ്ചി: ജാര്‍ഖണ്ഡിലെ തബ്‌റിസ് അന്‍സാരിയെ ജയ്ശ്രീറാം വിളിപ്പിച്ച് സംഘ്പരിവാര്‍ അക്രമിക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പൊലിസ് തയ്യാറാക്കിയ ഇരയുടെ ‘മൊഴി’ വിവാദമാവുന്നു. ഇരയുടേതെന്നു പൊലിസ് പറയുന്നു മൊഴിയില്‍ ജയ്ശ്രീറാം വിളിയോ ആള്‍ക്കൂട്ട മര്‍ദ്ദനമോ ഇല്ല. പകരം, താന്‍ ബൈക്ക് മോഷ്ടിച്ചെന്ന് തബ്‌റിസ് അന്‍സാരി ‘കുറ്റസമ്മതം’ നടത്തിയെന്നും പൊലിസ് പറയുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സരൈകല പൊലിസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയിലാണ് ആക്രമണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തത്. പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും ബൈക്ക് മോഷണത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. ജയ്ശ്രീറാം വിളിപ്പിച്ചതും സംഘം ചേര്‍ന്ന് മര്‍ദിച്ചു കൊന്നതും ഇല്ല. ‘സുഹൃത്തുക്കളായ നുമൈര്‍, ഇര്‍ഫാന്‍ എന്നിവര്‍ക്കൊപ്പം രജിസ്‌ട്രേഷനില്ലാത്ത ബൈക്ക് ഗ്രാമത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചു’ എന്നാണ് അന്‍സാരിയുടെ മൊഴിയായി പൊലിസ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്‍സാരിയുടെതായി പൊലിസ് പുറത്തുവിട്ട മൊഴിയില്‍ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തുവന്നതോടെയാണ് പൊലിസ് നടപടി വിവാദമായത്. രാജ്യം മുഴുവനായി കണ്ട ആക്രമണത്തെ കുറിച്ച് എന്തുകൊണ്ടാണ് പൊലിസ് പരാമര്‍ശിക്കാതിരുന്നതെന്ന് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്റെ അനന്തിരവന്‍ അന്‍സാരി മര്‍ദ്ദനമേറ്റ് അവശനായി കാണപ്പെട്ടുവെന്നും അദ്ദേഹം അത്തരത്തില്‍ മൊഴി നല്‍കിയെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവന്‍ മഖ്‌സൂദ് ആലം പറഞ്ഞു. ഇത്രയും മാരകമായി മര്‍ദ്ദനമേറ്റ അന്‍സാരിയെ പൊലിസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അന്‍സാരി ശനിയാഴ്ച്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് പൊലിസ് പറയുന്നത്.

 

ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഖാരസവാന്‍ സ്വദേശിയായ അന്‍സാരിയേയും മറ്റ് രണ്ടുപേരേയും അക്രമിക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനൊപ്പം ഇവരെ നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ വിളിപ്പിക്കുകയും ചെയ്തു. അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ട് ചവിട്ടുന്നതിന്റെയും അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. പൊലിസെത്തി അന്‍സാരിക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അവശനായ അന്‍സാരിയെ ശനിയാഴ്ച്ചയാണ് പൊലിസ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ അഫ്‌സല്‍ അനീസ് ആരോപിച്ചു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ അന്വേഷണ വിധേയമായി രണ്ട് പൊലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു. സംഭവം പാര്‍ലമെന്റില്‍ ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. രാജ്യത്ത് ഓരോ ആഴ്ചയിലും ദലിതനും മുസ്ലിമും കൊല്ലപ്പെടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Jharkhand attack: Police recorded Tabrez Ansari’s ‘confession’ on bike theft, did not mention assault


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News