2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ജീപ്പിന്റെ പുതിയ മോഡല്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍


സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് അല്‍പം വമ്പന്‍മാരാണ്. ഈ അടിത്തറ കൂടുതല്‍ ഭദ്രമാക്കാന്‍ ജീപ്പ് പുറത്തിറക്കുന്ന പുതിയ മോഡലാണ് ഗ്രാന്‍ഡ് കമാന്‍ഡര്‍. ഈ വര്‍ഷം എപ്രിലില്‍ നടക്കുന്ന 2018 ബീജിങ് ഓട്ടോ ഷോയില്‍ കമാന്‍ഡര്‍ ആഗോള പ്രദര്‍ശനത്തിനെത്തും.

ഇതിന് മുന്നോടിയായി ചൈനയില്‍ ഗ്രാന്‍ഡ് കമാന്‍ഡറിനെ ജീപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നേരത്തെ യുന്റു എന്ന പേരില്‍ ഷാന്‍ഹായി മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നാണ് കമാന്‍ഡറിന്റെ പിറവി.

ജീപ്പ് നിരയിലെ ഗ്രാന്‍ഡ് ചെറോക്കിക്ക് സമാനമായ ഡിസൈനും രൂപവും പുതിയ എസ്.യു.വിയിലും പ്രതിഫലിക്കും. ആഗോള വിപണിയില്‍ റേഞ്ച് റോവര്‍, മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍എസ് എന്നീ വമ്പന്‍മാരോടാണ് കമന്‍ഡറിന്റെ ഏറ്റുമുട്ടല്‍. ജീപ്പിന്റെ മുഖമുദ്രയായ 7 സ്ലോട്ട് ക്രോം ഗ്രില്‍ കമാന്‍ഡറിലും അതുപോലെ തുടരും. നിലവില്‍ ഇന്ത്യയില്‍ ജനപ്രിയനായ ജീപ്പ് കോമ്പസിനേക്കാള്‍ 478 എംഎം നീളവും 74 എംഎം വീതിയും 98 എംഎം ഉയരവും 164 എംഎം വീല്‍ബേസും കമാന്‍ഡറിന് കൂടുതലുണ്ട്.

അത്യാഡംബരം നിറഞ്ഞതാണ് അകത്തളം. ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ രണ്ടു വകഭേദങ്ങളില്‍ ആള്‍വീല്‍ ഡ്രൈവ്, ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനില്‍ വാഹനം വിപണിയിലെത്തും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കമാന്‍ഡറിന് കരുത്തേകുക. 270 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ജീപ്പിന്റെ പുതിയ റാങ്ക്‌ളര്‍ അധികം വൈകാതെ ഇന്ത്യയിലെത്തുമെങ്കിലും കമാന്‍ഡര്‍ ഇങ്ങോട്ടെത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ കമ്പനി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.